"പക്ഷിക്കൂട്ടിൽ നിന്നു വീണ ബോംബും വെറുപ്പും വിദ്വേഷവും മൂലം കുഞ്ഞുങ്ങൾ അനുഭവിക്കേണ്ടിവരുന്ന വേദനയും"

സ്ഫോടനത്തിൽ പുറമേ ശരീരത്തിന് ഏൽക്കുന്ന പരുക്ക് കൂടാതെ ആന്തരികാവയവങ്ങൾക്ക് ഉണ്ടാകുന്ന ക്ഷതവും തീവ്രമാണ്...

news18
Updated: March 26, 2019, 1:50 PM IST
News 18
  • News18
  • Last Updated: March 26, 2019, 1:50 PM IST
  • Share this:
ബോംബ് സ്ഫോടനം ഒരാളെ ഏതൊക്കെ തരത്തിൽ പരുക്കേൽപ്പിക്കുമെന്ന് അറിയാമോ? കഴിഞ്ഞ ദിവസം കണ്ണൂരിൽ പക്ഷി കൂട്ടിൽനിന്ന് ബോംബ് വീണ് പൊട്ടി രണ്ടു കുട്ടികൾക്ക് ഗുരുതരമായി പരുക്കേറ്റെന്ന വാർത്ത പുറത്തുവന്നിരുന്നു. എട്ടും 12ഉം വയസുള്ള കുട്ടികൾക്കാണ് പരുക്കേറ്റത്. ഇതിൽ ഒരു കുട്ടിയുടെ ജനനേന്ദ്രിയം തകർന്നതായും വാർത്തയിൽ പറയുന്നുണ്ട്. ഈ വാർത്തയുടെ പശ്ചാത്തലത്തിൽ ബോംബ് സ്ഫോടനത്തിൽ ഏൽക്കുന്ന പരുക്കിനെക്കുറിച്ചും അതിന്‍റെ തീവ്രതയെക്കുറിച്ചും ഡോ. ജിനേഷ് പി.എസ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. സ്ഫോടനത്തിൽ പുറമേ ശരീരത്തിന് ഏൽക്കുന്ന പരുക്ക് കൂടാതെ ആന്തരികാവയവങ്ങൾക്ക് ഉണ്ടാകുന്ന ക്ഷതവും തീവ്രമാണെന്ന് ഡോ. ജിനേഷ് പറയുന്നു.

കണ്ണൂരില്‍ ബോംബ് പൊട്ടി രണ്ട് കുട്ടികള്‍ക്ക് പരുക്ക്

ഡോ. ജിനേഷിന്‍റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം

പക്ഷി കൂട്ടില്‍നിന്നും ബോംബ് വീണു പൊട്ടി, രണ്ടു കുട്ടികള്‍ക്ക് ഗുരുതരമായ പരിക്ക് എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയാണ് മനസ്സില്‍. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷിബുവിന്റെ വീട്ടിലെ പക്ഷി കൂട്ടില്‍ സൂക്ഷിച്ചിരുന്ന ബോംബ് വീണു പൊട്ടി ഗോകുല്‍ എന്ന 8 വയസ്സുകാരനും കാഞ്ചിന്‍ കുമാറെന്ന് 12 വയസുകാരനും ഗുരുതരമായ പരിക്കേറ്റു എന്നാണ് വാര്‍ത്ത. എട്ടുവയസ്സുകാരന്റെ ജനനേന്ദ്രിയം തകര്‍ന്നു എന്നും വാര്‍ത്തയില്‍.

എന്തുമാത്രം വേദന ആ കുട്ടികള്‍ അനുഭവിച്ചിട്ടുണ്ടാകും. യാതൊരു തെറ്റും ചെയ്യാത്ത കുട്ടികള്‍.

ഒരു ബോംബ് ബ്ലാസ്റ്റില്‍ പരിക്കേറ്റയാള്‍ക്ക് പ്രാഥമിക വിലയിരുത്തലില്‍ കാണുന്ന പരിക്കുകള്‍ മാത്രം ആവണമെന്ന് നിര്‍ബന്ധമൊന്നുമില്ല. ആന്തരമായ പരിക്കുകള്‍ ഉണ്ടാവാനുള്ള സാധ്യതയും ഉണ്ട്. അതിശക്തമായ പൊട്ടിത്തെറിയില്‍ പലതരത്തിലുള്ള പരിക്കുകള്‍ ശരീരത്തില്‍ സംഭവിക്കാം.

