• HOME
  • »
  • NEWS
  • »
  • buzz
  • »
  • ആ കൗമാരക്കാരിയുടെ മനസിലെ മായാത്ത അനുരാഗ പൗർണമിയുടെ ഓർമയുമായി സംവിധായക വിധു വിൻസന്റ്

ആ കൗമാരക്കാരിയുടെ മനസിലെ മായാത്ത അനുരാഗ പൗർണമിയുടെ ഓർമയുമായി സംവിധായക വിധു വിൻസന്റ്

''ദാഹിച്ചുവലഞ്ഞ് വരണ്ടുപോയ തൊണ്ട വെള്ളം കണ്ടാലെന്ന പോലെ, കേൾക്കാതെ പോയ ആ ശാരീരത്തെ ഞാൻ മതിയാവോളം കോരിക്കുടിച്ചു. അന്നാ പതിമൂന്നുകാരിയുടെ നെഞ്ചകങ്ങളിലേക്ക് പാഞ്ഞുകയറിയ പാട്ടും പാട്ട് കാരനും പ്രണയത്തിന്റെ, ഇഷ്ടത്തിന്റെ, ആനന്ദത്തിന്റെ, വിരഹത്തിന്റെ, വേദനയുടെ പാട്ടോർമ്മയായതിനെ ഓർത്തുകൊണ്ട് ഞാനെന്റെ നാല്പത്തിയഞ്ചാം പിറന്നാളിലേക്ക് കടക്കുകയാണ്.''

സംവിധായിക വിധു വിൻസെന്റ്

സംവിധായിക വിധു വിൻസെന്റ്

  • Share this:
    'നീ മധു പകരൂ, മലർ ചൊരിയൂ... അനുരാഗ പൗർണ്ണമിയെ... നീ മായല്ലേ, മറയല്ലേ നീല നിലാവൊളിയേ ....'', 1970ൽ പുറത്തിറങ്ങിയ മൂടൽ മഞ്ഞ് എന്ന സിനിമയിലെ ഈ ഗാനം മലയാളികളുടെ മനസ്സിൽ മായാത്ത ഓർമകളായി ഇന്നുമുണ്ട്. പി. ഭാസ്കരന്റെ വരികൾക്ക് ഉഷാഖന്ന സംഗീത സംവിധാനം നിർവഹിച്ച് യേശുദാസ് പാടിയ ആ ഗാനവുമായി ബന്ധപ്പെട്ട ഓർമകള്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായക വിധു വിൻസെന്റ് തന്റെ പിറന്നാൾ ദിനത്തിൽ. എട്ടാം ക്ലാസുകാരിയുടെ ആദ്യ പ്രണയവും അന്ന് നെഞ്ചിലേക്ക് പാഞ്ഞുകയറിയ ഈ ഗാനത്തെ കുറിച്ചും ഹൃദയകാരിയായ കുറിപ്പാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് കൂടിയായ വിധു ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

    Also Read- ലോക്ക്ഡൗൺ കാലത്ത് കൃഷിയും; വിളവെടുപ്പിന്റെ ചിത്രവുമായി മമ്മൂട്ടി

    കുറിപ്പിന്റെ പൂർണരൂപം

    അനുരാഗ പൗർണ്ണമിയും ഞാനും
    .......................
    അന്ന് ഞങ്ങളുടെ വീടിന്റെ പണി നടക്കുകയായിരുന്നു. ഞാൻ എട്ടാം ക്ലാസ്സിലും ഏട്ടൻ 10ലും. വീടിന്റെ തൊട്ടു മുന്നിലുള്ള ടീച്ചറിന്റെ വീട്ടിൽ ഏട്ടന് ട്യൂഷൻ ഏർപ്പാട് ചെയ്തിരുന്നു. ഇതിനിടയിൽ അവന്റെ ഒരു ചങ്ങാതിയും ട്യൂഷനായി അവിടെ എത്തി തുടങ്ങി. ഇതിനും മുമ്പ് ഏട്ടനെ ട്യൂഷന് വിട്ട ചില സ്ഥലങളിൽ അവൻ കൃത്യമായി എത്തുന്നില്ല എന്ന വിവരം വീട്ടുകാർക്ക് അറിയാമായിരുന്നതു കൊണ്ട് പുതിയ ടീച്ചറിന്റെ അടുത്ത് അവൻ കൃത്യമായി എത്തുന്നുണ്ടോ, അവിടിരുന്ന് പഠിക്കുക തന്നെയാണോ എന്നൊക്കെ 'നിരീക്ഷിക്കുന്ന 'പണി ഞാനക്കാലത്ത് സ്വമേധയാ ഏറ്റെടുത്തിരുന്നു.

