12 വര്‍ഷം മുമ്പ് തന്റെ ജീവന് രക്ഷിച്ച മൃഗഡോക്ടറെ തിരിച്ചറിഞ്ഞ് ആന. ഡോക്ടറെ തിരിച്ചറിഞ്ഞശേഷം തന്റെ തുമ്പികൈ നീട്ടി സ്നേഹം പ്രകടിപ്പിക്കുന്ന ആനയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ജനുവരി 19 ന് ഈ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. നല്ല ഓര്‍മ്മശക്തിയുള്ള ജീവിയാണ് ആനയെന്നും അദ്ദേഹം പറഞ്ഞു.
” നല്ല ഓര്‍മ്മശക്തിയുള്ള ജീവിയാണ് ആന. അതിന് ഉദാഹരണമാണ് ഈ ചിത്രം. 12 വര്‍ഷം മുമ്പ് തന്നെ ചികിത്സിച്ച ഡോക്ടറെ വളരെ പെട്ടെന്നാണ് ഈ ആന തിരിച്ചറിഞ്ഞത്,’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
Elephants have one of the strongest memories.
Here is one, recognising the veterinarian who saved his life when he was about to die 12 years before💕💕
Via fascinating. pic.twitter.com/FktXDtuDcw— Susanta Nanda IFS (@susantananda3) January 19, 2023
ചിത്രം പോസ്റ്റ് ചെയ്ത് കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ഏകദേശം മുപ്പതിനായിരത്തിലധികം പേരാണ് കമന്റുമായി രംഗത്തെത്തിയത്. മൃഗങ്ങള്‍ നമ്മുടെ സുഹൃത്തുക്കളാണെന്നും ബന്ധങ്ങളുടെ വില അവയ്ക്ക് അറിയാമെന്നുമാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
ചിത്രം വ്യാപകമായി പ്രചരിച്ചതോടെ ആനയേയും ഡോക്ടറെയും പറ്റി കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്. 31 വയസ്സുള്ള പ്ലായ് താംഗ് എന്ന ആനയാണ് ചിത്രത്തില്‍ കാണുന്നതെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആനയെ ചികിത്സിച്ചത് പത്രാപോള് മനിയോണ് എന്ന ഡോക്ടറാണ്. 2099ല്‍ കിഴക്കന്‍ തായ്ലന്റിലെ വുഡ്ലാംഗ് റയോംഗില് വെച്ചാണ് ഡോക്ടര്‍ ഈ ആനയെ കണ്ടത്. വളരെ അവശനിലയിലായിരുന്നു പ്ലായ് താംഗ് അന്ന്. വിശപ്പില്ലായ്മ, പനി, കഴുത്തിലും, വയറിലും നീര് കെട്ടിക്കിടക്കുക എന്നിങ്ങനെ നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ആനയ്ക്കുണ്ടായിരുന്നത്. തുടര്‍ന്ന് ആനയെ വനംവകുപ്പിന്റെ സഹായത്തോടെ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റി, വേണ്ട ചികിത്സകള്‍ നല്‍കുകയായിരുന്നു. ആരോഗ്യം വീണ്ടെടുത്ത ശേഷം ആനയെ കാടിനുള്ളിലേക്ക് തന്നെ തുറന്ന് വിടുകയും ചെയ്തു.
അതിനിടെ, പാലക്കാട് ധോണിയെ വിറപ്പിക്കുന്ന പിടി സെവനെന്ന ആനയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു. സാഹചര്യം അനുകൂലമായാല്‍ ഉടന്‍ തന്നെ മയക്കുവെടി വെയ്ക്കാനാണ് തീരുമാനം. ദൗത്യസംഘ തലവന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ ധോണിയില്‍ അവലോകന യോഗം ചേര്‍ന്നു.
പിടി സെവനെ പിടിക്കാനുള്ള മൂന്നാമത്തെ കുങ്കിയാനയെയും കൊണ്ട് വയനാട്ടില്‍ നിന്നുള്ള ദൗത്യസംഘം ജനുവരി 20ന് പുലര്‍ച്ചെയെത്തി. ദൗത്യത്തിന് നേതൃത്വം നല്കുന്ന ഡോ. അരുണ്‍ സക്കറിയ, ഒലവക്കോട് അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആ രഞ്ജിത് എന്നിവര്‍ സംഘാംഗങ്ങളുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് എസിഎഫ് രഞ്ജിത് പറഞ്ഞു.
ആനയെ തളക്കാനുള്ള കൂടിന്റെ ബലപരിശോധനയും പിടി സെവനെ കൊണ്ടുവരാനുളള ട്രാക് പരിശോധനയും അധികൃതര്‍ നടത്തും. വയനാട്ടില്‍ നിന്ന് 26 പേരും പാലക്കാട് നിന്ന് 50 പേരുമാണ് ദൗത്യത്തിനായി കൈകോര്‍ക്കുക.
തുടര്‍ച്ചയായി ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുന്ന പിടി സെവനെ പേടിച്ച് വൈകിട്ട് ആറ് മണിക്കു ശേഷം ആളുകള്‍ പുറത്തിറങ്ങാറില്ല.
കഴിഞ്ഞ ദിവസം ധോണിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ത്തതും വാര്‍ത്തയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.