നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ചൈനയിൽ കണ്ടെത്തിയ ദിനോസർ ഫോസിലിന് ഡോറമോൺ കാർട്ടൂൺ കഥാപാത്രത്തിന്റെ പേര്

  ചൈനയിൽ കണ്ടെത്തിയ ദിനോസർ ഫോസിലിന് ഡോറമോൺ കാർട്ടൂൺ കഥാപാത്രത്തിന്റെ പേര്

  2020 ജൂലൈയിൽ ചൈനയുടെ ദക്ഷിണ പശ്ചിമ പ്രവിശ്യയായ സിച്ചുവാനിലാണ് ഈ ഫോസിൽ കണ്ടെത്തിയത്.

   Credits: Still from show via Doraemon Wikimedia.

  Credits: Still from show via Doraemon Wikimedia.

  • Share this:
   കഴിഞ്ഞ വർഷം ചൈനയിൽ കണ്ടെത്തിയ ദിനോസറിന്റെ കാൽപ്പാദങ്ങളുടെ ഫോസിലിന് 'യൂബ്രോണ്ടസ് നോബിറ്റൈ' എന്ന് പേര് നൽകി. ജാപ്പനീസ് അനിമേഷൻ സീരീസായ ഡോറമോണിലെ ജനപ്രിയ കാർട്ടൂൺ കഥാപാത്രമായ നോബിറ്റയോടുള്ള ആദരസൂചകമായാണ് ഫോസിലിന് ഈ പേര് നൽകിയത്. ക്യോഡോ ന്യൂസ് നൽകുന്ന വിവരങ്ങൾ പ്രകാരം, 2020 ജൂലൈയിൽ ചൈനയുടെ ദക്ഷിണ പശ്ചിമ പ്രവിശ്യയായ സിച്ചുവാനിലാണ് ഈ ഫോസിൽ കണ്ടെത്തിയത്.

   ദിനോസറുകളെ ചിത്രീകരിച്ചിട്ടുള്ള ഡോറമോൺ ചിത്രങ്ങൾ മികച്ചവയാണെന്നും ചൈനയിൽ നിരവധി പേരുടെ കുട്ടിക്കാലത്തെ ഓർമകളുടെ ഭാഗമാണ് അതിലെ കഥാപാത്രങ്ങൾ എന്നുമാണ് ഫോസിലിന് നോബിറ്റയുടെ പേര് നൽകിയ തീരുമാനത്തെക്കുറിച്ച് ബീജിങിലെ ഭൗമശാസ്ത്ര സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഷിങ് ലിഡ പ്രതികരിച്ചത്. 1980ൽ പുറത്തിറങ്ങിയ 'നോബിറ്റാസ് ദിനോസർ', 2020ൽ പുറത്തിറങ്ങിയ 'നോബിറ്റാസ് ന്യൂ ദിനോസർ' എന്നീ ചിത്രങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

   സിച്ചുവാനിൽ കണ്ടെത്തിയ ദിനോസറിന്റെ നാല് കാൽപ്പാദങ്ങൾ തമ്മിലുള്ള അകലം 50 സെന്റീമീറ്ററും പാദത്തിന്റെ നീളം മുപ്പത് സെന്റീമീറ്ററുമാണ്. ഈ ദിനോസറിന്റെ ശരീരത്തിന്റെ നീളം ഏതാണ്ട് 4 മീറ്ററോളം വരുമെന്ന് ഗവേഷകർ കണക്കുകൂട്ടുന്നു. ഈ കാൽപ്പാദങ്ങളുടെ പകർപ്പ് ടോക്കിയോ നാഷണൽ മ്യൂസിയത്തിലേക്കും ഡോറമോൺ സീരീസിന്റെ നിർമാണ കമ്പനിയായ ഫ്യൂജിക്കോ പ്രൊ കമ്പനിയിലേക്കും അയച്ചതായി പ്രൊഫസർ ഷിങ് ലിഡ അറിയിച്ചു. ടോക്കിയോ മ്യൂസിയത്തിലേക്ക് അയച്ച പകർപ്പ് നവംബർ 30 മുതൽ പ്രദർശിപ്പിക്കും.

   1969-ൽ ഫ്യൂജിക്കോ എഫ് ഫ്യൂജിയോ ആണ് ജനപ്രിയ ജാപ്പനീസ് സീരീസായ ഡോറമോൺ എഴുതുകയും ചിത്രീകരിക്കുകയും ചെയ്തത്. ഇരുപത്തിരണ്ടാം നൂറ്റാണ്ടിൽ നിന്ന് ഇന്നത്തെ ലോകത്തേക്ക് എത്തിയ ഒരു നീല റോബോട്ടിക് പൂച്ചയും നോബിറ്റ എന്ന സ്‌കൂൾ വിദ്യാർത്ഥിയും തമ്മിലുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് സീരീസിന്റെ കഥ വികസിക്കുന്നത്.

   തന്റെ മുൻഗാമികൾക്ക് മികച്ച ജീവിതം ലഭിക്കുന്നതിന് വേണ്ടി നോബിറ്റയുടെ ഭാവി പേരക്കുട്ടിയാണ് റോബോട്ടിനെ ഭൂതകാലത്തിലേക്ക് അയക്കുന്നത്. ഈ സീരീസിന്റെ പ്രമേയം പിന്നീട് പല സിനിമകളിലും ടിവി ഷോകളിലുമൊക്കെ സ്വീകരിച്ചിട്ടുണ്ട്. ജപ്പാനിൽ വലിയ ജനപ്രീതി നേടിയ കാർട്ടൂൺ ആണ് ഡോറമോൺ സീരീസ്. ഈ അനിമേഷൻ സീരീസിന് ലഭിച്ച വൻ ജനപ്രീതിയുടെ അംഗീകാരം എന്ന നിലയ്ക്ക് 2008-ൽ ഡോറമോണിനെ ജപ്പാനിലെ വിദേശ മന്ത്രാലയം ആദ്യത്തെ 'അനിമേഷൻ അംബാസഡർ' ആയി പ്രഖ്യാപിച്ചു. 2012-ലെ കണക്കനുസരിച്ച് ലോകത്താകമാനം ഡോറമോണിന്റെ 170 ദശലക്ഷം കോപ്പികളാണ് വിറ്റഴിക്കപ്പെട്ടിട്ടുള്ളത്. ലോകത്ത് എക്കാലത്തെയും മികച്ച വരുമാനം നേടിയ മീഡിയ ഫ്രാഞ്ചൈസികളിൽ ഒന്ന് കൂടിയാണ് ഡോറമോൺ. ജപ്പാനിലെ കൾച്ചറൽ ഐക്കണായി കണക്കാക്കപ്പെടുന്ന ഡോറമോൺ ജപ്പാനിലെ യുദ്ധാനന്തര തലമുറയുടെ കുടുംബ ജീവിതത്തിന്റെ അനിവാര്യ ഭാഗമായിരുന്നതായും കണക്കാക്കപ്പെടുന്നു.
   Published by:Jayesh Krishnan
   First published:
   )}