    ഏട്ടൻ വൈകി ക്ലാസിനെത്തുക, പഠിപ്പിക്കുന്നതിനിടെ ടീച്ചറിന്റെ കണ്ണൊന്ന് തെറ്റിയാൽ അവൻ മറ്റെന്തെങ്കിലും ചെയ്യുക തുടങ്ങി കുടുംബത്തിന്റെ ഭാവിയെ വരെ ബാധിച്ചേക്കാവുന്ന സുപ്രധാന വിവരങ്ങൾ പൊടിപ്പും തൊങ്ങലും ചേർത്ത് യഥാസമയം ചോർത്തി കൊടുക്കുക വഴി ഉച്ചക്ക് അഡീഷണൽ പൊരിച്ച മീൻ, ചായക്ക് 2 ഏത്തക്കാപ്പം, നാരങ്ങാ മിഠായിക്കുള്ള കാശ് തുടങ്ങിയവ പോലുള്ള പ്രത്യേക ആനുകൂല്യങ്ങൾ വീട്ടുകാർ എനിക്ക് അനുവദിച്ചു തന്നിരുന്ന കാലം.

    Also Read- ഐ.ജി. ഗീതാ പ്രഭാകർ ജോർജുകുട്ടിയോട് പ്രതികാരം ചോദിയ്ക്കുമോ? ദൃശ്യം 2ൽ ആശ ശരത്തും വരുന്നു

    വീടിന്റെ മുകളിലത്തെ മുറിയിൽ നിന്നാൽ എതിരെയുള്ള ടീച്ചറിന്റെ വീടും അവിടെ കാർപോർച്ചിൽ ഒരു മേശക്ക് അപ്പുറത്തുമിപ്പുറത്തുമിരിക്കുന്ന ഏട്ടനെയും അവന്റെ ചങ്ങാതിയെയും കാണാം.ഒരു ദിവസം വൈകുന്നേരം ഞാനിങ്ങനെ ചാരപ്രവർത്തനത്തിലേർപ്പെട്ടിരിക്കുമ്പോൾ കാണുന്നത് ഏട്ടന്റെ പ്രസ്തുത ചങ്ങാതിയിരുന്ന് പാടുന്നതാണ്. അതും റേഡിയോയിൽ നിന്നൊക്കെ വരുന്നത് പോലുള്ള നല്ല ശബ്ദത്തിൽ. അന്ന് പാടിയപാട്ടിന്റെ ഏതാനും വരികൾ മാത്രമാണ് ഓർമ്മ നിന്നത്.

    'നീ മധു പകരൂ, മലർ ചൊരിയൂ
    അനുരാഗ പൗർണ്ണമിയെ
    നീ മായല്ലേ, മറയല്ലേ നീല നിലാവൊളിയേ ...."

    നല്ല ഈണത്തിൽ തലയും കയ്യുമൊക്കെ പാട്ടുകാരെ പോലെ ചലിപ്പിച്ച്, ഒരു പ്രത്യേക ഭാവത്തിൽ ലയിച്ചങ്ങനെ പാടുകയാണ്. എനിക്കെന്തോ ഒരു വല്ലാത്ത കൗതുകം തോന്നി. കുറ്റിമുടിയും മുളച്ച് വരുന്ന പൊടിമീശയും കാപ്പി പൊടി വർണത്തിലെ കൃഷ്ണമണിയും നിരയൊത്ത പല്ലുകളും ഒക്കെയുള്ള പാട്ടു പാടുന്ന ആ ചെക്കന്റെ ശബ്ദവും മുഖവും ആ വൈകുന്നേരത്തിൽ എന്റെ ഹൃദയത്തിലേക്കാണ് ഇടിച്ചിറങ്ങിയത്. അന്ന് രാത്രിയിലും പാട്ടിന്റെ ആദ്യ വരികൾ ചങ്കിലങ്ങനെ മുഴങ്ങി.

