നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'മകൻ മരിച്ചുപൊയെന്ന് അറിയിച്ചുകൊണ്ട് അഛനായ മനുഷ്യൻ'; മകന്‍റെ വിയോഗത്തിൽ മനംനൊന്ത യെച്ചൂരിയെ കുറിച്ച് സംവിധായകൻ രഘുനാഥ് പലേരി

  'മകൻ മരിച്ചുപൊയെന്ന് അറിയിച്ചുകൊണ്ട് അഛനായ മനുഷ്യൻ'; മകന്‍റെ വിയോഗത്തിൽ മനംനൊന്ത യെച്ചൂരിയെ കുറിച്ച് സംവിധായകൻ രഘുനാഥ് പലേരി

  മകൻ പിറക്കുമ്പോൾ അഛനാകേണ്ടയാൾ മകൻ മരിച്ചപ്പോൾ അഛനായിരുന്നെന്നറിഞ്ഞ് മാത്ര നേരം വല്ലാതെ വിഷമിച്ചുപോയി

  Sitaram_Yechuri(

  Sitaram_Yechuri(

  • Share this:
   തിരുവനന്തപുരം: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍റെ വിയോഗത്തെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി സംവിധായകനും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി. 'എനിക്കൊരു മകൻ പിറന്നു വെന്ന് പറഞ്ഞല്ല, മരിച്ചുപൊയെന്ന് അറിയിച്ചുകൊണ്ടാണ് അദ്ദേഹം എനിക്കു മുന്നിൽ അഛനായത്. മകൻ പിറക്കുമ്പോൾ അഛനാകേണ്ടയാൾ മകൻ മരിച്ചപ്പോൾ അഛനായിരുന്നെന്നറിഞ്ഞ് മാത്ര നേരം വല്ലാതെ വിഷമിച്ചുപോയി' - രഘുനാഥ് പലേരി ഫേസ്ബുക്കിൽ കുറിപ്പിൽ പറയുന്നു.

   രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം

   അഛൻ മകൻ മകൾ ബന്ധത്തെക്കുറിച്ചുള്ള ഉത്തമ സങ്കൽപ്പം ഈ ജന്മം എന്നിൽ ജനിപ്പിച്ചത് അഛൻ തന്നെയാണ്. ഈശ്വര സങ്കൽപ്പംപോലും എനിക്കതിനും എത്രയോ താഴെയുള്ളൊരു ഫാൻറസി പ്രതലം മാത്രം. അമ്മയെന്ന അനന്ത വിസ്മയത്തോട് ഏറ്റവും ചേർന്നു നിൽക്കുന്നതാകട്ടെ രാജ്യമെന്ന സത്യമാണ്. എൻറെ അമ്മ. എൻറെ രാജ്യം. എനിക്കൊപ്പം പിറന്നവർ എൻറെ മക്കൾ. എനിക്കു ചുറ്റുമുള്ള അഛനമ്മമാരുടെ മക്കൾ എന്നതെല്ലാം ജീവിക്കാനും പ്രവർത്തിക്കാനുമുള്ള മനഃശ്ശക്തിയുടെ ഊർജദായക സ്രോതസ്സുകളാണ്. അഛനെക്കുറിച്ച് പലപ്പോഴും എഴുതാറുണ്ട്. അഛനെ ലഭിക്കുക പുണ്യമാണ്. വരദാനമാണ്. അനുഗ്രഹവും ഐശ്വരവുമാണ്. അതുപോലെ ശ്രീ നിറഞ്ഞതാണ് മകനെയും മകളെയും ലഭിക്കുന്നതും. അവർ പിറക്കുമ്പോഴാണ് അയാൾ അഛനാകുന്നത്. അപ്പോൾ ആദ്യം പിറക്കുന്നത് മകനോ മകളോ ആണ്. മകനോ മകളോ ആണ് മുൻപിൽ. അഛൻ പിറകിലാണ്. അപ്പോഴും അഛനെ മുന്നിൽ നിർത്തിയാണ് ദേശവും ജനതയും മകനെയും മകളെയും കാണുന്നത്. പിറന്ന ശേഷം അഛനാക്കി മാറ്റിയത് നല്ലൊരു മനുഷ്യനെ അല്ല എന്നറിയുന്ന കുഞ്ഞിൻറെ ദുഃഖത്തെ ഓർക്കാൻപോലും വയ്യ. അങ്ങിനെ ദുഃഖിക്കുന്ന അനവധി മനസ്സുകളുണ്ട് ഏതൊരു രാജ്യത്തും. അഛനെയും അമ്മയെയും കുറിച്ചെഴുതിയത് വായിച്ചനുഭവിച്ച്, ഇങ്ങിനെയൊന്നും ഒരു പുത്ര പുത്രീ ജീവിതമില്ലെന്ന് എത്രയോ പേർ എന്നോട് പറഞ്ഞിട്ടുണ്ട്. അവർ പറഞ്ഞു തരുന്ന അവരുടെ അഛനെ എനിക്ക് സങ്കൽപ്പിക്കാനല്ലാതെ അനുഭവിക്കാനൊട്ട് വയ്യ. എനിക്കാ അഛനെ വേണ്ട. അങ്ങിനൊരഛന് ജന്മം നൽക്കാൻ എനിക്ക് സാദ്ധ്യവുമല്ല. എന്നാൽ അങ്ങിനെ മാത്രമേ താൻ പുത്രനോ പുത്രിയോ ആകൂ എന്നൊരു ശക്തി ആവശ്യപ്പെട്ടാൽ, പിറക്കുന്നില്ലെന്ന് പറഞ്ഞ് പിന്നാക്കം പറന്ന് ഞാൻ വിസ്തൃതിയിൽ വിലയം പ്രാപിക്കും. ചിലർ അഛനെക്കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ എനിക്കങ്ങിനെ തോന്നാറുണ്ട്. നടക്കാത്ത കാര്യമാണ്. എങ്കിലും തോന്നാറുണ്ട്.

