വളർത്തുമൃഗങ്ങളെ (Pets) ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? വളർത്തുമൃഗങ്ങളെ വളർത്തുമ്പോൾ ഇവ ഉണ്ടാക്കുന്ന ചില പൊല്ലാപ്പുകളോടും നിങ്ങൾ പൊരുത്തപ്പെടേണ്ടി വരും. അടുത്തിടെ ഒരു വളർത്തു നായ (Dog) തന്റെ ഉടമയ്ക്ക് 4 ലക്ഷം രൂപയോളം വരുന്ന നഷ്ടമാണ് ഉണ്ടാക്കിയത്. ഈ വാർത്ത വെയിൽസ് ഓൺലൈനാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വിസ്കി എന്ന ലാബ്രഡോർ നായ അടുത്തിടെയാണ് ടാപ്പ് എങ്ങനെ ഓണാക്കാമെന്ന് പഠിച്ചത്. ഉടമകൾ വീട്ടിലില്ലാതിരുന്ന ഒരു ദിവസം വിസ്കി വീട്ടിലെ ഒരു ടാപ്പ് ഓണാക്കിയിട്ടു. ഇതിനെ തുടർന്ന് മുറിയിൽ മുഴുവൻ വെള്ളം കയറി. ഏകദേശം 4,000 പൗണ്ടിന്റെ (4 ലക്ഷം രൂപ) നാശനഷ്ടമാണ് ഇതുമൂലമുണ്ടായത്. സംഭവം വീട്ടിലെ സുരക്ഷാ ക്യാമറയിൽ പതിയുകയും ചെയ്തു. പ്രശസ്ത ഡോഗ് ഷോയായ ക്രഫ്റ്റിൽ ഇൻഷുറൻസ് ഏജന്റ് അവിവയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഓരോ വർഷവും യുകെയിൽ നായകൾ വരുത്തിയ നാശനഷ്ടങ്ങൾ സംബന്ധിച്ച് ഏകദേശം 800ഓളം ക്ലെയിമുകൾ ലഭിക്കാറുണ്ടെന്നും വിസ്കി ടാപ്പ് ഓണാക്കിയതും മുറിയിൽ വെള്ളം കയറിയതും ഇതുപോലുള്ള ഒന്നാണെന്നും അവിവ പറഞ്ഞു. നായകളുണ്ടാക്കുന്ന നഷ്ടങ്ങളുടെ ക്ലെയിമുകൾക്ക് ശരാശരി 1,100 പൌണ്ടിന്റെ (1,09,847 രൂപ) മൂല്യമുണ്ടെന്നും അവീവ വ്യക്തമാക്കി. വിസ്കിയുടെ കേസ് ഇത്തരത്തിലുള്ള ഏറ്റവും ചെലവേറിയ ഒന്നാണെന്നും അവർ വ്യക്തമാക്കി.
നായയുമായി ബന്ധപ്പെട്ട മറ്റ് നിരവധി അപകടങ്ങളെക്കുറിച്ചും അവിവ സംസാരിച്ചു. അവിവ കൈകാര്യം ചെയ്ത മറ്റൊരു അസാധാരണമായ കേസ് ഉടമ ഫിഷ് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വളർത്തു നായ ലാപ്ടോപ്പ് ബക്കറ്റിലേയ്ക്ക് തട്ടിയിട്ടതാണ്. സമാനമായ മറ്റൊരു സംഭവത്തിൽ ഒരു നായ രണ്ട് ലിറ്റർ പെയിന്റ് കോണിപ്പടിയിൽ താഴേക്ക് മറിച്ചിട്ടതാണ്. മറ്റൊരു നായ ടിവിയിൽ മറ്റൊരു നായയെ കണ്ട് ആവേശഭരിതനായി ടിവി സ്റ്റാൻഡിൽ നിന്ന് മറിച്ച് താഴെ ഇട്ടതാണ്. ഇത്തരത്തിൽ വളർത്തുനായ്ക്കൾ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ നിരവധിയാണ്.
നായകളും മറ്റു വളര്‍ത്തുമൃഗങ്ങളും നമുക്ക് എന്നും നല്ല കൂട്ടാളികളാണ്. ജോലിസ്ഥലത്തെ തിരക്കുകൾക്ക് ശേഷം വീട്ടിലേക്ക് വരുമ്പോള്‍ അവിടെ ഒരു വളര്‍ത്തുനായ ഉണ്ടെങ്കില്‍ നമ്മുടെ മാനസിക സമ്മർദ്ദം വലിയ തോതിൽ കുറയും. വളര്‍ത്തുമൃഗങ്ങള്‍ നമ്മുടെ പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കും. കോവിഡ് മഹാമാരിയുടെ സമയത്ത് നിരവധി പേരുടെ ഒരു പ്രധാന ഹോബിയായിരുന്നു മൃഗങ്ങളെ വളർത്തൽ. കൂടുതല്‍ കാലം വീടുകളില്‍ തന്നെ കഴിയേണ്ടി വന്ന സാഹചര്യത്തിൽ മാനസിക സംഘര്‍ഷം ലഘൂകരിക്കാനുള്ള മികച്ച വഴി കൂടിയായിരുന്നു അത്.
നിങ്ങള്‍ ഒരു നായയെ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പല കാര്യങ്ങളും മനസ്സില്‍ കരുതേണ്ടതുണ്ട്. നായ്ക്കളെ പരിപാലിക്കുന്നത് അത്ര എളുപ്പമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഒരു നായയുടെ ശരാശരി ആയുസ്സ് 10-15 വര്‍ഷമാണ്. ആ സമയത്ത് അവരുടെ ഉത്തരവാദിത്വം പൂർണമായും നിങ്ങള്‍ക്കാണ്. ഒരു നായ കൂടെയുള്ളപ്പോള്‍ ചിലപ്പോള്‍ നിങ്ങളുടെ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.