    Also Read- അട്ടപ്പാടിയിൽ നിന്ന് ഐഐടിയിലേക്ക്; നാടിന്റെ അഭിമാനമായി കൃഷ്ണദാസ്

    "നീ മധു പകരൂ, മലർ ചൊരിയൂ, അനുരാഗ പൗർണ്ണമിയെ... പക്ഷേ ആ എട്ടാം ക്ലാസ്സുകാരിക്ക് അനുരാഗ പൗർണ്ണമി എന്തെന്ന് ഒരു പിടുത്തവും കിട്ടിയില്ല. അച്ഛൻ മലയാളം വാധ്യാരാണല്ലോ, നേരേ പോയി ചോദിച്ചു, "അനുരാഗ പൗർണ്ണമി എന്നാൽ എന്താണർത്ഥം?
    "എവിടുന്നാ, പാഠഭാഗത്തിലേതാണോ? അച്ഛന്റെ മറു ചോദ്യം. ആണെന്ന് ,ഒരു കവിതയിലുള്ളതാണെന്ന് കള്ളം പറഞ്ഞു.
    'എന്നാ ടെക്സ്റ്റ് എടുത്തു കൊണ്ടു വരൂ' എന്ന് അച്ഛൻ. ഇതു കേട്ടതും ഞാനോടി ടോയ്ലറ്റിൽ പോയിരുന്നു. ഏത് ടെക്സ്റ്റ്? എവിടുത്തെ ടെക്സ്റ്റ് ? ഇന്നാണേ ജാങ്കോ, പെട്ടു എന്ന് പറയാമായിരുന്നു. കുറേ നേരം കഴിഞ്ഞ് ടോയ്ലറ്റിൽ നിന്നും ഇറങ്ങി പതുങ്ങി നിന്ന് അച്ഛനെ നോക്കുമ്പോൾ അദ്ദേഹം മറ്റേതോ പണിയിൽപെട്ട് അത് മറന്നു പോയിരുന്നു.

    പാട്ടിനെയും പാട്ടുകാരനേയും അർത്ഥമറിയാത്ത അനുരാഗ പൗർണ്ണമിയേയും ആലോചിച്ചാലോചിച്ച് എപ്പഴോ ഉറങ്ങി പോയി. രാവിലെ അച്ഛൻ'നീ ഇന്നലെ അന്വേഷിച്ച വാക്കില്ലേ, അനുരാഗ പൗർണ്ണമി ? രാഗം എന്നാൽ സ്നേഹം, പൗർണ്ണമി എന്നാൽ നിലാവ് എന്ന് വച്ചാൽ വിധു, നിന്റെ പേര് തന്നെയാണത് '-എന്ന് വിശദീകരിച്ചു.

    Also Read- നാൽപത് കഴിഞ്ഞ സ്ത്രീകൾ ഫേസ്ബുക്കിൽ ഫോട്ടോ ഇടുന്നത് എന്തിനാണ്? ആരെ ആകർഷിക്കാനാണ്?

    ഈശ്വരാ... ഉള്ളതാണോ? എന്റെ തലയിലാണോ ഹൃദയത്തിലാണോ ആയിരം ലഡു പൊട്ടിയതെന്ന് അറിയില്ല. മനസിൽ വരികളുടെ അർത്ഥം ഒന്നുകൂടി പറഞ്ഞു നോക്കി.. നിലാവിനോട് പറയുകയാണ്, മധു പകരാൻ, മലർ ചൊരിയാൻ. പ്രേമം ഒരു വിറയലായി പാഞ്ഞുകയറി ശരീരത്തെ കോരിത്തരിപ്പിച്ച അനർഘവും അനവദ്യവുമായ നിമിഷം. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമേ ഏട്ടന് ആ ടീച്ചറിന്റെ വീട്ടിൽ ട്യൂഷനുള്ളൂ. അവന്റെ ട്യൂഷൻ ദിവസമാകാൻ ഞാൻ കാത്തുകെട്ടി ഇരിക്കാൻ തുടങ്ങി. ഏട്ടനെ നോക്കാൻ തുറന്നു വച്ച ചാരക്കണ്ണ് പ്രേമലോചനങ്ങളായി ഏട്ടന്റെ ചങ്ങാതിയെ നോക്കാൻ തുടങ്ങി.

    ചിലപ്പോ ഏട്ടൻ ഒറ്റക്കാവും, പാട്ടുകാരൻ ഉണ്ടാവില്ല. അപ്പോൾ നിരാശയുടെയും വിഷാദത്തിന്റെയും പടുകുഴിയിലായി പോവും ഞാൻ. പാവം അവനറിയില്ലല്ലോ, ഇവിടെ ഈയെട്ടാം ക്ലാസുകാരി അനുരാഗ പൗർണ്ണമിയായും നീല നിലാവൊളിയായും ഇങ്ങനെ ഒഴുകി പരക്കുകയാണെന്ന്.. നിർഭാഗ്യവശാൽ ആ സമയത്തൊന്നും ഈ പാട്ട് പൂർണ്ണമായി കേട്ടിട്ടില്ല.. മേശപ്പുറത്ത് കൊട്ടിയും തട്ടിയും രാഗതാള അകമ്പടിയോടെ പാട്ട് മൂർദ്ധന്യത്തിലായി വരുമ്പോഴേക്കും ട്യൂഷൻ ടീച്ചറെത്തും.

