സ്ത്രീയും പുരുഷനും ജീവിതപങ്കാളിയെ (Life Partner) തെരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം? സ്വഭാവവും ജോലിയും സാമ്പത്തികസ്ഥിതിയും കുടുംബവുമൊക്കെ പ്രധാന ഘടകങ്ങളാണ്. ജോലിയിൽ തന്നെ പ്രത്യേക പ്രൊഫഷണുകളിലുള്ളവരെ വിവാഹം ചെയ്യുമ്പോൾ സ്ത്രീകൾ ഒരിക്കൽ കൂടി ആലോചിക്കേണ്ട കാര്യമുണ്ടോ. അങ്ങനെ ആലോചിക്കുന്നത് ഭാവി ജീവിതത്തിന് നല്ലതാണെന്ന് സമർഥിക്കുകയാണ് ഒരു അഭിഭാഷക. വെറും അഭിഭാഷകയല്ല, നിരവധി വിവാഹമോചന കേസുകൾ കൈകാര്യം ചെയ്ത് പരിചയമുള്ള ഒരു ഡിവോഴ്സ് സ്പെഷ്യലിസ്റ്റായ (Divorce Lawyer) അഭിഭാഷകയാണ് സ്ത്രീകൾക്ക് തൻെറ അനുഭവം വെച്ച് ഉപദേശം നൽകുന്നത്.
സ്ത്രീകൾ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുമ്പോൾ ഒഴിവാക്കേണ്ട അഞ്ച് പ്രൊഫഷണുകൾ ഏതെല്ലാമെന്ന് വിശദീകരിച്ച് കൊണ്ടുള്ള ഒരു ടിക് ടോക് വീഡിയോ വൈറലാവുകയാണ്. @Jettiegirl28 എന്ന ടിക് ടോക് പ്രൊഫൈലിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഫയർമാൻ, പോലീസ് ഉദ്യോഗസ്ഥർ, പട്ടാളക്കാർ, സർജൻമാർ, പൈലറ്റുമാർ എന്നീ പ്രൊഫഷണലുകളാണ് അഭിഭാഷക വിശദീകരിക്കുന്ന പട്ടികയിലുള്ളത്.
ഈ പ്രൊഫഷണുകളിൽ ഉള്ളവർ അവനവന്റെ ഗുണങ്ങളില്‍ മതിമറക്കുന്നവരായിരിക്കും. അമിതമായി മറ്റുള്ളവരെ നിയന്ത്രിക്കുന്നവരുമായിരിക്കുമെന്ന് വീഡിയോയിൽ പറയുന്നു. ഈ തൊഴിലുകളെടുക്കുന്ന എല്ലാവരും ഇങ്ങനെയാണെന്ന് പറയാനാവില്ല. ഒരേ അളവുകോൽ കൊണ്ട് എല്ലാവരെയും അളക്കുന്നത് ശരിയല്ലെന്നും അഭിഭാഷക കൂട്ടിച്ചേർത്തു. തൻെറ മുന്നിൽ വിവാഹമോചനത്തിന് എത്തിയിട്ടുള്ള ദമ്പതികളിൽ നിന്നുള്ള അനുഭവങ്ങളിൽ നിന്നാണ് താൻ ഇങ്ങനെയൊരു നിഗമനത്തിൽ എത്തിയതെന്നും അവർ പറഞ്ഞു.
അഭിഭാഷകയുടെ അഭിപ്രായത്തെ വീഡിയോ കണ്ട നിരവധി പേർ അനുകൂലിക്കുന്നുണ്ട്. ഇൻവെസ്റ്റ്മെൻറ് ബാങ്കർമാർ, പുരോഹിതൻമാർ, അത‍്‍ലറ്റുകൾ എന്നിങ്ങനെ പട്ടികയിൽ ചേർക്കേണ്ട മറ്റ് പ്രൊഫഷണുകളും വീഡിയോക്ക് താഴെ കമന്റായി വരുന്നുണ്ട്. സമൂഹത്തിൽ ദൈവങ്ങളെ പോലെ കണക്കാക്കുന്ന ചില തൊഴിൽ മേഖലകളാണ് താൻ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് കെകെ വീഡിയോയിൽ പറയുന്നുണ്ട്. തോക്കുമായി നടക്കുന്ന പോലീസുകാരെ ഭയഭക്തി ബഹുമാനത്തോടെയാണ് ആളുകൾ കാണുകയെന്നും വിഡിയോയിൽ പറയുന്നു.
ആശുപത്രിയിൽ ആളുകളുടെ ജീവൻ രക്ഷിക്കുന്ന സർജൻമാർക്ക് സമൂഹത്തിൽ വലിയ പരിഗണനയാണ് ലഭിക്കുന്നത്. നിരവധി ജീവിതങ്ങളുമായി സുരക്ഷിതമായി യാത്ര ചെയ്യുന്ന പൈലറ്റുമാരും ഇങ്ങനെ തന്നെയാണ്. ഇവർക്കൊക്കെ സമൂഹത്തിൽ നിലയും വിലയുമുണ്ട്. സാമ്പത്തിക ഭദ്രതയുള്ള പ്രൊഫഷണുകളാണ് ഇവയെല്ലാം. എന്നാൽ വീട്ടിലെത്തുമ്പോൾ ഇവരുടെ സ്വഭാവം മാറുന്നുവെന്ന് അഭിഭാഷക നിരീക്ഷിക്കുന്നു. അത് വൈവാഹിക ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. തൻെറ മുന്നിലെത്തിയവരിൽ ബഹുഭൂരിപക്ഷം വിവാഹമോചന കേസുകളും ഈ 5 പ്രൊഫഷണുകളിൽ നിന്നുള്ളവരാണെന്നും കെകെ കൂട്ടിച്ചേർക്കുന്നു.
യൂണിഫോമിലുള്ള ആണുങ്ങളെയാണ് ഒഴിവാക്കേണ്ടതെന്ന് ഒരാൾ വീഡിയോക്ക് താഴെ കമൻറ് ചെയ്തിട്ടുണ്ട്. അഭിഭാഷകയുടെ പട്ടികയിലുള്ള അഞ്ച് തൊഴിൽ മേഖലയിലുള്ളവരും യൂണിഫോമിട്ട് ജോലി ചെയ്യുന്നവരാണ്. ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുമ്പോൾ പുരുഷൻമാർ ഒഴിവാക്കേണ്ട വിഭാഗം സ്ത്രീകളെ പറ്റിയും വീഡിയോയിൽ പറയുന്നുണ്ട്. പ്രത്യേകിച്ച് ജോലിയൊന്നും തന്നെ ഇല്ലാതെ വീട്ടിൽ തന്നെ കഴിയുന്ന സ്ത്രീകളെ ജീവിതപങ്കാളി ആക്കരുതെന്നാണ് നിർദ്ദേശം. ഏതായാലും നിരവധി കമൻറുകളും അഭിപ്രായ പ്രകടനങ്ങളുമൊക്കെയായി വീഡിയോ വൈറലാവുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.