• HOME
 • »
 • NEWS
 • »
 • buzz
 • »
 • kidney stone | ആറ് മാസത്തെ വേദന; 56കാരന്‍റെ വൃക്കയിൽ നിന്ന് നീക്കം ചെയ്‌തത് 206 കല്ലുകൾ

kidney stone | ആറ് മാസത്തെ വേദന; 56കാരന്‍റെ വൃക്കയിൽ നിന്ന് നീക്കം ചെയ്‌തത് 206 കല്ലുകൾ

ഒരു മണിക്കൂര്‍ നീണ്ട താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ വൃക്കയിലെ 206 കല്ലുകളാണ് പുറത്തെടുത്തത്.

(Credits: Shutterstock)

(Credits: Shutterstock)

 • Share this:
  വൃക്കയില്‍ കല്ലുകളുമായുള്ള ഒരാളുടെ ജീവിതം നരകതുല്യമായിരിക്കും. ഹൈദരാബാദില്‍ നിന്നുള്ള 56 കാരന് (hyderabad man) ആറ് മാസത്തെ വേദനാജനകമായ കഷ്ടപ്പാടുകള്‍ക്കൊടുവില്‍ ആശ്വാസം ലഭിച്ചിരിക്കുകയാണ് ഇപ്പോള്‍. ഒരു മണിക്കൂര്‍ നീണ്ട താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ (keyhole surgery) വൃക്കയിലെ 206 കല്ലുകളാണ് (206 kidney stones) പുറത്തെടുത്തത്.

  നല്‍ഗൊണ്ട നിവാസിയായ വീരമല്ല രാമലക്ഷ്മയ്യയുടെ വൃക്കയില്‍ നിന്നാണ് ഇത്രയും കല്ലുകള്‍ നീക്കം ചെയ്തത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇടതുവശത്തെ വൃക്കയിലെ കല്ല് മൂലം വിട്ടുമാറാത്ത വേദന സഹിച്ചുകൊണ്ടാണ് വീരമല്ല ജീവിച്ചിരുന്നത്. പ്രദേശത്തെ ഒരു ഹെല്‍ത്ത് പ്രാക്ടീഷണര്‍ നല്‍കിയ മരുന്ന് കഴിച്ചെങ്കിലും വേദനയ്ക്ക് ശമനമുണ്ടായില്ല. അത് അദ്ദേഹത്തിന്റെ ദിനചര്യയെ ബാധിച്ചു, തന്റെ കാര്യങ്ങള്‍ തന്നെ കൃത്യമായി ചെയ്യാന്‍ അദ്ദേഹത്തിന് കഴിയാതെ വന്നു. മെര്‍ക്കുറിയുടെ (mercury) അളവ് കൂടുന്നതും വേദന കൂടുതല്‍ വഷളാക്കി.

  ഇതേത്തുടര്‍ന്ന് അവെയര്‍ ഗ്ലെനീഗിള്‍സ് ഗ്ലോബല്‍ ആശുപത്രിയിലെത്തി പരിശോധന നടത്തി. അങ്ങനെ രണ്ട് ടെസ്റ്റുകള്‍ നടത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ ഇടതുവശത്തെ വൃക്കയില്‍ കല്ലുകളുണ്ടെന്ന് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിലും അള്‍ട്രാസൗണ്ട് സ്‌കാനിലും ഇടത് വശത്തെ വൃക്കയില്‍ ധാരാളം കല്ലുകള്‍ കണ്ടെത്തിയതായി ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ് ഡോ.പൂല നവീന്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സിടി സ്‌കാനിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് രോഗിക്ക് ഇതേക്കുറിച്ച് കൗണ്‍സിലിംഗ് നല്‍കി. തുടര്‍ന്ന് താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ എല്ലാ കല്ലുകളും നീക്കം ചെയ്തതായും അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് ദിവസത്തിനു ശേഷം അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.

  Also Read- Hottest Places| 70.7 ഡിഗ്രി സെൽഷ്യസ് വരെ; ലോകത്തിലെ ഏറ്റവും ചൂടേറിയ പ്രദേശങ്ങൾ അറിയാം

  വേനല്‍ക്കാലത്തെ ഉയര്‍ന്ന താപനില ആളുകള്‍ക്കിടയില്‍ നിര്‍ജ്ജലീകരണം വര്‍ദ്ധിപ്പിക്കുമെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. നിര്‍ജ്ജലീകരണം വൃക്കകളില്‍ കല്ലുകള്‍ രൂപപ്പെടുന്നതിന് കാരണമാകും. അതിനാല്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ആളുകള്‍ കൂടുതല്‍ വെള്ളവും പ്രത്യേകിച്ച് കരിക്കിന്‍ വെള്ളവും കുടിക്കണമെന്നും അവര്‍ ശുപാര്‍ശ ചെയ്യുന്നു.

  നേരത്തെ, കടുത്ത വയറു വേദനയുമായി ആശുപത്രിയിലെത്തിയ രോഗിയുടെ വൃക്കയില്‍ നിന്ന് താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ 156 കല്ലുകള്‍ നീക്കം ചെയ്തിരുന്നു. ലാപ്രോസ്‌കോപ്പിയും എന്‍ഡോസ്‌കോപ്പിയും ഉപയോഗിച്ച് രാജ്യത്ത് ഇതുവരെ ഒരു രോഗിയുടെ കിഡ്നിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കല്ലുകള്‍ നീക്കം ചെയ്തത് തങ്ങളാണെന്ന് ആശുപത്രി അവകാശപ്പെട്ടിരുന്നു. പ്രീതി യൂറോളജി ആന്‍ഡ് കിഡ്‌നി ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടത്തിയത്. കര്‍ണാടകയിലെ ഹൂബ്ലിയില്‍ നിന്നുള്ള സ്‌കൂള്‍ അധ്യാപകനായ ബസവരാജ് മടിവാളര്‍ (50) എന്ന രോഗിക്ക് അടിവയറ്റിനടുത്ത് പെട്ടെന്ന് വേദന അനുഭവപ്പെടുകയായിരുന്നു. പരിശോധനയില്‍ വൃക്കയില്‍ കല്ലുകളുടെ വലിയൊരു കൂട്ടം തന്നെ കണ്ടെത്തുകയായിരുന്നുവെന്ന് ആശുപത്രിയുടെ പ്രസ്താവനയില്‍ പറയുന്നു.

  അടുത്തിടെ,  വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിന് പകരം വൃക്ക നീക്കം ചെയ്ത് രോഗി മരിച്ചിരുന്നു. ഡോക്ടറുടെ അശ്രദ്ധ കാരണം രോഗി മരിച്ച സംഭവത്തില്‍ കുടുംബത്തിന് 11 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഗുജറാത്ത് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധിച്ചു. ഗുജറാത്ത് സ്വദേശിയുടെ ഇടത് വൃക്കയാണ് ഡോക്ടറുടെ അശ്രദ്ധ മൂലം നീക്കം ചെയ്തത്.
  Published by:Rajesh V
  First published: