കർണാടകയിലെ മണിപ്പാലിൽ വൃദ്ധ ദമ്പതികൾ നടത്തുന്ന ഒരു ചെറിയ ഹോട്ടൽ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് (Viral). ഈ ഹോട്ടലിൽ (Hotel) നിന്നുള്ള വീഡിയോ ആരിലും പഴമയുടെയും ഗൃഹാതുരത്വത്തിൻെറയും ഓർമകളുണർത്തും. രക്ഷിത് റായ് ആണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ആളുകൾ സ്നേഹത്തോടെ അജ്ജയെന്നും അജ്ജിയെന്നും വിളിക്കുന്ന ഈ ദമ്പതികൾ വാഴയിലയിൽ വിളമ്പുന്ന ഭക്ഷണത്തിൻെറ സ്വാദ് ഒന്ന് വേറെയാണെന്ന് ഇവിടെ നിന്ന് ഭക്ഷണം കഴിക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നു. രസവും പരിപ്പ് കറിയും ഉപ്പേരിയും അച്ചാറും സാലഡും തൈരുമടങ്ങുന്ന ഊണിന് വെറും 50 രൂപയാണ് ഇവർ വാങ്ങിക്കുന്നത്. ഈ ഹോട്ടലിൽ ചെന്നാൽ പരിധിയില്ലാതെ വയറ് നിറയെ ഭക്ഷണം കഴിച്ച് മടങ്ങുകയും ചെയ്യാം.
ഹോട്ടൽ ഗണേഷ് പ്രസാദ് എന്ന ഈ ഹോട്ടൽ 1951 മുതൽ ഈ വൃദ്ധ ദമ്പതികൾ നടത്തുന്നുണ്ട്. 71 വർഷമായി ഇവരുടെ ജീവിതോപാധി ഈ ഹോട്ടലാണ്. ഹോട്ടലിൻെറ പേര് ഗണേഷ് പ്രസാദ് എന്നാണെങ്കിലും ആളുകൾ ഇതിനെ 'അജ്ജ അജ്ജി മനെ' എന്നാണ് വിളിക്കുന്നത്. സ്നേഹത്തോടെ വിളമ്പുന്ന ഈ ഭക്ഷണം കഴിക്കാനായി നിരവധി പേരാണ് ദിവസവുമെത്തുന്നത്.
"ഇതെനിക്ക് വളരെ വൈകാരികമായി സ്നേഹം തോന്നുന്ന ഒരിടമാണ്. വീട്ടിലെ അതേ ഭക്ഷണം മിതമായ നിരക്കിൽ ഇവർ നൽകുന്നു. ഇതിനൊക്കെയപ്പുറത്ത് ഈ അപ്പൂപ്പൻെറയും അമ്മൂമ്മയുടെയും സ്നേഹം വിലമതിക്കാനാവാത്തതാണ്. നമ്മളിൽ നിന്ന് അവർ ഏറെ സ്നേഹവും പിന്തുണയും അർഹിക്കുന്നുണ്ട്. നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം അപ്പൂപ്പനെയും അമ്മൂമ്മയെയും തിരിച്ച് കിട്ടിയത് പോലെ തോന്നും. അജ്ജ അജ്ജി മനെ നിങ്ങൾ കരുതുന്നത് പോലെ വെറുമൊരു ഭക്ഷണശാലയല്ല," വീഡിയോ പങ്കുവെച്ചയാൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ഈ അധ്വാനിക്കുന്ന വൃദ്ധ ദമ്പതികളുടെ വീഡിയോ പങ്കുവെക്കുന്നത്. "ഇവരോട് വല്ലാത്ത അടുപ്പം തോന്നുന്നു. ഈ പ്രായത്തിലും ഇത്ര ആത്മാർഥതയോടെ ജോലി ചെയ്യുന്നത് വല്ലാത്ത കാഴ്ച തന്നെയാണ്," വീഡിയോ ഷെയർ ചെയ്ത ഒരാൾ കുറിച്ചു. "വളരെയേറെ ബഹുമാനമുണ്ട് ഇവരോട്. ഇത്തരം ആളുകളിൽ നിന്ന് നമുക്ക് ഏറെ പഠിക്കാനുണ്ട്. എന്ത് ചെറിയ ജോലി ചെയ്തായാലും ആത്മാഭിമാനത്തോടെ മറ്റുള്ളവരോട് സ്നേഹത്തോടെ ഇടപഴകി ചെയ്യണമെന്ന് ഇവർ നമ്മോട് പറയുന്നു," മറ്റൊരാളുടെ കമൻറ് ഇങ്ങനെയാണ്.
Huge respect to them🙏
Hope we all could imbibe our culture which teaches us to work in whatever small ways but be independent and lead a life of dignity https://t.co/eHsLIH47fq
“നമുക്ക് വലിയ പാഠമാണ് ഈ ഭക്ഷണശാല. സ്വയംപര്യാപ്തരായി ജീവിക്കാൻ ശ്രമിക്കുക. ചുറ്റുപാടുമുള്ളവരോട് കരുതലുള്ളവരാവുക. എത്രയെത്ര നൻമ ചൊരിഞ്ഞാലും മതിയാവില്ല,” അജ്ജ അജ്ജി മനെയെക്കുറിച്ച് മറ്റൊരാൾ ട്വിറ്ററിൽ കുറിച്ചു.
സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഈ ഹോട്ടൽ തേടിപ്പിടിച്ച് ഇപ്പോൾ ആളുകളെത്തുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഹൈദരാബാദിലെ ഒരു ചെറിയ ഹോട്ടലിൻെറ വീഡിയോയും ഇത് പോലെ വൈറലായിരുന്നു. സാമൂഹ്യ പ്രവർത്തകനായ അസ്ഹർ മഖ്സൂസിയാണ് ബോർബണ്ടയിലുള്ള ഒരു ഹലീം സ്റ്റാളിൻെറ വീഡിയോ പങ്കുവെച്ചത്. റംസാൻ കാലത്ത് ഹൈദരാബാദിലെ സ്പെഷ്യൽ ഭക്ഷണവിഭവമാണ് ഹലീം. വീഡിയോ വന്നതോടെ ഇവിടേക്ക് ആളുകളുടെ തിരക്കായിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.