തിരുവനന്തപുരം: നന്മയുള്ള ലോകത്തെ പ്രതിസന്ധിയിൽ നിന്നും കര കയറ്റാൻ യുവാക്കൾ അണി നിരന്ന അവസരത്തിലൂടെയാണ് പ്രളയസന്ധിയിൽ കേരളം കടന്നു പോയത്. ഇനിയും ഒരു ദുരന്തം വരാതിരിക്കട്ടെയെന്നും, അപ്രതീക്ഷിതമായി ഒരു പ്രതിസന്ധി വന്നുചേർന്നാൽ അതിനായി കൈകോർക്കാൻ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള യുവതീ യുവാക്കളെ അണിനിരത്താനുള്ള ഡ്രൈവത്തോണിന് തലസ്ഥാന നഗരിയിൽ സമാപനം. നാളെ നടക്കുന്ന ഒരു ലക്ഷം വോളണ്ടിയർമാരുടെ പ്രഖ്യാപനത്തിലൂടെ കേരളത്തിൽ ഒരു വൻ ടാസ്ക് ഫോഴ്സ് രൂപീകൃതമാവും. ന്യൂസ് 18 കേരളത്തിന്റെ 'കരളുറപ്പുള്ള കേരളം', ഡ്രൈവത്തോണിന്റെ തീം സോംഗുകളിൽ ഒന്നാണ്.
കേരള യുവജന ക്ഷേമ ബോർഡിൻറെ നേതൃത്വത്തിൽ നവംബർ 29ന് ആരംഭിച്ച ഡ്രൈവത്തോൺ ഇതിനോടകം സംസ്ഥാനത്തെ 14 ജില്ലകളിലൂടെയും പര്യടനം നടത്തിക്കഴിഞ്ഞിരിക്കുന്നു. കാസർഗോട്ടെ പീലിക്കോട് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളായിരുന്നു ആദ്യ വേദി. പ്രധാനമായും കോളേജുകൾ തന്നെയായിരുന്നു ആതിഥേയം വഹിച്ചത്. തിരുവനന്തപുരത്ത് ആയുർവേദ കോളേജിലും മാനവീയം വീഥിയിലുമായി ഡ്രൈവത്തോൺ സമാപിച്ചു.
ദുരന്ത മുഖത്ത് യുവാക്കളെ സജ്ജരാക്കുകയെന്നത് യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു മുന്നോട്ടു വച്ച ആശയമാണ്. ഇതിനോടകം മുന്നോട്ടു വന്ന വോളണ്ടിയർമാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞെന്ന് പരിപാടിയുടെ മുഖ്യ സംഘാടകർ പറയുന്നു. അഭിരുചിക്കനുസരിച്ച് ഇവർക്ക് പരിശീലനം നൽകുകയെന്നതാണ് അടുത്ത ഘട്ടം. കഴിവുകളുടെ അടിസ്ഥാനത്തിൽ ഇവരെ പല വിധത്തിലുള്ള സന്നദ്ധ പ്രവർത്തനങ്ങൾക്കായി സജ്ജരാക്കും. ഡിസംബർ 19 ബുധനാഴ്ച നിശാഗന്ധിയിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വോളണ്ടിയർമാരെ പ്രഖ്യാപിക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.