അൻപതു വയസുകാരിയുടെ ശരീരത്തിനുള്ളിൽ നിന്നും നീക്കം ചെയ്തത് 12 കിലോ ഭാരമുള്ള കരൾ. ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ആരോഗ്യ രംഗത്തു പ്രവർത്തിക്കുന്നവർക്കു തന്നെ അത്ഭുതമായി തോന്നിയ ഈ ശസ്ത്രക്രിയ നടന്നത്. പശ്ചിമ ബംഗാളിലെ സിലിഗുരി സ്വദേശിയുടെ കരളാണ് 14 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ചത്.
കുറച്ചു കാലമായി കരൾ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുകയായിരുന്നു ഈ സ്ത്രീ. കരളിന്റെ ഭാരം കൂടിയതോടെ ശരിയായി നടക്കാൻ പോലും പറ്റാത്ത അവസ്ഥയായി. പിന്നാലെ ഹെർണിയയും രൂപപ്പെട്ടു. ശരീരഭാരവും ക്രമാതീതമായി വർദ്ധിച്ചു. കൊൽക്കത്തയിലെ തന്നെ ഡോക്ടർമാരെ കാണിച്ചപ്പോൾ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ നിർദേശിക്കുകയും ഹൈദരാബാദിലെ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (കിംസ്) റഫർ ചെയ്യുകയും ചെയ്തു.
കിംസിലെ ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് 12 കിലോ ഭാരമുള്ള കരളാണ് ഇവരുടെ ശരീരത്തിനകത്തുള്ളതെന്ന് കണ്ടെത്തിയത്. പരമാവധി ഒന്നര കിലോഗ്രാം ആണ് ഒരു മനുഷ്യ ശരീരത്തിലെ കരളിന് ഉണ്ടാകേണ്ട ഭാരം. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ രംഗത്ത് നിരവധി വർഷത്തെ അനുഭവ പരിചയമുള്ള ഡോ. രവിചന്ദ് സിദ്ധാചാരിയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. സഹായത്തിനായി മറ്റു മൂന്നു ഡോക്ടർമാരും ഒപ്പമുണ്ടായിരുന്നു.
”പോളിസിസ്റ്റിക് ലിവർ ആൻഡ് കിഡ്നി ഡിസീസ് എന്നത് പാരമ്പര്യമായി ഉണ്ടാകുന്ന ഒരു രോഗമാണ്. ജീനുകളുടെ മ്യൂട്ടേഷൻ മൂലം വൃക്കകളിലും കരളിലും സിസ്റ്റുകൾ (ദ്രാവകം നിറഞ്ഞ അറകൾ) ഉണ്ടാകുന്നു. 30 വയസ് വരെ രോഗികൾ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കില്ല. സിസ്റ്റുകൾ വളരുന്തോറും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. രോഗം മൂർച്ഛിക്കുമ്പോൾ ഹെർണിയും ശ്വസന പ്രശ്നങ്ങളും ഉണ്ടാകും. വൃക്കകളുടെ പ്രവർത്തനം തകരാറിലാകുന്നതിനാൽ ഇവർക്ക് ഡയാലിസിസ് ആവശ്യമായി വന്നേക്കാം. ഈ രോഗിക്ക് മേൽപറഞ്ഞ ലക്ഷണങ്ങളെല്ലാം ഉണ്ടായിരുന്നു”, ഡോ രവിചന്ദ് പറഞ്ഞു.
Also Read-വയറിനുള്ളിൽ മറ്റൊരു കുഞ്ഞുമായി പിറന്ന നവജാത ശിശു; അപൂർവ സംഭവമെന്ന് ഡോക്ടർമാർ
വർഷങ്ങളായി രോഗി ശാരീരികവും മാനസികവുമായ വേദനയിലൂടെ കടന്നു പോകുകയായിരുന്നുവെന്നും ശസ്ത്രക്രിയ വലിയ ആശ്വാസമായെന്നും കിംസിലെ ഡോക്ടർമാർ പറഞ്ഞു.
കര്‍ണാടകയില്‍ രണ്ടര മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിൽ 58 കാരന്റെ വയറിനുള്ളില്‍ നിന്ന് 187 നാണയങ്ങള്‍ നീക്കം ചെയ്ത വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. റായ്ച്ചൂര്‍ ജില്ലയിലെ ലിംഗ്സുഗൂര്‍ ടൗണില്‍ താമസിക്കുന്ന ദ്യാമപ്പ ഹരിജന്‍ എന്നയാളുടെ വയറിനുള്ളില്‍ നിന്നാണ് ഇത്രയും നാണയങ്ങള്‍ പുറത്തെടുത്തത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ദ്യാമപ്പയെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. രണ്ടോ മൂന്നോ മാസത്തിനിടെ ഇയാള്‍ ഒന്നര കിലോഗ്രാം നാണയങ്ങള്‍ വിഴുങ്ങിയതായും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്‍ഡോസ്കോപ്പി നടത്തിയപ്പോഴാണ് നാണയങ്ങൾ വിഴുങ്ങിയ വിവരം അറിയുന്നത്. അഞ്ച് രൂപയുടെ 56 നാണയങ്ങളും രണ്ട് രൂപയുടെ 51 നാണയങ്ങളും, ഒരു രൂപയുടെ 80 നാണയങ്ങളും വയറ്റിൽ നിന്ന് പുറത്തെടുത്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.