• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ഉച്ചാരണത്തിലല്ല പ്രവർത്തിയിലാണ് കാര്യം'; അന്ന് 'വെറുതെ സ്കൂളിൽ പോയെന്നു' പറഞ്ഞ ജൂഡ് ആന്റണിയുടെ മാറ്റം

'ഉച്ചാരണത്തിലല്ല പ്രവർത്തിയിലാണ് കാര്യം'; അന്ന് 'വെറുതെ സ്കൂളിൽ പോയെന്നു' പറഞ്ഞ ജൂഡ് ആന്റണിയുടെ മാറ്റം

Director Jude Antony Joseph lauds minister K.K. Shailaja for her performance | കാലം കുറെ കഴിഞ്ഞപ്പോൾ വിദ്യാഭ്യാസത്തിലും ഉച്ചാരണത്തിലുമല്ല കാരണമെന്ന് ജൂഡും തിരിച്ചറിഞ്ഞു എന്ന് കരുതാം

ജൂഡ് ആന്റണി ജോസഫ്, കെ.കെ. ശൈലജ

ജൂഡ് ആന്റണി ജോസഫ്, കെ.കെ. ശൈലജ

  • Share this:
    കോവിഡ് പ്രതിരോധത്തിൽ ലോകത്തിന് തന്നെ മാതൃകയാവുകയാണ് കേരളം. അതിനാൽ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കും ലോകമെമ്പാടും നിന്നും അഭിനന്ദനങ്ങളുടെ പ്രവാഹം തന്നെയാണ്. നാനാ മേഖലയിലെ പ്രമുഖർ ഇതിനോടകം തന്നെ നേതാക്കളെ അഭിനന്ദിച്ചു കഴിഞ്ഞു. ഇതിൽ ഏറ്റവും പുതിയതാണ് 'ഓം ശാന്തി ഓശാന'യിലൂടെ സംവിധായകനായ സംവിധായകൻ ജൂഡ് ആന്റണിയുടെ പോസ്റ്റ്. ബി.ബി.സി.തത്സമയത്തിൽ പങ്കെടുത്ത ആരോഗ്യ മന്ത്രിയെ പ്രകീർത്തിച്ചു കൊണ്ട് ജൂഡ് ഇങ്ങനെ കുറിക്കുന്നു:

    "മലയാളികളുടെ ഇംഗ്ലീഷ് പ്രൊനൻസിയേഷനെ പുച്ഛിച്ചു മല്ലൂസ് എന്നൊരു വിളിയുണ്ടായിരുന്നു . മലയാളം മീഡിയം വിദ്യാർത്ഥിയായിരുന്ന ഞാൻ അത്തരം കളിയാക്കലുകൾ കുറെ കേട്ടിട്ടുണ്ട് .ഇപ്പോൾ ഷൈലജ ടീച്ചറുടെ ബിബിസി ഇന്റർവ്യൂ കണ്ടു. ഭാഷയുടെ ഉച്ചാരണത്തിലല്ല കാര്യം , പ്രവർത്തിയിലാണ് .
    # ഷൈലജടീച്ചർഅഭിമാനം," ജൂഡ് കുറിച്ചു.



    ഈ അവസരത്തിലാണ് ഇതേ ജൂഡ് ആന്റണിയുടെ പഴയൊരു ഫേസ്ബുക് പരാമർശം ഓർമ്മയിലെത്തുന്നത്.

    2016 നവംബർ 22 ന് എം.എം. മണി പിണറായി വിജയൻ മന്ത്രിസഭയിൽ അംഗമായ സമയത്ത് 'വെറുതെ സ്കൂളിൽ പോയി' എന്നായിരുന്നു ജൂഡ് ഫേസ്ബുക്കിൽ കുറിച്ചത്. ആരെയും പേരെടുത്ത് പരാമർശിച്ചില്ല. എന്നാൽ അഞ്ചാം ക്‌ളാസുകാരനായ മണിയാശാനെയാണ് 'കവി ഉദ്ദേശിച്ചത്' എന്ന് 'അരിയാഹാരം കഴിക്കുന്ന' നെറ്റിസൺസിന് മനസിലായി. അധികം വൈകാതെ സംവിധായകന്റെ പോസ്റ്റിനു താഴെ പൊങ്കാലയുടെ പ്രളയമായി.



    തുടർന്ന് മണിയാശാന്റെ തന്നെ പ്രതികരണവുമെത്തി. സംവിധാനം പോലെയല്ല സിനിമയെന്നും സിനിമാപിടുത്തം ലാഭമുണ്ടാക്കാനുള്ള ബിസിനസ് എന്നിരിക്കെ, രാഷ്ട്രീയം തീർത്തും വ്യത്യസ്തമായ കാര്യമാണ്. രാഷ്ട്രീയം ത്യാഗോജ്വലമാണ്. അൻപത് വർഷത്തെ രാഷ്ട്രീയ അനുഭവമുള്ള തനിക്ക് ഒരു സംവിധായകന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും പറഞ്ഞ മന്ത്രി മണി അത്തരം പ്രതികരണങ്ങളുടെ വായടപ്പിച്ചു.

    എന്തായാലും കാലം കുറെ കഴിഞ്ഞപ്പോൾ നേതാക്കളുടെ വിദ്യാഭ്യാസത്തിലും ഉച്ചാരണത്തിലുമല്ല അവരുടെ പ്രവർത്തിയിലാണ് കാര്യമെന്ന് ജൂഡും തിരിച്ചറിഞ്ഞു എന്ന് കരുതാം.

    കേരളത്തെ നടുക്കിയ 2018ലെ പ്രളയത്തെ ആസ്പദമാക്കി ചെയ്യുന്ന 2403 ഫീറ്റ് എന്ന ചിത്രമാണ് ജൂഡ് ആന്റണിയുടെ ഏറ്റവും പുതിയ സിനിമ. ഇതിന്റെ ചിത്രീകരണം നടന്നുവരികയായിരുന്നു.

    Published by:user_57
    First published: