ഇന്നത്തെ കാലത്ത് ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ചിന്തിക്കുന്നവരാണ് നമ്മളില്‍ മിക്കവരും. ഇതിനിടയില്‍ ചര്‍ച്ചാ വിഷയമാകുന്ന ഒന്നാണ് പഞ്ചസാര. അടുത്തിടെ പഞ്ചസാര വിഷമാണെന്ന ഒരു ട്വീറ്റ് വൈറലായിരുന്നു. ഡോക്ടര്‍ പീറ്റര്‍ എച്ച് ഡയമാന്‍ഡിസിന്റേതായിരുന്നു ഈ ട്വീറ്റ്. എന്നാല്‍ ഈ ട്വീറ്റിന് മറുപടിയായി തികച്ചു വിപരീതമായ ഒരു ട്വീറ്റാണ് ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക് പങ്കുവെച്ചത്. ‘ഞാന്‍ എല്ലാ ദിവസവും രാവിലെ ഒരു ഡോനട്ട് കഴിക്കുന്നു, ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്’ -എന്നായിരുന്നു മസ്‌കിന്റെ ട്വീറ്റ്.
മസ്‌കിന്റെ ട്വീറ്റിന് മറുപടിയായി പീറ്റര്‍ രംഗത്തെത്തി. “ശരി എലോണ്‍, കൂടുതല്‍ വ്യക്തമായി പറയാന്‍ എന്നെ അനുവദിക്കൂ. പഞ്ചസാര ഒരു സ്ലോ പോയിസണ്‍ ആണ്” അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം, ഇരുവരുടെയും പ്രതികരണം ട്വിറ്ററില്‍ വൈറലായി. ഡോനട്ടുകളില്‍ പഞ്ചസാര കൂടുതലാണ്, അവ പലപ്പോഴും ശരീരഭാരം, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവക്ക് കാരണമാകുന്നതായി ട്വിറ്ററില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. എന്തും മിതമായി കഴിക്കുക എന്നതാണ് നല്ലതെന്ന് ചിലര്‍ പറഞ്ഞു.
‘ഓണ്‍ലൈനില്‍ നിരവധി ആരോഗ്യ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ ഇനി ഒരിക്കലും ഒന്നും കഴിക്കില്ല. ഒന്നും ആരോഗ്യത്തിന് നല്ലതല്ല.’ -എന്ന് മറ്റൊരാൾ കുറിച്ചു.
‘നല്ല കാര്യം ഇലോണ്‍, നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കാൻ നിങ്ങൾ ശ്രമിക്കുമ്പോൾ പഞ്ചസാര ചേര്‍ത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിര്‍ത്തുക, ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ അല്ലെങ്കിൽ ആഴ്ചകള്‍ കഠിനമായിരിക്കും, പക്ഷേ പിന്നീട് അത് ശീലമാകും’ ഒരു ഉപയോക്താവ് ട്വീറ്റ് ചെയ്തു.
I eat a donut every morning. Still alive.
— Elon Musk (@elonmusk) March 28, 2023
ഇതാദ്യമായല്ല ഇലോണ്‍ മസ്‌ക് തന്റെ അഭിപ്രായം ട്വിറ്ററില്‍ പങ്കുവെക്കുന്നത്. അടുത്തിടെ ഒരു ട്വീറ്റില്‍, മസ്‌ക് ഗൂഗിള്‍ മാപ്പിനെക്കുറിച്ച് പറഞ്ഞിരുന്നു. സ്മാര്‍ട്ട്ഫോണുകള്‍ക്കും ഗൂഗിള്‍ മാപ്പിനും മുമ്പ്, ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് വലിയ സാഹസികതയായിരുന്നു എന്നാണ് മസ്‌ക് പറഞ്ഞത്. അന്നത്തെ കാലത്ത് വഴികള്‍ അറിയുന്നതിന് നിങ്ങള്‍ ഒരു മാപ്പ് കൈയില്‍ കരുതേണ്ടിയിരുന്നു. ഇതിനിടയില്‍ വഴിതെറ്റിപ്പോവുക എന്നത് യാത്ര കൂടുതല്‍ ത്രില്ലിംഗ് ആക്കുന്ന ഒന്നാണ്. അന്നത്തെ യാത്രകള്‍ എങ്ങനെയായിരുന്നു എന്നതിനെക്കുറിച്ചുള്ള രസകരമായ ഒരു മീമും എലോണ്‍ മസ്‌ക് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ട്വിറ്റര്‍ മസ്‌ക് ഏറ്റെടുത്ത്. ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ “വിദ്വേഷ പരാമർശങ്ങളും അക്രമസ്വഭാവമുള്ള ഉള്ളടക്കങ്ങളും” സംബന്ധിച്ച നയം അടുത്തിടെ പുതുക്കിയിരുന്നു. പുതിയ നയമനുസരിച്ച് അക്രമ സ്വഭാവമുള്ള ഭീഷണികൾ, മറ്റുള്ളവരെ ദ്രോഹിക്കണം എന്ന ഉദ്ദേശത്തോടെയുള്ള സന്ദേശങ്ങൾ, അക്രമങ്ങളെ മഹത്വവൽക്കരിക്കൽ, അക്രമത്തിന് പ്രേരണ നൽകൽ തുടങ്ങിയവ അടങ്ങിയ സന്ദേശങ്ങൾ നിരോധിക്കും. കമ്പനിയുടെ സുരക്ഷാ അറിയിപ്പുകൾ നൽകുന്ന @TwitterSafety അക്കൗണ്ടിൽ നിന്ന് ട്വീറ്റ് ചെയ്താണ് കമ്പനി ഇക്കാര്യം അറിയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.