• HOME
 • »
 • NEWS
 • »
 • buzz
 • »
 • 'മാലിന്യ സംസ്കരണം പഠിക്കാൻ യൂറോപ് എന്തിന്, ഇൻഡോറിൽ പോകൂ'; മാതൃകാപ്രവർത്തനത്തെപ്പറ്റി രഞ്ജിത്ത് ശങ്കർ

'മാലിന്യ സംസ്കരണം പഠിക്കാൻ യൂറോപ് എന്തിന്, ഇൻഡോറിൽ പോകൂ'; മാതൃകാപ്രവർത്തനത്തെപ്പറ്റി രഞ്ജിത്ത് ശങ്കർ

35 ലക്ഷം ജനങ്ങൾ താമസിക്കുന്ന ക്ലീൻ സിറ്റിയെന്നറിയപ്പെടുന്ന ഇൻഡോറിന്റെ ഹൃദയ ഭാഗത്താണ് ഈ മാലിന്യ സംസ്ക്കരണ യൂണിറ്റ് പ്രവർത്തിക്കുന്നത്

 • Share this:

  ദിവസങ്ങളായി കെടാത്ത മാലിന്യക്കൂമ്പാരം കേരളത്തെയൊട്ടാകെ അസ്വസ്ഥമാക്കുന്ന കാഴ്ചയിലൂടെയാണ് മലയാളികൾ കടന്നു പോകുന്നത്. കൊച്ചി ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലാണ് തീയും പുകയും ഉയർന്ന് ജനജീവിതം ദുസ്സഹമാകുന്നത്. കൊച്ചിയിൽ പ്ലാന്റിനോടടുത്ത മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വേളയിൽ വളരെ മികച്ച രീതിയിൽ നഗരമധ്യത്തിലായി നടത്തിപ്പോരുന്ന മാലിന്യ പ്ലാന്റിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി സംവിധായകൻ രഞ്ജിത്ത് ശങ്കർ. ഇൻഡോറിലാണ് ഈ പ്ലാന്റ്. അതേക്കുറിച്ചുള്ള വിശദാംശങ്ങൾ അദ്ദേഹത്തിന്റെ പോസ്റ്റിൽ നിന്നും മനസിലാക്കാം. ‘മാലിന്യ സംസ്ക്കരണം പഠിക്കാൻ യൂറോപ്പിൽ പോകണ്ട ; ഇൻഡോറിൽ പോയാൽ മതി’ എന്ന തലക്കെട്ടോടെയാണ് തുടക്കം.