    Also Read- ബീറ്റ്റൂട്ട് ഇഡലി മുതൽ മുട്ട ഇഡലി വരെ; പുത്തന്‍ ഇഡലിപരീക്ഷണവുമായി ശോഭന ജോർജ്

    യേശുദാസിന്റെയും എസ്. ജാനകിയുടേയും ഒക്കെ പടമുള്ള സിനിമാ പാട്ടുപുസ്തകം ഒന്ന് വാങ്ങിത്തരാൻ പറ്റുമോന്ന് കൂട്ടുകാരിയോട് അന്വേഷിച്ചത് അങ്ങനെയാണ്. അവളേറ്റു. കുടുക്ക പൊട്ടിച്ച മൂന്നോ നാലോ രൂപാ അവൾക്ക് കൊടുത്തു. പാവം, ഇപ്പോഴും പുസ്തകം അന്വേഷിച്ച് നടപ്പായിരിക്കും. എന്തായാലും കുടുക്ക കാശ് ആ വഴിക്ക് ആവിയായി പോയി.

    കുറച്ച് നാളുകൾ കഴിഞ്ഞപ്പോഴേക്കും എന്റെ ഏട്ടന് ട്യൂഷൻ മടുത്തു. വലിയ താമസമില്ലാതെ അവനും ചങ്ങാതിയും ട്യൂഷൻ അവസാനിപ്പിച്ചു. ഹൃദയ ഭേദകമായിരുന്നു എനിക്കാ വാർത്ത. ടീച്ചർ അസലായിട്ടാണല്ലോ ക്ലാസെടുക്കുന്നേ, ഞാനെത്ര കേട്ടിട്ടുള്ളതാ. എന്നൊക്കെ പറഞ്ഞ് വീട്ടുകാരെയും തദ്വാരാ ഏട്ടനെയും ഞാൻ നിർബന്ധിച്ചു നോക്കി. പക്ഷേ അവനാകട്ടെ, ഇനി ട്യൂഷന് പോകുന്നില്ല എന്ന നിലപാടിൽ തരിമ്പും വെള്ളം ചേർത്തില്ല.

    അകാലത്തിൽ പൊലിഞ്ഞു പോയ വൺവേ പ്രണയത്തിന്റെ തീരാവേദനയിലായി ഞാൻ. ഇനി ആ പാട്ട് എപ്പോ കേൾക്കും? എങ്ങനെ കേൾക്കും?വിരഹ വേദനയുടെ ആ നീറുന്ന കാലത്ത് 2വട്ടം കൂടി ഞാനാ പാട്ട് കേട്ടു. ഒന്ന് ഞങ്ങളുടെ വീട്ടിലെ ഫിലിപ്സിന്റെ ഒരു ചെറിയ റേഡിയോയിൽ നിന്നും. നിങ്ങളാവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങളായി ആ പാട്ട് ഒഴുകി എന്റെ അരികിലെത്തി. പിന്നീടൊരിക്കൽ ഞായറാഴ്ച കുർബാനയും വേദപഠന ക്ലാസും കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോ അടുത്തുള്ള ചായക്കടയിലെ മർഫിറേഡിയോയിൽ നിന്ന്..' ഉടലറിയാതെ, ഉലകറിയാതെ, നിൻ മാനസം കവർന്നൂ, നീ മായല്ലേ, മറയല്ലേ, നീല നിലാവൊളിയേ.... എന്റെ ഹൃദയേശ്വരന് പാടി പൂർത്തിയാക്കാൻ കഴിയാഞ്ഞ ബാക്കി വരികൾ ഇതാ മുഴങ്ങുന്നു.. ഞാൻ പതുക്കെ കയ്യിലുള്ള പെൻസിൽ ബോക്സ് ചായക്കടയുടെ മുന്നിൽ എത്താറായപ്പോഴേക്കും താഴെയിട്ടു. പെൻസിലും മറ്റ് സാധനങ്ങളുമൊക്കെ ചിതറിത്തെറിച്ച് വീണു. സാവകാശം നിലത്ത് കുത്തിയിരുന്ന് ഞാനാ സാധനങ്ങൾ പെറുക്കി കൂട്ടി.ഒപ്പം ഇനിയൊരു തവണ കേൾക്കാനായില്ലെങ്കിലോ എന്നു ഭയന്ന് പാട്ടിൻ കഷ്ണങ്ങളെയും പെറുക്കി കൂട്ടി ഞാൻ ഹൃദയത്തിലേക്ക് ഒളിപ്പിച്ചു.



