• HOME
  • »
  • NEWS
  • »
  • buzz
  • »
  • Guinness World Record | വാഹനാപകടത്തിൽ കാൽ നഷ്ടപ്പെട്ടിട്ടും നീന്തിക്കയറിയത് രണ്ട് ഗിന്നസ് റെക്കോർഡുകളിലേക്ക്; യുവാവിന്റെ വിജയകഥ

Guinness World Record | വാഹനാപകടത്തിൽ കാൽ നഷ്ടപ്പെട്ടിട്ടും നീന്തിക്കയറിയത് രണ്ട് ഗിന്നസ് റെക്കോർഡുകളിലേക്ക്; യുവാവിന്റെ വിജയകഥ

ഒമർ ഹെഗസി ഏറ്റവും കൂടുതൽ ദൂരം വെള്ളത്തിനടിയിൽ ഒറ്റ ശ്വാസത്തിൽ നീന്തിയതിനും, ഏറ്റവും കൂടുതൽ ദൂരം ഫിൻ ഉപയോഗിച്ച് ഒറ്റശ്വാസത്തിൽ നീന്തിയിനുമുള്ള റെക്കോർഡുകളാണ് കരസ്ഥമാക്കിയത്.

Omar Hegazy (Image: hegazyhimself, Instagram)

Omar Hegazy (Image: hegazyhimself, Instagram)

  • Share this:
    വാഹനാപകടത്തിൽ കാൽ നഷ്ടപ്പെട്ട നീന്തൽ താരം (Swimmer) സ്വന്തമാക്കിയത് രണ്ട് ഗിന്നസ് ലോക റെക്കോർഡുകൾ (Guinness World Records). ഈജിപ്ഷ്യൻ നീന്തൽ താരമായ ഒമർ ഹെഗസിയാണ് (Omar Hegazy) ഏറ്റവും കൂടുതൽ ദൂരം വെള്ളത്തിനടിയിൽ ഒറ്റ ശ്വാസത്തിൽ നീന്തിയതിനും, ഏറ്റവും കൂടുതൽ ദൂരം ഫിൻ ഉപയോഗിച്ച് ഒറ്റശ്വാസത്തിൽ നീന്തിയിനും റെക്കോർഡ് കരസ്ഥമാക്കിയത്.

    ഗിന്നസ് ലോക റെക്കോർഡ് വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരം അനുസരിച്ച്, ഒമർ ഒറ്റ ശ്വാസത്തിൽ 56.48 മീറ്റർ നീന്തി. 31കാരനായ ഈ നീന്തൽ താരം പിന്നീട് ഫിൻ ഉപയോഗിച്ച് ഒറ്റശ്വാസത്തിൽ 76.7 മീറ്റർ ദൂരവും പിന്നിട്ടു. രണ്ട് വ്യക്തിഗത റെക്കോർഡുകളാണ് ഒമർ നേടിയത്.



    എന്നാൽ ഒമറിന്റെ ഈ നേട്ടം അത്ര എളുപ്പത്തിൽ സ്വന്തമാക്കിയത് അല്ല. അതിന് പിന്നിൽ പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും വലിയ കഥയുണ്ട്. 2015ൽ, ഒമർ ബാങ്കിംഗിൽ തന്റെ കരിയർ ആരംഭിക്കാൻ ഒരുങ്ങുമ്പോഴായിരുന്നു അദ്ദേഹത്തിന് വലിയ ഒരു വാഹനാപകടമുണ്ടായത്. ബൈക്കിൽ സഞ്ചരിച്ചിരുന്ന ഒമർ റോഡിലെ കുഴിയിൽ വീണ് ട്രക്കിനടിയിലേയ്ക്ക് വീഴുകയായിരുന്നു.

    പ്രാഥമിക ചികിത്സകൾക്ക് ശേഷം ഒമറിന്റെ കാൽ മുറിച്ചു മാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. എന്നാൽ, ഒമർ വളരെ ശാന്തനായിരുന്നു, ശസ്ത്രക്രിയയ്ക്ക് സമ്മതം മൂളി. തന്റെ ഒരു കാൽ നഷ്ടമാക്കിയ ആ അപകടത്തിന് ശേഷം ഒമറിന്റെ ജീവിതം വളരെ ദുസ്സഹമായിരുന്നു.

    "ഞാൻ മാനസികമായി തകർന്നു" ഒമർ ഗിന്നസ് വേൾഡ് റെക്കോർഡ്സിനോട് പറഞ്ഞു. മൂന്ന് മാസത്തിന് ശേഷമാണ് ആശുപത്രിയിൽ നിന്ന് മടങ്ങിയത്. തുടർന്ന് വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയും ഉപേക്ഷിച്ചതോടെ ഒമർ വിഷാദത്തിലേക്ക് വഴുതി വീണു.

    എന്നാൽ ഇത്തരത്തിൽ ഒരു റെക്കോർഡ് സ്ഥാപിക്കാൻ ഒമറിന് പ്രചോദനമായത് കാല് മുറിച്ചുമാറ്റിയ ഒരു അത്‌ലറ്റിന്റെയും വീൽചെയറിലിരുന്ന് എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ലോക റെക്കോർഡുകൾ സ്വന്തമാക്കിയ മറ്റൊരു അത്‌ലറ്റിന്റെയും കഥകളാണ്. നഷ്ടപ്പെടാൻ ഇനി ഒന്നുമില്ലെന്ന തിരിച്ചറിവാണ് തനിക്ക് പ്രചോദനമായതെന്നും ഒമർ പങ്കുവെച്ചു. “ഉള്ളിൽ വളരെ ദേഷ്യം തോന്നിയത് കൊണ്ടാണ് ഞാൻ നീന്താൻ തുടങ്ങിയത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

    ഒമർ പിന്നീട് നിരവധി കായിക ഇനങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ലോക റെക്കോർഡുകൾ തകർക്കുകയും ചെയ്തു. അക്കാബ ഗൾഫ് നീന്തിക്കടന്നു. പർവ്വതാരോഹണം നടത്തി. സിനായ് പെനിൻസുലയിലെ താബയിൽ നിന്ന് ഗിസയിലെ ഈജിപ്ഷ്യൻ പിരമിഡുകളിലേക്ക് സൈക്കിൾ ചവിട്ടി ഒമർ തന്റെ ലക്ഷ്യങ്ങൾ ഒന്നൊന്നായി കീഴടക്കി.

    ഇപ്പോൾ ഒമർ, താൻ അപകടത്തിൽ നിന്ന് കരകയറിയതിനെക്കുറിച്ചും റെക്കോർഡുകൾ തകർക്കുന്നതിനെക്കുറിച്ചുമുള്ള വിവരങ്ങൾ ആളുകളുമായി പങ്കിട്ട് മറ്റുള്ളവർക്ക് പ്രചോദനമായി മാറുകയാണ്. ടിവി ഷോകളിലും മറ്റും ഇതിനോടകം നിരവധി പ്രചോദനാത്മക പ്രഭാഷണങ്ങൾ നടത്തുകയും വൈകല്യമുള്ളവരെ പോസിറ്റീവായി ചിന്തിക്കാനും ഒരിക്കലും പ്രതീക്ഷ കൈവിടാതിരിക്കാനും പിന്തുണ നൽകുകയും ചെയ്യുന്നുണ്ട്.
    First published: