HOME /NEWS /Buzz / അപ്രതീക്ഷിതമായി ഭാരം കൂടി; യുവതിയുടെ വയറ്റിൽ നിന്ന് ഡോക്റ്റർമാർ നീക്കം ചെയ്തത് ഫുട്‍ബോൾ വലിപ്പത്തിലുള്ള മുഴ

അപ്രതീക്ഷിതമായി ഭാരം കൂടി; യുവതിയുടെ വയറ്റിൽ നിന്ന് ഡോക്റ്റർമാർ നീക്കം ചെയ്തത് ഫുട്‍ബോൾ വലിപ്പത്തിലുള്ള മുഴ

News18

News18

ഡയറ്റിലൂടെ ഏതാണ്ട് ആറു കിലോഗ്രാമോളം ഭാരം കുറഞ്ഞെങ്കിലും അവരുടെ വയര്‍ വീര്‍ത്ത നിലയില്‍ തന്നെ തുടരുകയായിരുന്നു.

  • Share this:

    അപ്രതീക്ഷിതമായി ഭാരം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഡോക്റ്ററെ കണ്ട യുവതി തന്റെ വയറ്റില്‍ ഫുട്‌ബോളിന്റെ വലിപ്പത്തില്‍ ഒരു മുഴയുണ്ടെന്ന് അറിഞ്ഞ് അക്ഷരാര്‍ത്ഥത്തില്‍ പകച്ചുപോയി. അബി ചാഡ്വിക്ക് എന്ന യുവതിയ്ക്ക് ഏതാനും മാസങ്ങള്‍ കൊണ്ടാണ് അനിയന്ത്രിതമാം വിധം തടി കൂടിയത്. ശരീരഭാരം വര്‍ധിച്ചതിനു പിന്നിലെ കാരണം എന്താണെന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടാതെ ഒടുവില്‍ അവര്‍ ഭക്ഷണം നിയന്ത്രിക്കാന്‍ തീരുമാനിച്ചു.

    ഡയറ്റിലൂടെ ഏതാണ്ട് ആറു കിലോഗ്രാമോളം ഭാരം കുറഞ്ഞെങ്കിലും അവരുടെ വയര്‍ വീര്‍ത്ത നിലയില്‍ തന്നെ തുടരുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ ചാഡ്വിക്കിന് വയറില്‍ ശക്തമായ വേദന അനുഭവപ്പെടാന്‍ തുടങ്ങി. വയറിന്റെ വലതു ഭാഗത്ത് മുറിവ് മൂലം തുന്നലിട്ടതിന് സമാനമായ വേദനയായിരുന്നു അനുഭവപ്പെട്ടതെന്ന് ചാഡ്വിക്ക് ഓര്‍ത്തെടുക്കുന്നു. പതിയെപ്പതിയെ നടക്കാനും കുനിഞ്ഞു നില്‍ക്കാനുമൊക്കെ അവര്‍ക്ക് ബുദ്ധിമുട്ട് തോന്നാന്‍ തുടങ്ങി.

    ഒരു ടോസ്റ്റിന്റെ കഷ്ണം പോലും കഴിക്കാന്‍ പറ്റാത്ത വിധത്തില്‍ അസ്വസ്ഥത രൂക്ഷമായതിനെ തുടര്‍ന്നാണ് ചാഡ്വിക്ക് വൈദ്യസഹായം തേടാന്‍ തീരുമാനിച്ചത്. അപ്പോഴേക്കും താന്‍ ഗര്‍ഭിണിയാണോ എന്ന് വരെ ആളുകള്‍ ചോദിക്കാന്‍ തുടങ്ങിയിരുന്നതായും അവര്‍ പറയുന്നു. തടി കൂടുന്നത് കൊണ്ടാണ് ഭാരത്തിലും വര്‍ദ്ധനവ് ഉണ്ടായതെന്നാണ് അതുവരെ താന്‍ കരുതിയിരുന്നത് എന്നും ചാഡ്വിക്ക് പറഞ്ഞു. എന്നാല്‍, അത് മൂലമുള്ള ബുദ്ധിമുട്ടുകള്‍ രൂക്ഷമായതോടെ വൈദ്യസഹായം തേടാതിരിക്കാന്‍ കഴിയാത്ത സ്ഥിതിയായി.

    എന്നാല്‍, ഡോക്റ്ററെ കണ്ടതോടെയാണ് താന്‍ ഇത്രയും കാലം അനുഭവിച്ച ബുദ്ധിമുട്ടുകളുടെ യഥാര്‍ത്ഥ കാരണം എന്താണെന്ന് ചാഡ്വിക്കിന് ബോധ്യമായത്. അല്‍പ്പം പേടിപ്പെടുത്തുന്ന വെളിപ്പെടുത്തല്‍ തന്നെയായിരുന്നു ഡോക്റ്റര്‍മാര്‍ നടത്തിയത്. ഏതാനും മെഡിക്കല്‍ പരിശോധനകള്‍ക്കും സ്‌കാനിങ്ങുകള്‍ക്കും ഒടുവില്‍ ചാഡ്വിക്കിന്റെ ആമാശയത്തില്‍ 13 ഇഞ്ച് വലിപ്പമുള്ള, ഫുട്‌ബോളിന് സമാനമായ ഒരു മുഴയാണ് ഡോക്റ്റര്മാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത്.

    ആ ഭീമന്‍ മുഴ ഏപ്രില്‍ മാസം തന്നെ ഡോക്റ്റര്‍മാര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. തന്റെ ആരോഗ്യത്തെ വല്ലാതെ ബാധിച്ചു തുടങ്ങിയ ആ മുഴയില്‍ നിന്ന് മുക്തയാകാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ചാഡ്വിക്ക് ഇപ്പോള്‍. 'വീണ്ടും എനിക്ക് എന്നെ തന്നെ തിരിച്ചു കിട്ടിയത് പോലെ തോന്നുന്നു', ചാഡ്വിക്ക് പറയുന്നു. അത്രയും തടിയുണ്ടായിരുന്ന മറ്റൊരാളെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും പുഞ്ചിരി തൂകിക്കൊണ്ട് ചാഡ്വിക്ക് പറയുന്നു.

    താന്‍ ജനിച്ച സമയം മുതല്‍ തന്നെ ആ മുഴ തന്റെ ആമാശയത്തില്‍ വളരാന്‍ തുടങ്ങിയിട്ടുണ്ട് എന്നാണ് കരുതുന്നതെന്ന് ചാഡ്വിക്ക് പറയുന്നു. ആ മുഴ പൊട്ടിപ്പോവുകയോ മറ്റോ ചെയ്തിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന അവസ്ഥ ആലോചിക്കാന്‍ കഴിയുന്നില്ലെന്നും അല്‍പ്പം ഞെട്ടലോടെ ചാഡ്വിക്ക് പറഞ്ഞു.

    First published:

    Tags: Uk, Weight gain, Woman