മുംബൈ: ബോളിവുഡിന്റെ സ്വന്തം ഹീമാൻ എന്നറിയപ്പെടുന്ന നടനാണ് ധര്‍മ്മേന്ദ്ര ഡിയോള്‍. ഏകദേശം 6 പതിറ്റാണ്ടായി അദ്ദേഹം സിനിമയിലെത്തിയിട്ട്. രണ്ട് തവണ വിവാഹിതനായ അദ്ദേഹം തന്റെ ആദ്യഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയിട്ടില്ല. തന്റെ രണ്ടു ഭാര്യമാരെയും ജീവിതകാലം മുഴുവന്‍ നിലനിര്ത്തിക്കൊണ്ടുപോകുകയാണ് അദ്ദേഹം. സിനിമയിലേക്ക് എത്തുന്നതിന് മുമ്പായിരുന്നു ധര്‍മ്മേന്ദ്രയുടെ ആദ്യ വിവാഹം.
പ്രകാശ് കൗറിനെയായിരുന്നു അദ്ദേഹം ആദ്യം വിവാഹം കഴിച്ചത്. 1954ല്‍ ആയിരുന്നു ഇത്. ധര്‍മ്മേന്ദ്ര-പ്രകാശ് ദമ്പതികള്‍ക്ക് നാല് മക്കളാണ് ഉള്ളത്. അജയ് സിംഗ്, വിജയ് സിംഗ്, വിജേത ഡിയോള്‍, അജേതാ ഡിയോള്‍ എന്നിവരാണ് ഇവരുടെ മക്കള്‍. അജയ് സിംഗ് ആണ് പിന്നീട് സണ്ണി ഡിയോള്‍ എന്ന പേരില്‍ ബോളിവുഡില്‍ രംഗപ്രവേശം നടത്തിയത്. പിതാവിന്റെ വഴി പിന്തുടര്ന്ന് വിജയ് സിംഗും ബോളിവുഡിലെത്തിയിരുന്നു. ബോബി ഡിയോള്‍ എന്ന പേരിലാണ് ഇദ്ദേഹം ബോളിവുഡില്‍ തിളങ്ങിയത്.
ധര്‍മ്മേന്ദ്ര രണ്ടാമത് വിവാഹം കഴിച്ചത് ബോളിവുഡ് താരം ഹേമമാലിനിയെ ആണ്. 1980 മെയ് രണ്ടിന് ആയിരുന്നു വിവാഹം. ധര്‍മ്മേന്ദ്ര-ഹേമമാലിനി ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്. ഇഷ ഡിയോളും അഹാന ഡിയോളും. സണ്ണി ഡിയോളാണ് ധര്‍മ്മേന്ദ്രയുടെ മക്കളില്‍ ഏറ്റവും മൂത്തയാള്‍. 1956 ഒക്ടോബര്‍ 19നാണ് ഇദ്ദേഹം ജനിച്ചത്. പൂജ ഡിയോളാണ് ഇദ്ദേഹത്തിന്റെ ഭാര്യ. ഇവര്‍ക്ക് രണ്ട് മക്കളാണുള്ളത്. കരണും രാജ്വീറും. പല് പല് ദില്‍ കെ പാസ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ തന്റെ മുഖം കാണിച്ചയാളാണ് കരണ്‍.
ധര്‍മ്മേന്ദ്രയുടെ രണ്ടാമത്തെ മകനായ ബോബി ഡിയോള്‍ വിവാഹം കഴിച്ചത് തന്റെ കുട്ടികാലം മുതലുള്ള സുഹൃത്തായ താനിയ അഹൂജയെയാണ്. രണ്ട് ആണ്‍കുട്ടികളാണ് ഈ ദമ്പതികള്‍ക്കുള്ളത്. ആര്യമാന്, ധരം എന്നിങ്ങനെയാണ് ഇവരുടെ പേരുകള്‍. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ് താനിയ അഹൂജ. ബോബിയ്ക്കും സണ്ണിയ്ക്കും രണ്ട് സഹോദരിമാര്‍ കൂടിയുണ്ട്. വിജേത, അജേതാ എന്നിങ്ങനെയാണ് അവരുടെ പേരുകള്‍. അമ്മ പ്രകാശ് കൗറിനെപ്പോലെ ബോളിവുഡിന്റെ വെള്ളിവെളിച്ചത്തില്‍ നിന്ന് ഒതുങ്ങി ജീവിക്കുന്നവരാണ് ഇരുവരും. ഇരുവരും കാലിഫോണിയയില്‍ ആണെന്നാണ് ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
Also read- BTS താരം ജങ്കൂക്കിന് എന്തു പറ്റി? അമ്പരന്ന് ആർമി
ധര്‍മ്മേന്ദ്ര-ഹേമമാലിനി ദമ്പതികളുടെ മൂത്തമകളാണ് ഇഷ ഡിയോള്‍. 1982, നവംബര്‍ 2നാണ് ഇഷ ജനിച്ചത്. 2002ല്‍ പുറത്തിറങ്ങിയ കോയ് മേരെ ദില്‍ സെ പൂചോ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചയാളാണ് ഇഷ. 2012ലായിരുന്നു ഇഷയുടെ വിവാഹം. ബിസിനസ്സുകാരനായ ഭരത് തക്താനിയെയാണ് ഇഷ വിവാഹം കഴിച്ചത്. ഒരു ഒഡ്ഡിസി നര്‍ത്തകിയാണ് ധര്‍മ്മേന്ദ്ര-ഹേമമാലിനി ദമ്പതികളുടെ ഇളയമകളായ അഹാന. 2014ല്‍ അഹാന വൈഭവ് കുമാര്‍ എന്ന ബിസിനസ്സുകാരനെ വിവാഹം കഴിച്ചിരുന്നു.
ബോളിവുഡില്‍ ഒരു കാലത്ത് തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ധര്‍മ്മേന്ദ്ര. 1935 ഡിസംബര്‍ എട്ടിനാണ് അദ്ദേഹം ജനിച്ചത്. പഞ്ചാബിലെ ഫാഗ്വര നഗരത്തിലാണ് ധര്‍മ്മേന്ദ്ര ജനിച്ചത്. ഫിലിം ഫെയര്‍ മാഗസീന്റെ ന്യൂ ടാലന്റ് മത്സരത്തില്‍ വിജയിയായ അദ്ദേഹം സിനിമമോഹവുമായി മുംബൈയിലേക്ക് ചേക്കേറുകയായിരുന്നു. പിന്നീട് 1960കളിലാണ് ബോളിവുഡില്‍ അദ്ദേഹം തന്റെ കരിയര്‍ പടുത്തുയര്‍ത്തുന്നത്. ദില്‍ ഭി തേരാ ഹം ഭി തേരാ എന്ന ചിത്രത്തിലൂടെയാണ് ധര്‍മ്മേന്ദ്ര ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.