വേനൽക്കാലത്ത് വെള്ളത്തിനായി കാട്ടുമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നത് അത്ര പുതുമയുള്ള കാര്യമല്ല. ഇവ വനത്തിനടുത്ത് ജീവിക്കുന്ന മനുഷ്യരുടെ കൃഷി നശിപ്പിക്കുന്നതും പതിവാണ്. കോയമ്പത്തൂരിൽ കാട്ടാനക്കൂട്ടം (Elephant Herd) സൗരോർജ്ജവേലി (Solar Fence) തകർത്ത് കുട്ടിയാനയെയും (Calf) രക്ഷിച്ച് പോവുന്നതിൻെറ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
കോയമ്പത്തൂരിന് സമീപമുള്ള പശ്ചിമഘട്ട മേഖലയിലെ കാടുകളിൽ നിരവധി കാട്ടാനകളുണ്ട്. ഇവ കാട്ടിൽ നിന്നിറങ്ങി പലപ്പോഴും കൃഷിയിടങ്ങൾ നശിപ്പിക്കാറുണ്ട്. അത് കൊണ്ടാണ് ആനകളിൽ നിന്ന് രക്ഷ നേടാനായി കർഷകർ സൗരോർജ്ജവേലി കെട്ടിയത്.
വേനൽ കടുത്തതോടെ ഈ മേഖലയിലെ കാട്ടാനകൾ കൂട്ടമായി വെള്ളത്തിനായി നാട്ടിലേക്ക് ഇറങ്ങുകയാണ്. കൃഷിസ്ഥലങ്ങൾക്കടുത്തുള്ള വെള്ളം ലഭിക്കുന്ന ഇടങ്ങളാണ് ഇവയുടെ ലക്ഷ്യസ്ഥാനം. ആ വരവിൽ കാര്യമായി കൃഷി നശിപ്പിക്കുകയും ചെയ്യുന്നുണ്ട്.
കോയമ്പത്തൂരിലെ തൊണ്ടമുത്തൂരിലുള്ള നരസിപുരത്തിന് സമീപത്തുള്ള വനത്തിൽ നിന്നാണ് നാല് വലിയ കാട്ടാനകളും ഒപ്പം രണ്ട് മാസം പ്രായമുള്ള കുട്ടിയാനയും പുറത്തേക്കിറങ്ങിയത്. സൗരോർജ്ജവേലി കടന്ന് പോവുന്നത് ഇവർക്ക് അത്ര എളുപ്പമായില്ല. എന്നാൽ രണ്ട് ആനകൾ ചേർന്ന് കുട്ടിയാനയ്ക്ക് വഴിയൊരുക്കുന്നതാണ് വീഡിയോയിലുള്ളത്.
ഈ പ്രദേശത്തെയാകെ വിറപ്പിച്ച് കൊണ്ടായിരുന്നു ആനക്കൂട്ടത്തിൻെറ വരവ്. വാഴ കൃഷി വൻതോതിൽ നശിപ്പിച്ച് കളയുകയും ചെയ്തു. ആനകൾ ഇവിടെയെല്ലാം നടന്ന് നാശനഷ്ടങ്ങൾ വരുത്തിയതോടെ ആളുകൾ വീടിൻെറ ടെറസിന് മുകളിൽ കയറിയാണ് രക്ഷ തേടിയത്. ശബ്ദമുണ്ടാക്കിയും മറ്റും ആനകളെ ഓടിച്ച് വിടാനായിരുന്നു ശ്രമം. ഇത് ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. ആളുകളുടെ ശബ്ദം ഉച്ചത്തിൽ കേട്ട് തുടങ്ങിയതോടെ ആനകളും ഓടിപ്പോവാനാണ് ശ്രമിച്ചത്.
ഓട്ടത്തിനിടയിലാണ് സൗരോർജ്ജവേലിക്ക് മുന്നിൽ പെട്ടത്. രണ്ട് വലിയ ആനകൾ അനായാസം ഇത് കടന്ന് മുന്നോട്ട് കുതിച്ചു. എന്നാൽ ഭയം കാരണം കുട്ടിയാനയ്ക്ക് മുന്നോട്ട് പോവാൻ സാധിച്ചില്ല. ഇതോടെ പിന്നിലുണ്ടായിരുന്ന രണ്ട് ആനകളും കുട്ടി ആനയെ രക്ഷിക്കാനുള്ള ശ്രമത്തിലായി. ഇതിനിടയിൽ ടെറസിന് മുകളിൽ നിന്ന് ആളുകൾ എങ്ങനെ പോവണമെന്ന് ആനകൾക്ക് നിർദ്ദേശം നൽകുന്നതും കേൾക്കാം. അവരെടുത്ത വീഡിയോയാണ് വൈറലായത്. കുട്ടിയാനയ്ക്ക് ഒന്നും പറ്റാതെ മുന്നോട്ട് നീങ്ങാൻ എന്ത് ചെയ്യണമെന്നാണ് അവർ ആനകളോട് പറയുന്നത്.
ഒരാന സൗരോർജ്ജവേലി കാല് കൊണ്ട് ചവിട്ടി വെക്കുകയാണ് ആദ്യം ചെയ്തത്. ഇതോടെ കുട്ടിയാനയെയും കൊണ്ട് മറ്റേ ആനയ്ക്ക് മുന്നോട്ട് നീങ്ങാൻ സാധിച്ചു. ടെറസിന് മുകളിലുള്ളവർ കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകുന്നത് പോലെയാണ് ആനകളോട് സംസാരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. അതേസമയം, മറ്റൊരു സംഭവത്തിൽ കാലിന് പരിക്കേറ്റ ഒരു കാട്ടാനയെയും ഒപ്പമുള്ള കുട്ടിയാനയെയും വനംവകുപ്പ് അധികൃതർ രക്ഷിച്ചു. ഗൂഡല്ലൂരിലെ പടന്തൊറൈ എന്ന പ്രദേശത്ത് നിന്നാണ് മാർച്ച് 24ന് ഇവയെ രക്ഷിച്ചത്. വേനൽക്കാലത്ത് ആനകൾ നാട്ടിലിറങ്ങാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തണമെന്ന് വനംവകുപ്പ് അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Published by:Jayashankar Av
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.