   പ്രതീക്ഷിക്കാതെയാണ് എനിക്കു മുന്നിൽ കഴിഞ്ഞ ദിവസം പൊടുന്നനെ ഒരഛൻ പിറന്നത്. അതിനു മുൻപ് അദ്ദേഹം എനിക്ക് വെറുമൊരു പുരുഷൻ മാത്രമായിരുന്നു. ആ ഉജജ്വല മനസ്സിൻറെ തനതായ ഒരച്ചടക്ക ജീവിത ചിന്താ ശൈലിയേക്കുറിച്ചുള്ളൊരു ഏകദേശ ജ്ഞാനം മാത്രമേ എന്നിൽ ഉണ്ടായിരുന്നുള്ളു. അദ്ദേഹത്തെക്കുറിച്ച് ഞാനൊന്നും കാര്യമായി വായിച്ചിരുന്നില്ല. എനിക്കദ്ദേഹം ചടുലനായ ഒരൊറ്റത്തടി മനുഷ്യനായിരുന്നു. ചില വാർത്തകൾ വായിക്കുമ്പോൾ വിയോജിപ്പുകൾ തോന്നിയിരുന്നെങ്കിലും ആദരവല്ലാതെ മറ്റൊന്നുമില്ല. എവിടെയെങ്കിലും സ്വന്തം ശക്തിയും സ്വാധീനവും അധികാരവും വീശി ഒരു കടലമുട്ടായിപോലും ചവച്ചതായി കേട്ടിട്ടുമില്ല. അങ്ങിനൊരഛൻ എനിക്കുണ്ടെന്ന് ഒരു മകനോ മകളോ ഒരുവിധത്തിലും ഓർമ്മപ്പെടുത്തിയതുമില്ല.

   പക്ഷെ അദ്ദേഹം പെട്ടെന്നൊരഛനായി പിറന്നുകൊണ്ട് ഒരേ സമയം എന്നെ അത്ഭുതപ്പെടുത്തുകയും വേദനിപ്പിക്കുകയും കണ്ണു നനയിക്കുകയും ചെയ്തു. എനിക്കൊരു മകൻ പിറന്നു വെന്ന് പറഞ്ഞല്ല, മരിച്ചുപൊയെന്ന് അറിയിച്ചുകൊണ്ടാണ് അദ്ദേഹം എനിക്കു മുന്നിൽ അഛനായത്. മകൻ പിറക്കുമ്പോൾ അഛനാകേണ്ടയാൾ മകൻ മരിച്ചപ്പോൾ അഛനായിരുന്നെന്നറിഞ്ഞ് മാത്ര നേരം വല്ലാതെ വിഷമിച്ചുപോയി.
   ചിന്തകളെന്തായാലും
   കാഴ്ച്ചപ്പാടുകൾ എന്തായാലും
   ദർശനങ്ങളും തത്വങ്ങളും എന്തായാലും
   മനുഷ്യൻ ആത്യന്തികമായും മനുഷ്യനായിരിക്കണം.
   ഉള്ളം പച്ച വിറകുപോലുള്ള പച്ചമനുഷ്യൻ.
   Published by:Anuraj GR
   First published:
   )}