    പി.ഭാസ്കരന്റെ വരികളിൽ യേശുദാസ് പാടിയ, ഉഷാ ഖന്ന സംഗീതം നല്കിയ മൂടൽമഞ്ഞ് എന്ന സിനിമയിലെ ഗാനം 1970-ൽ ഇത് ഇറങ്ങിയ സമയത്തും വൻ ഹിറ്റായിരുന്നെന്നും അതുവരെയുള്ള സാമ്പ്രദായിക ഈണങ്ങളെ കടത്തി വെട്ടി ചടുലതാളത്തിന്റെ അകമ്പടിയിൽ കാല്പനികതയുടെ തരള ഭാവങ്ങളുണർത്തി ഈ വരികൾ തലമുറകളെ പ്രണയ പരവശരാക്കിയിരുന്നു എന്നുമുള്ള അറിവിലേക്ക് ഞാൻ മുതിർന്നപ്പോഴും ഈ പാട്ടിന് എന്റെ പാട്ടുകാരന്റെ തന്നെ ശബ്ദമായിരുന്നു. ഒരേശുദാസിനും ഞാനത് വിട്ടുകൊടുത്തിരുന്നില്ല (ഇന്നും).

    വർഷങ്ങൾക്കിപ്പുറം റിയാലിറ്റി ഷോകളിലും വിരൽത്തുമ്പിന്റെ ഒറ്റ സ്പർശത്തിൽ പ്രത്യക്ഷമാകുന്ന യൂ ട്യൂബിലുമൊക്കെ ഞാനീ പാട്ടിനെ തെരഞ്ഞുകൊണ്ടിരുന്നു. പ്രണയങ്ങളിൽ നിന്ന് പ്രണയനഷ്ടത്തിന്റെ ഊഷരതയിലേക്ക് എടുത്തെറിയപ്പെട്ട എത്രയോ സന്ദർഭങ്ങളിൽ മധുവായി, മലരായി, നീല നിലാവൊളിയായി എത്തി ഈ പാട്ടെന്നെ തണുപ്പിച്ചിരിക്കുന്നു.

    Also Read- പുസ്തകങ്ങളെക്കുറിച്ച് സംശയം ഉണ്ടോ ? ഈ പുസ്തശേഖരത്തിലേക്ക് ഒന്നു പോയി നോക്കാം

    നീണ്ട 33 വർഷങ്ങൾക്ക് ശേഷമുള്ള ഒരു സന്ധ്യയിൽ എനിക്കൊരു പാട്ട് ജിയോ സ്റ്റാർ മേക്കറിൽ അയച്ചു കിട്ടുന്നു. ആകാംക്ഷയോടെ ഡൗൺലോഡ് ചെയ്ത് കേട്ടു തുടങ്ങി. തടി മേശയിൽ താളം പിടിച്ച് പാടിയ ആ പഴയ ശബ്ദം - കാലം വരുത്തിയ അനിവാര്യമായ ചില മാറ്റങ്ങളൊഴിച്ചാൽ - അതേ ഭാവത്തിൽ, ലയത്തിൽ പൗർണമിയെ തഴുകാനെത്തിയിരിക്കുന്നു. ഒരിക്കൽ ശരീരം മുഴുവൻ പാഞ്ഞ ഒരു കോരിത്തരിപ്പിന്റെ മറവിയിൽ നിന്ന്, ഘനീഭവിച്ച വിഷാദത്തിന്റെ ഇരുണ്ട ആകാശത്തിലേക്കാണ് ഈ പാട്ടെന്നെ തുറന്നു വിട്ടത്. തടഞ്ഞുവയ്ക്കാനാകാഞ്ഞ സങ്കടമായി കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ദാഹിച്ചുവലഞ്ഞ് വരണ്ടുപോയ തൊണ്ട വെള്ളം കണ്ടാലെന്ന പോലെ, കേൾക്കാതെ പോയ ആ ശാരീരത്തെ ഞാൻ മതിയാവോളം കോരിക്കുടിച്ചു. അന്നാ പതിമൂന്നുകാരിയുടെ നെഞ്ചകങ്ങളിലേക്ക് പാഞ്ഞുകയറിയ പാട്ടും പാട്ട് കാരനും പ്രണയത്തിന്റെ, ഇഷ്ടത്തിന്റെ, ആനന്ദത്തിന്റെ, വിരഹത്തിന്റെ, വേദനയുടെ പാട്ടോർമ്മയായതിനെ ഓർത്തുകൊണ്ട് ഞാനെന്റെ നാല്പത്തിയഞ്ചാം
    പിറന്നാളിലേക്ക് കടക്കുകയാണ്.
    Published by:Rajesh V
    First published: