ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനൊപ്പം കഴിഞ്ഞ ദിവസം ബഹിരാകാശ യാത്ര നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഡച്ചുകാരനായ ഒലിവര്‍ ഡീമെന്‍.എന്നാല്‍ ആമസോണില്‍ നിന്ന് താന്‍ ഇതുവരെ ഒന്നും ഓഡര്‍ ചെയ്തിട്ടില്ലെന്ന് ഡീമന്റെ വെളിപ്പെടുത്തലാണ് ജെഫ് ബെസോസിന്റെ ഞെട്ടിച്ചിരിക്കുന്നത്.
18 വയസുള്ള ഭൗതികശാസ്ത്ര വിദ്യാര്‍ത്ഥിയാണ് ഒലിവര്‍ ഡീമെന്‍, ജെഫ് ബെസോസിന്റെ സഹോദരന് മാര്‍ക്ക് ബെസോസ്, 82 കാരിയായ വാലി ഫങ്ക് എന്നിവരാണ് ജെഫ് ബെസോസിനൊപ്പം യാത്ര നടത്തിയ മറ്റ് ബഹിരാകാശ യാത്രികര്‍. 82 കാരിയായ വാലി ഫങ്ക് ആണ് ബഹിരാകാശ യാത്ര നടത്തിയ ഏറ്റവും പ്രായം കൂടിയ വ്യക്തി. ഭൂമിയുടെ അന്തരീക്ഷത്തിനപ്പുറം നടത്തിയ ഈ 10 മിനിറ്റ് യാത്രയ്ക്കായി തന്റെ ഓണ്‍ലൈന്‍ ഡെലിവറി ബിസിനസ്സായ ആമസോണിലെ കോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന ഓഹരികള്‍ വിറ്റാണ് ബെസോസ് ബഹിരാകാശ പര്യവേക്ഷണ കമ്പനിയായ ബ്ലൂ ഒറിജിന്‍ ധനസഹായം നല്‍കിയത്.
ഞാന്‍ ജെഫിനോട് പറഞ്ഞു, ഞാന്‍ ഒരിക്കലും ആമസോണില്‍ നിന്ന് ഒന്നും വാങ്ങിയിട്ടില്ല,” ഡീമെന്‍ വെള്ളിയാഴ്ച ആംസ്റ്റര്‍ഡാമിലെ ഷിഫോള്‍ വിമാനത്താവളത്തില്‍ റോയിട്ടേഴ്സിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
അവസാന നിമിഷം മറ്റൊരാള്‍ യാത്ര റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഡീമെന്‍ ബഹിരാകാശ യാത്ര എന്ന സ്വപ്നം സാധ്യമായത്. കുട്ടിക്കാലം മുതലുള്ള ഡീമെന്റെ സ്വപ്നമായിരുന്നു ബഹിരാകാശ യാത്ര. ബ്ലൂ ഒറിജിന്‍ പോലുള്ള ബഹിരാകാശ പര്യവേക്ഷണ കമ്പനികളുടെ എല്ലാ വികസനങ്ങളും ഡീമെന്‍ പിന്തുടര്ന്നിരുന്നു. ചെറുപ്പത്തില്‍ത്തന്നെ പൈലറ്റ് ലൈസന്‍സും ഈ ചെറുപ്പക്കാരന് നേടിയിട്ടുണ്ട്.
28 മില്യണ്‍ ഡോളറിനടുത്ത് പോലും താന്‍ പണം നല്‍കിയിരുന്നില്ല. എന്നാല്‍ അവര്‍ എന്നെ തിരഞ്ഞെടുത്തു. കാരണം ഞാന്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ഒരു പൈലറ്റും ആയിരുന്നു. മാത്രമല്ല ഈ യാത്രയെക്കുറിച്ച് എനിക്ക് ഇതിനകം തന്നെ ധാരാളം കാര്യങ്ങള്‍ അറിയാമായിരുന്നുവെന്നും ഡീമെന്‍ പറഞ്ഞു.
ഇത് എന്റെ എക്കാലത്തെയും വലിയ ലക്ഷ്യമായിരുന്നു. എന്നാല്‍ ഈ സ്വപ്നം ഉടന്‍ സംഭവിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും ഡീമന്‍ വ്യക്തമാക്കി. ക്രൂവിന് രണ്ട് ദിവസത്തെ സുരക്ഷാ പരിശീലനം ലഭിച്ചിരുന്നു, പക്ഷേ വളരെ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമായിരുന്നില്ല അത്. ഭാരക്കുറവ് അനുഭവപ്പെട്ടപ്പോള്‍ ജെഫ് ബെസോസിനൊപ്പം പന്ത് കളിക്കുന്നത് യാത്രയുടെ വീഡിയോയില്‍ കാണാനാകുമെന്നും ഡീമെന്‍ പറഞ്ഞു. 'അത് വളരെ രസകരമായിരുന്നു. ഭാരം ഇല്ലായ്മ വളരെ വിചിത്രമാണ്. ഞാന്‍ പ്രതീക്ഷിച്ചതിലും എളുപ്പമായിരുന്നു ആ അനുഭവമെന്നും' ഡീമെന്‍ പറഞ്ഞു.
സെപ്റ്റംബറില്‍ ഉട്രെച്റ്റ് യൂണിവേഴസിറ്റിയില്‍ പഠനം ആരംഭിക്കാന്‍ പോകുന്ന ഡീമെന്‍, ജീവിതത്തില്‍ ഇനി എന്താണ് ചെയ്യേണ്ടതെന്ന് തനിക്ക് നിശ്ചയമില്ലെന്നും എന്നാല്‍ ബഹിരാകാശ യാത്രയെ ഗൗരവമായി പരിഗണിക്കുമെന്നും പറഞ്ഞു.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.