സമ്മാനങ്ങൾ ഇഷ്ടമല്ലാത്തവരായി ആരാണുള്ളത്? അപ്രതീക്ഷിതമായ സമ്മാനങ്ങളാണെങ്കിൽ പ്രത്യേകിച്ചും. നമ്മുടെ ജോലിയ്ക്കുള്ള അംഗീകാരമായിട്ട് ആണ് ഇത് ലഭിക്കുന്നത് എങ്കിൽ സന്തോഷം വീണ്ടും ഇരട്ടിക്കുന്നു. അത്തരമൊരു മനസ്സ് നിറയ്ക്കുന്ന സമ്മാനത്തിന്റെ കഥയാണ് ഡോക്ടർ പി കമ്മത്ത് എന്നയാൾ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. തീർച്ചയായും, ഈ കഥ കേൾക്കുന്നവർ ആരായാലും അവരുടെ മനസ്സ് നിറയും എന്ന കാര്യത്തിൽ സംശയമില്ല.
ഡോക്ടറുടെ ട്വീറ്റ് ഇപ്രകാരമാണ്: “കഴിഞ്ഞ ദിവസം രാത്രി വൈകി ഞാൻ രോഗികളെ എല്ലാം നോക്കിത്തീർന്നപ്പോൾ ഒരാൾ എന്റെ ക്ലിനിക്കിന്റെ ഉള്ളിലേയ്ക്ക് കടന്നു വന്നു. അവർ സമീപത്തുള്ള ഒരു ബാങ്കിൽ ഹെൽപറായി ആണ് ജോലി ചെയ്യുന്നത്. കൂടാതെ ഏതാണ്ട് ഒരു പതിറ്റാണ്ടിനു മുകളിലായി ഞാൻ ആണ് അവരെ ചികില്സിക്കുന്നതും. അവരുടെ ശമ്പളം എത്ര ചെറുതാണ് എന്ന് നല്ല ബോധ്യം ഉണ്ടായിരുന്നത് കൊണ്ട് ഞാൻ ഒരിക്കലും അവരുടെ കയ്യിൽ നിന്നും കൺസൽട്ടേഷൻ ഫീസ് വാങ്ങിയിട്ടില്ല. എന്നാൽ ഇന്ന് അവർ എന്റെ നേരെ ഈ ഉണങ്ങിയ പഴങ്ങൾ നിറച്ച കുപ്പി നീട്ടിക്കൊണ്ട് യുഗാദി ആശംസകൾ നേരുകയാണ് ചെയ്തത്. ഒപ്പം, ഇത്തവണ അവർ രോഗിയായി അല്ല വന്നിരിക്കുന്നത് എന്നും വ്യക്തമാക്കി. ‘ഇന്ന് എന്റെ ബാങ്കിലെ അവസാനത്തെ ദിവസമാണ്. എല്ലാവരും എനിക്ക് ചെയ്തു തന്നിട്ടുള്ള സഹായങ്ങൾക്ക് നന്ദി പറയുന്നതിനാണ് ഈ സമ്മാനം’, എന്നാണ് അവർ പറഞ്ഞത്.”
തനിക്ക് ലഭിച്ച വിശിഷ്ടമായ സമ്മാനത്തിന്റെ ചിത്രവും തന്റെ കുറിപ്പിനൊപ്പം ഡോക്ടർ ട്വിറ്ററിലൂടെ പങ്ക് വച്ചിരുന്നു.
Yesterday someone enters my clinic late after I finished seeing all the patients. She works as a helper in the bank and has been my patient for more than a decade. I never used to take consultation from her knowing fully her salary. She presents this jar of dry fruits and conveys… pic.twitter.com/NAIGBGChc4
— Dr P Kamath (@cardio73) March 22, 2023
ഡോക്ടറുടെ ട്വീറ്റിന് മറ്റ് ട്വിറ്റർ ഉപഭോക്താക്കളിൽ നിന്നും വമ്പിച്ച പിന്തുണ ആണ് ലഭിച്ചത്. പതിനായിരത്തിലേറെ ലൈക് ലഭിച്ച പോസ്റ്റ് കണ്ടത് എട്ടു ലക്ഷം പേരിൽ കൂടുതലാണ്. ഈ എണ്ണം ഇനിയും കൂടാൻ തന്നെ ആണ് സാധ്യത. നിരവധി പേർ കമന്റുകളിലൂടെ തങ്ങളുടെ അഭിപ്രായങ്ങൾ അറിയിച്ചിട്ടുമുണ്ട്.
“ഇത് ഒക്കെ വിലമതിക്കാനാകാത്ത നിമിഷങ്ങളാണ്” എന്നാണ് ഒരു വ്യക്തി ട്വീറ്റ് ചെയ്തത്. ഇനിയൊരാൾ ആകട്ടെ, “എത്ര അനുഗ്രഹം നിറഞ്ഞ വ്യക്തിയാണവർ,” എന്ന് സമ്മാനം നൽകിയ സ്ത്രീയെ പുകഴ്ത്തി. “താങ്കളെ പോലെ ഉള്ള ഡോക്ടർമാർ ആണ് വൈദ്യശാസ്ത്രം എന്ന തൊഴിലിനു തന്നെ മാതൃക ആകുന്നത്. ഞങ്ങളോടൊപ്പം ഉണ്ടാകുന്നതിനു വളരെ നന്ദി. അകമഴിഞ്ഞ ഉഗാദി ആശംസകൾ” എന്ന് പറഞ്ഞുകൊണ്ട് മറ്റൊരു ട്വിറ്റെർ അക്കൗണ്ട് ഡോക്ടർ കമ്മത്തിനോടുള്ള ആരാധന വ്യക്തമാക്കി. “ആശാവഹമായ സംഭവം” എന്നും “എന്നും ഓർമയിൽ വെക്കേണ്ട സംഭവം തന്നെ” എന്നും ഒക്കെ വിവിധങ്ങളായ പ്രതികരണങ്ങളാണ് സൈബറിടത്തിൽ നിറയുന്നത്.
ചെറുതെന്ന് തോന്നാവുന്ന ഒരു സമ്മാനം അത് കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നവരുടെ മനസ്സിന്റെ നന്മ മൂലം എത്ര ജനപ്രിയവും ഓർമ്മിക്കത്തക്കതും ആയിത്തീരുന്നു എന്നുള്ളതിന്റെ ഉദാഹരണമാണ് ഈ ഡോക്ടറും രോഗി അദ്ദേഹത്തിന് നൽകിയ ഈ കുഞ്ഞു സമ്മാനവും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Doctor, Gift, Patient, Tweet Goes Viral