  Also read: എട്ടാം ദിവസും കൊച്ചി പുകയിൽ തന്നെ; പുതിയ കളക്ടർ ഇന്നു ചുമതലയേൽക്കും

  ചിത്രത്തിലേത് ഇൻഡോറിലെ ഒരു വൻകിട മാലിന്യ സംസ്ക്കരണ യൂനിറ്റാണ്. ഇൻഡോർ സിറ്റിയിലെ തിരക്കേറിയ റോഡരികിലാണ് ഇത് പ്രവർത്തിക്കുന്നത്. ഒറ്റപ്പെട്ട പ്രദേശത്തോ ജനവാസമില്ലാത്ത മേഖലയിലോ അല്ല ഇത് പ്രവർത്തിക്കുന്നത്. 35 ലക്ഷം ജനങ്ങൾ താമസിക്കുന്ന ക്ലീൻ സിറ്റിയെന്നറിയപ്പെടുന്ന ഇൻഡോറിന്റെ ഹൃദയ ഭാഗത്താണ് ഈ മാലിന്യ സംസ്ക്കരണ യൂണിറ്റ് പ്രവർത്തിക്കുന്നത്. ചുറ്റുമുള്ള പൂന്തോട്ടവും കലാസൃഷ്ടികളും ഈ മാലിന്യ സംസ്ക്കരണ പ്ലാന്റിനെ നഗരത്തോടൊപ്പം മനോഹരമായ കാഴ്ചയാക്കി മാറ്റുന്നു. കക്കൂസ് മാലിന്യമടക്കം ഇവിടെ സംസ്ക്കരിക്കപ്പെടുന്നു. ഇതിൽ നിന്നും ഇലക്ട്രിസിറ്റിയും, 400 ബസ്സുകൾക്ക് ആവശ്യമായ ബയോ-ഗ്യാസും, വളങ്ങളും ഉത്പാദിപ്പിക്കുന്നു. ഇതിൽ നിന്ന് 2.5 കോടി രൂപയാണ് ഒരു വർഷം മുനിസിപ്പാലിറ്റിക്ക് ലഭിക്കുന്ന വരുമാനം. ഈ പ്ലാന്റ് പരിസ്ഥിതി മലിനീകരണമോ, പ്രദേശവാസികൾക്ക് മറ്റെന്തെങ്കിലും അസൗകര്യങ്ങളോ ഉണ്ടാക്കുന്നില്ല. പരിസ്ഥിതി സൗഹാർദ്ദമായ ഈ പ്ലാന്റ് ഒരു മാലിന്യ സംസ്ക്കരണ പ്ലാന്റ് ആണെന്ന് പറഞ്ഞാൽ മാത്രമേ മനസ്സിലാക്കാൻ കഴിയൂ. അത്രയും ശാസ്ത്രീയമായും, കലാപരവുമാണ് ഇതിന്റെ നിർമ്മാണവും പ്രവർത്തനവും.

  വൃത്തിഹീനമായ അഴുക്കുചാലുകളും, കാൽനടയാത്രക്കാർക്ക് നടക്കാൻ കഴിയാത്ത ഫുട്ട്പാത്തുകളും, റോഡരികിൽ കൂട്ടിയിട്ട മാലിന്യ കൂമ്പാരവും, മഴക്കാലത്ത് അഴുക്ക് വെള്ളത്തിൽ മൂക്കറ്റം മുങ്ങുന്ന നമ്മുടെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും കോഴിക്കോട്ടെയും മേയർമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ലക്ഷങ്ങൾ മുടക്കി വിദേശത്ത് പോകാതെ നമ്മുടെ രാജ്യത്തിനകത്തെ ഇത്തരം സംരംഭങ്ങൾ കണ്ട് പഠിക്കട്ടെ. കേരളത്തിലെ ഓരോ നഗരവും ഇന്ന് മാലിന്യം കൊണ്ട് വീർപ്പ് മുട്ടുകയാണ്. കോഴിക്കോട്ടെ ഞെളിയൻ പറമ്പും, തൃശൂരിലെ ലാലൂരും, തിരുവനന്തപുരത്തെ വിളപ്പിൽശാലയുമെല്ലാം എത്രത്തോളം ഭയാനകമായ ആരോഗ്യപ്രശ്നങ്ങളും പരിസ്ഥിതി പ്രശ്നങ്ങളുമാണ് പരിസരവാസികൾക്ക് സൃഷ്ടിച്ചതെന്ന് കഴിഞ്ഞ കാലങ്ങളിൽ പൊതു സമൂഹം ചർച്ച ചെയ്തതാണ്. നാട്ടിൽ കുമിഞ്ഞ് കൂടുന്ന മാലിന്യമാണ് നമ്മുടെ ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും കാലാകാലങ്ങളിൽ പഠനയാത്രകളുടെ പേരിൽ സുഖയാത്രകളും വരുമാന മാർഗ്ഗവും ഉണ്ടാക്കുന്നത്. ഇത് അവസാനിക്കാത്ത കാലത്തോളം കേരളം മാലിന്യ കൂമ്പാരമായി തുടരും. വിധിയെ പഴിച്ച് ഇതെല്ലാം കണ്ടു നിൽക്കാൻ വിധിക്കപ്പെട്ട ഒരു തലമുറയാണ് നമ്മുടെത്.

  Summary: Director Ranjith Sankar points to the model garbage disposal facility of Indore

  Published by:user_57
  First published: