തിരുവനന്തപുരം: ലുട്ടാപ്പി ഫാൻസുകാർ ഒന്നടങ്ങിയപ്പോൾ എല്ലാ തീർന്നെന്ന് വിചാരിച്ചതാണ് ഡിങ്കിനി. എന്നാൽ, അതൊരു തുടക്കം മാത്രമായിരുന്നെന്ന് ഡിങ്കിനി, ലുട്ടാപ്പിയുടെ ഭാഷയിൽ പറഞ്ഞാൽ 'പച്ചത്തവള', ഇപ്പോൾ മനസിലാക്കുന്നു. പുതുതായി ഡിങ്കിനിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത് മായാവി ഫാൻസോ രാജുവിന്റെയും രാധയുടെയും കുടുംബക്കാരല്ല. സാക്ഷാൽ കേരള പൊലീസാണ്.
ഇമ്മാതിരി കളിയുമായിട്ടാണ് ഇങ്ങോട്ട് വരുന്നതെങ്കിൽ എത്രയും പെട്ടെന്ന് അങ്കത്തട്ടിൽ നിന്ന് സ്ഥലം കാലിയാക്കുന്നതാണ് നല്ലതെന്നാണ് പൊലീസിന്റെ നിർദ്ദേശം. കുറച്ചു കടുപ്പത്തിൽ തന്നെയാണ് ഡിങ്കിനിക്ക് കേരള പൊലീസ് ശാസന നൽകിയിരിക്കുന്നത്.
ലുട്ടാപ്പി എവിടെപ്പോയി? ഡിങ്കിനി പകരക്കാരിയോ? വിവാദം പുകയുന്നുകാര്യം വളരെ സീരിയസാണ്. ലുട്ടാപ്പി സീറ്റ് ബെൽറ്റ് ഇട്ടാണ് കുന്തത്തിൽ പോകുന്നത്. എന്നാൽ, പുതുതായി എത്തിയ ഡിങ്കിനി റാഷ് ഡ്രൈവിന്റെ ആളാണെന്നാണ് പൊലീസ് പറയുന്നത്. റാഷ് ഡ്രൈവ് ചെയ്യുന്ന ഡിങ്കിനിയെ വെച്ചാണ് മുന്നോട്ട് പോകാൻ ഉദ്ദേശമെങ്കിൽ അത് അനുവദിക്കാൻ കഴിയില്ലെന്നാണ് കുട്ടൂസനെയും ഡാകിനിയെയും മായാവിയെയും വിക്രമനെയും വിളിച്ചു ചേർത്ത് നടത്തിയ യോഗത്തിൽ പൊലീസ് വ്യക്തമാക്കിയത്.
ഡിങ്കിനിക്ക് സീറ്റ് ബെൽറ്റ് ഇടാൻ ഉദ്ദേശമില്ലെങ്കിൽ എത്രയും പെട്ടെന്ന് കേരളത്തിൽ നിന്നു തന്നെ സ്ഥലം വിട്ടോളാനാണ് കേരള പൊലീസ് നൽകുന്ന നിർദ്ദേശം.
വാർത്താക്കഷണം: സീറ്റ് ബെൽറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്താനായിരുന്നു കേരള പൊലീസ് ഈ ട്രോൾ പോസ്റ്റുമായി രംഗത്തെത്തിയത്. ഏതായാലും കേരള പൊലീസിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റിന് വൻ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. പോസ്റ്റിട്ട് അര മണിക്കൂറിനുള്ളിൽ 1000ത്തിനു മുകളിൽ ഷെയർ ആണ് ലഭിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.