നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഭാര്യയുടെ ജന്മദിനം; മൂന്ന് കോടിയുടെ റോൾസ് റോയ്‌സ് സമ്മാനമായി നൽകി പ്രവാസി മലയാളി വ്യവസായി

  ഭാര്യയുടെ ജന്മദിനം; മൂന്ന് കോടിയുടെ റോൾസ് റോയ്‌സ് സമ്മാനമായി നൽകി പ്രവാസി മലയാളി വ്യവസായി

  ബി സി സി ഗ്രൂപ്പ് ഉടമയായ അംജദ് സിത്താര എന്ന മലയാളി വ്യവസായിയാണ് തന്റെ ഭാര്യ മര്‍ജാന അംജദിന്റെ 22-ാം ജന്മദിനത്തില്‍ ഒരു റോള്‍സ് റോയ്‌സ് വ്രെയ്ത്ത് ബ്ലാക്ക് ബാഡ്ജ് കാര്‍ സമ്മാനമായി നല്‍കിയത്

  News 18

  News 18

  • Share this:
   ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി വ്യവസായി തന്റെ ഭാര്യയുടെ ജന്മദിനത്തില്‍ സമ്മാനമായി നല്‍കിയത് മൂന്ന് കോടി രൂപയുടെ റോള്‍സ് റോയ്‌സ്. ബി സി സി ഗ്രൂപ്പ് ഉടമയായ അംജദ് സിത്താര എന്ന മലയാളി വ്യവസായിയാണ് തന്റെ ഭാര്യ മര്‍ജാന അംജദിന്റെ 22-ാം ജന്മദിനത്തില്‍ ഒരു റോള്‍സ് റോയ്‌സ് വ്രെയ്ത്ത് ബ്ലാക്ക് ബാഡ്ജ് കാര്‍ സമ്മാനമായി നല്‍കിയത്. 16 ലക്ഷം ദിര്‍ഹമാണ് (മൂന്നേകാല്‍ കോടിയോളം ഇന്ത്യന്‍ രൂപ) ഈ കാറിന്റെ വില. മകളുടെ ജനനത്തിന് ശേഷമുള്ള ആദ്യ ജന്മദിനത്തിലാണ് അംജദ് ഭാര്യയ്ക്ക് അവരുടെ സ്വപ്‌ന വാഹനം സമ്മാനിച്ചത്.

   ബി സി സി ഗ്രൂപ്പിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ കൂടിയായ മര്‍ജാന അംജദിന്റെ ജന്മദിനം ഒക്ടോബര്‍ രണ്ടിനായിരുന്നു. അന്ന് തന്നെ മര്‍ജാനയ്ക്കും അവരുടെ നവജാത ശിശുവിനും ചുവന്ന റോള്‍സ് റോയ്‌സ് സമ്മാനിക്കുകയായിരുന്നു അംജദ് സിത്താര. ഇവരുടെ മകള്‍ അയ്‌റ മാലിക് അംജദ് ആഴ്ചകള്‍ക്ക് മുമ്പായിരുന്നു ജനിച്ചത്. കണ്ണൂര്‍ സ്വദേശികളായ ഈ ദമ്പതികള്‍ അവരുടെ ആദ്യ മകളുടെ ജനനത്തോടെ അവരുടെ വിവാഹ വാര്‍ഷിക ദിനവും ആഘോഷിച്ചു. കോവിഡ് പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 4-നായിരുന്നു ഇവര്‍ വിവാഹിതരായത്.

   ''ഈ കാര്‍ എനിക്ക് സമ്മാനിക്കാന്‍ അദ്ദേഹം പദ്ധതിയിടുന്നതായി എനിക്ക് അറിയില്ലായിരുന്നു. അറിഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. അദ്ദേഹം എന്നെയും മകളെയും ഷോറൂമിലേക്ക് കൊണ്ടുപോയി, അവിടം ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു. ഞാന്‍ വളരെ ആവേശത്തിലായിരുന്നു. ഇത് എന്റെ സ്വപ്ന കാര്‍ ആണ്. അത് ഒരു സമ്മാനമായി ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല''- മര്‍ജാന പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

   ബ്രിട്ടീഷ് കമ്പനിയും അത്യാഡംബര വാഹന നിര്‍മാതാക്കളുമായ റോള്‍സ് റോയ്‌സ് പുറത്തിറക്കുന്ന വ്രെയ്ത്ത് ബ്ലാക്ക് ബാഡ്ജ് കാറിന് 14 ലക്ഷം ദിര്‍ഹമാണ് യുഎഇയിലെ പ്രാരംഭ വില. ടോപ്പ് എന്‍ഡ് മോഡലിനായി 16 ലക്ഷം ദിര്‍ഹമാണ് അംജദ് മുടക്കിയത്. ആഭ്യന്തര മാര്‍ക്കറ്റില്‍ (ഇന്ത്യയില്‍) എട്ടര കോടി വില വരുന്ന കാറിന്റെ ഇന്‍ഷുറന്‍സിന് മാത്രം 38,000 ദിര്‍ഹം (ഏഴര ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) മലയാളി വ്യവസായിക്ക് ചെലവഴിക്കേണ്ടി വന്നിരുന്നു.

   ഇതാദ്യമായല്ല അംജദ് സിതാര തന്റെ ഭാര്യക്ക് ആഡംബര കാര്‍ സമ്മാനിക്കുന്നത്. കഴിഞ്ഞ വര്‍ഷം അദ്ദേഹം മര്‍ജാനയ്ക്ക് ഒരു മെഴ്‌സിഡസ് ഇ-ക്ലാസ് സമ്മാനിച്ചിരുന്നു. ഇവരുടെ ഗാരേജില്‍ റേഞ്ച് റോവര്‍, ബെന്റ്ലി, ടൊയോട്ട ലാന്‍ഡ് ക്രൂസര്‍, ജീപ്പ്, ഡോഡ്ജ് തുടങ്ങിയ മറ്റ് ആഡംബര കാറുകളും എസ് യു വികളുമുണ്ട്.

   ബി സി സി ഗ്രൂപ്പ് യു എ ഇയിലെ മാന്‍പവര്‍ സപ്ലൈ രംഗത്ത് ഒരു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. കൊവിഡ് ബാധിച്ച് മരണപ്പെട്ട കമ്പനിയിലെ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സഹായമെത്തിച്ചും യു എ ഇയില്‍ കുടുങ്ങിയ സന്ദര്‍ശക വിസക്കാര്‍ക്ക് ജോലി നല്‍കിയും നേരത്തെ തന്നെ ബി സി സി ഗ്രൂപ്പ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
   Published by:Naveen
   First published:
   )}