പ്രൈമറി ഇഞ്ചുറിസ്:

ബ്ലാസ്റ്റ് മൂലമുള്ള പരിക്കുകള്‍ ആണ്. വായു മര്‍ദ്ദത്തില്‍ ഉണ്ടാകുന്ന വ്യത്യാസം മൂലം ഉണ്ടാകുന്ന പരിക്കുകള്‍.

ബോംബ് സ്‌ഫോടനം നടക്കുമ്പോള്‍ രണ്ടു തരത്തിലുള്ള കമ്പനം അഥവാ waves വായുവില്‍ ഉണ്ടാകുന്നുണ്ട്. വളരെ ശക്തിയായ മര്‍ദ്ദം ഉള്ള കമ്പനവും (high positive pressure wave) അതിനെത്തുടര്‍ന്ന് ശക്തികുറഞ്ഞ ന്യൂനമര്‍ദ്ദവും (weak negative pressure wave). ഈ മര്‍ദ്ദ വ്യത്യാസത്തിന്റെ ഇഫക്ട് വലുതാണ്. അതായത് വലിയ ശബ്ദത്തോടു കൂടിയുള്ള പ്രഷര്‍ വേവും തുടര്‍ന്നുണ്ടാകുന്ന മര്‍ദ കുറവിനെ തുടര്‍ന്നുള്ള വിന്‍ഡ് ബ്ലാസ്റ്റും (wind blast) ഉണ്ടാവും. ഇവമൂലം ബാഹ്യമായ പരിക്കുകളില്ലാതെ തന്നെ ആന്തര അവയവങ്ങളായ ശ്വാസകോശം, കുടല്‍ തുടങ്ങിയവയ്ക്ക് കാര്യമായ പരിക്കുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്.

സ്‌ഫോടനങ്ങളില്‍ ഏറ്റവും കൂടുതല്‍ പരിക്ക് പറ്റാന്‍ സാധ്യതയുള്ള ഒരവയവം ശ്വാസകോശമാണ്. അതിന് കാരണം ഈ ശക്തമായ കമ്പനം തന്നെ. ശ്വാസകോശത്തിന്റെ പല ഭാഗങ്ങളിലും ചെറുതും വലുതുമായ രക്തസ്രാവം (haemorrhage) പള്‍മിനറി എഡീമയ (pulmonary edema) എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് ന്യൂമോണിയയും ARDS ഉം ഉണ്ടായിക്കൂടെന്നില്ല. എയര്‍ എംബോളിസവും അത്ര വിരളമല്ല. ശ്വാസംമുട്ടലും നെഞ്ചുവേദനയും ചുമക്കുമ്പോള്‍ രക്തമയമുള്ള കഫവും രക്തസമ്മര്‍ദ്ദം കുറയുകയും ശ്വസന തോത് കുറയുകയും ഒക്കെയാണ് ലക്ഷണങ്ങള്‍.

ചെവിയിലെ കര്‍ണപടം പൊട്ടുന്നതും വളരെ സാധാരണമാണ്. അന്തരീക്ഷത്തിലെ മര്‍ദ്ദവ്യത്യാസം തന്നെയാണ് കാരണം.

സെക്കന്‍ഡറി ഇഞ്ചുറിസ്:

സ്‌ഫോടനത്തില്‍ തെറിച്ചു വരുന്ന മിസൈലുകള്‍ മൂലമുള്ള പരിക്കുകള്‍ ആണ് ഈ വിഭാഗത്തില്‍. ബോംബില്‍ നിന്നും തെറിച്ചു വരുന്ന ഭാഗങ്ങള്‍ കൊണ്ട് ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാവാം. സ്‌ഫോടനത്തിന്റെ ശക്തിയും മിസൈലുകളുടെ വലിപ്പവും അനുസരിച്ച് പരിക്കുകളുടെ കാഠിന്യത്തില്‍ വ്യത്യാസമുണ്ടാവാം.

