നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • കുട്ടികളെ ചെറിയ ബാച്ചുകളായി തിരിച്ച് നിശ്ചിത സമയക്രമങ്ങളിൽ സ്ക്കൂളിലെ ക്ലാസുകൾ സംഘടിപ്പിക്കണം: ആരോഗ്യ വിദഗ്ധർ

    കുട്ടികളെ ചെറിയ ബാച്ചുകളായി തിരിച്ച് നിശ്ചിത സമയക്രമങ്ങളിൽ സ്ക്കൂളിലെ ക്ലാസുകൾ സംഘടിപ്പിക്കണം: ആരോഗ്യ വിദഗ്ധർ

    പഞ്ചാബിലെ വിദ്യാലയങ്ങളിൽ നിർബന്ധിത കോവിഡ് പരിശോധന ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ 30 വിദ്യാർത്ഥികളിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൂടുതൽ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശിക്കുകയാണ് ആരോഗ്യ വിദഗ്ദ്ധർ

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      പഞ്ചാബിലെ വിദ്യാലയങ്ങളിൽ നിർബന്ധിത കോവിഡ് പരിശോധന ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ 30 വിദ്യാർത്ഥികളിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൂടുതൽ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശിക്കുകയാണ് ആരോഗ്യ വിദഗ്ദ്ധർ. വിദ്യാലയങ്ങൾ തുറന്നാൽ കൃത്യമായ ആസൂത്രണത്തിന്റെ അടിസ്ഥാനത്തിൽ തന്നെ പ്രവർത്തിക്കണമെന്നും വിദ്യാർത്ഥികളെ ചെറിയ സംഘങ്ങളായി തിരിച്ച് നിശ്ചിത സമയത്തിനുള്ളിൽ ക്ലാസുകൾ സംഘടിപ്പിക്കുന്നതാണ് ഉചിതമെന്നും അവർ അഭിപ്രായപ്പെടുന്നു.

      "കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ അടുത്ത മാസം മുതൽ ആരംഭിച്ചേക്കാം. കുട്ടികളെല്ലാം വാക്സിൻ സ്വീകരിക്കുന്നത് വരെ കൃത്യമായ മുൻകരുതലുകൾ നമ്മൾ സ്വീകരിക്കേണ്ടതുണ്ട്. കുട്ടികൾ ഇതുവരെ വീട്ടിലിരുന്നാണ് പഠിച്ചിരുന്നത്. ഇനി വിദ്യാലയങ്ങൾ തുറക്കാൻ തീരുമാനിക്കുകയാണെങ്കിൽ കൃത്യമായ ആസൂത്രണത്തിന്റെ അടിസ്ഥാനത്തിൽ വേണം അത് ചെയ്യാൻ. വിദ്യാർത്ഥികളെ ചെറിയ സംഘങ്ങളാക്കി തിരിച്ച് അവർക്ക് നിശ്ചിത സമയങ്ങളിൽ ക്ലാസുകൾ നൽകുന്ന രീതി അവലംബിക്കണം. കൂടുതൽ സമയം വിദ്യാലയങ്ങളിൽ ചെലവഴിച്ചാൽ രോഗബാധ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലായിരിക്കും", ലുധിയാനയിൽ നിന്നുള്ള ശിശുരോഗവിദഗ്ദ്ധനും ദീപ് ആശുപത്രിയുടെ എം ഡിയുമായ ഡോ. ബൽദീപ് സിങ് പറയുന്നു.



      പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി വിദ്യാലയങ്ങൾ തുറക്കാനുള്ള നിർദ്ദേശം പഞ്ചാബ് സർക്കാർ ജൂലൈ 26-ന് നൽകിയിരുന്നു. മറ്റു വിദ്യാർത്ഥികൾക്ക് ഓഗസ്റ്റ് 2 മുതൽ വിദ്യാലയങ്ങളിൽ ക്ലാസുകൾ ആരംഭിക്കാം എന്നായിരുന്നു നിർദ്ദേശം. എന്നാൽ, ക്ലാസുകളിൽ ഉൾക്കൊള്ളിക്കേണ്ട വിദ്യാർത്ഥികളുടെ എണ്ണം സംബന്ധിച്ച പരാമർശങ്ങളൊന്നും സർക്കാർ ഉത്തരവിലുണ്ടായിരുന്നില്ല. അതോടെ രാവിലെയും വൈകുന്നേരവും വിദ്യാലയങ്ങൾക്ക് മുന്നിൽ ആൾത്തിരക്ക് അനുഭവപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത്. അതിനാൽ, കുട്ടികൾക്ക് കോവിഡ് ബാധ സ്ഥിരീകരിക്കപ്പെടുക എന്ന ദുരന്തപൂർണമായ സാഹചര്യം പ്രതീക്ഷിച്ചിരുന്നതായും വിദഗ്ദ്ധർ പറയുന്നു.

      "പല വിദ്യാലയങ്ങളും ദിവസവും ആറു മണിക്കൂറോളം പ്രവർത്തിക്കുന്നുണ്ട്. അതിനാൽ സ്വാഭാവികമായും കുട്ടികൾ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടാകും. ഒരേ ശുചിമുറികൾ തന്നെയാകും എല്ലാ കുട്ടികളും ഉപയോഗിക്കുക. ഈ സാഹചര്യം ഒഴിവാക്കാൻ വിദ്യാർത്ഥികളെ ചെറിയ സംഘങ്ങളാക്കി തിരിച്ച് ഓരോ സംഘത്തിനും ചെറിയ സമയക്രമങ്ങളിൽ ക്ലാസുകൾ സംഘടിപ്പിക്കുകയാവും നല്ലത്. വിദ്യാലയങ്ങൾ തുറക്കുന്നതിന് ഞാൻ എതിരല്ല. പക്ഷേ, കൃത്യമായ ആസൂത്രണം ആവശ്യമാണ്. കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള ഭൗതിക സാഹചര്യം വിദ്യാലയങ്ങളിൽ ഒരുക്കണം. സാമൂഹ്യ അകലം പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുകയും വേണം", അസോസിയേഷൻ ഓഫ് ഫിസീഷ്യൻസ് ഓഫ് ഇന്ത്യയുടെ മാൽവ ശാഖയുടെ ചെയർമാൻ ഡോ. വിത്തുൽ കുമാർ ഗുപ്ത അഭിപ്രായപ്പെടുന്നു.

      ചില വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളെ ചെറുസംഘങ്ങളാക്കി തിരിച്ചാണ് ക്ലാസുകൾ നടത്തുന്നതെങ്കിലും പഞ്ചാബിലെ മിക്ക വിദ്യാലയങ്ങളുടെയും അവസ്ഥ നേരെ മറിച്ചാണ്. "ഉച്ചഭക്ഷണം കഴിക്കുമ്പോൾ സ്വാഭാവികമായും കുട്ടികൾ കൂട്ടമായി ഇടപഴകുകയും മാസ്ക് ഊരിമാറ്റുകയും ചെയ്യുന്നുണ്ട്. മാത്രവുമല്ല, ചെറിയ കുട്ടികളെക്കൊണ്ട് രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ തുടർച്ചയായി മാസ്ക് ധരിപ്പിക്കുക എന്നത് ദുഷ്കരമായ കാര്യമാണ്", ലുധിയാനയിലെ വിദ്യാലയത്തിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവ് പറയുന്നു.
      Published by:user_57
      First published:
      )}