ടെറിഷറി ഇഞ്ചുറിസ്:

സ്‌ഫോടനം മൂലം ചിലപ്പോള്‍ സമീപത്തുള്ളവര്‍ എടുത്തെറിയപ്പെടാന്‍ പോലും സാധ്യതയുണ്ട്. അങ്ങനെ എടുത്തെറിയപ്പെടുമ്പോള്‍ ശരീരം തട്ടി ഉണ്ടാവുന്ന പരിക്കുകളെ ഈ വിഭാഗത്തില്‍ പെടുത്താം.

ക്വാട്ടര്‍നറി ഇഞ്ചുറിസ്:

ബോംബ് സ്‌ഫോടനത്തില്‍ ഉണ്ടാകുന്ന തീ, ചൂടുവായു, കെമിക്കല്‍സ് (corrosive chemicals), വിഷവാതകങ്ങള്‍ തുടങ്ങിയവ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍.

അതിശക്തമായ ബോംബ് സ്‌ഫോടനത്തില്‍ താപനില വളരെയധികം ഉയരാം. ശക്തിയേറിയ സ്‌ഫോടനം ആണെങ്കില്‍ തൊട്ടടുത്തു നില്‍ക്കുന്ന ഒരാളുടെ ശരീരം കത്തിക്കരിഞ്ഞു പോകാന്‍ ഇതു മതിയാകും. ഏതാനും മീറ്ററുകള്‍ ദൂരം വരെ ശക്തമായ താപനില ഉയരാന്‍ സാധ്യതയുണ്ട്. അത് മൂലം ശരീരത്തില്‍ പൊള്ളലുകള്‍ സംഭവിക്കാം. ചിലപ്പോള്‍ ടാറ്റൂ പോലും ഉണ്ടാവാം.

പറഞ്ഞുവന്നത് എന്തെന്നുവെച്ചാല്‍ ബോംബ് സ്‌ഫോടനത്തിന് ഇരയായ ആളുടെ ശരീരത്തിന് പുറമേ കാണുന്ന അവസ്ഥ ആവണമെന്നില്ല ആന്തരാവയവങ്ങള്‍ക്ക്. അതുകൊണ്ടുതന്നെ പുറമെ കാണുമ്പോഴുള്ള വിലയിരുത്തല്‍ ശരിയാവണമെന്നില്ല. ആള്‍ രക്ഷപ്പെട്ടു എന്ന് ഉറപ്പിക്കണമെങ്കില്‍ തന്നെ കുറച്ചു നാളുകള്‍ എടുക്കും. പല സങ്കീര്‍ണതകളും ഉണ്ടാവാനും സാധ്യതയുണ്ട്. അതിനാല്‍ ശാസ്ത്രീയമായ ചികിത്സ തന്നെ നല്‍കിയിരിക്കണം.

മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത് ഒരു തെറ്റും ചെയ്യാത്ത ആ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന വേദനയാണ്. മനുഷ്യനെ മനുഷ്യനായി കാണാത്തവരുടെ വെറുപ്പും വിദ്വേഷവും മൂലം അനുഭവിക്കേണ്ടിവരുന്ന കുഞ്ഞുങ്ങളുടെ വേദന.

ഇതൊക്കെ അവസാനിപ്പിക്കേണ്ടതുണ്ട്. മനുഷ്യനെ മനുഷ്യനായി മനസ്സിലാക്കി സ്‌നേഹിക്കാന്‍ പഠിക്കേണ്ടതുണ്ട് എന്ന് മാത്രമാണ് പറയാനുള്ളത്. കുട്ടികള്‍ ഒന്ന് വീണു വേദനിച്ചു കരഞ്ഞാല്‍, കയ്യോ കാലോ ചെറുതായി മുറിഞ്ഞാല്‍ പോലും സഹിക്കില്ല നമുക്ക് എന്ന് ഓര്‍ക്കണം. അപ്പോഴാണ് ഇത്രയധികം വേദന അനുഭവിക്കുന്നത്...
First published: March 26, 2019, 1:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading