ബെംഗളൂരു: മദ്യനയം അടിമുടി മാറ്റാനൊരുങ്ങി കർണാടക സർക്കാർ. പാവപ്പെട്ടവർക്ക് ഗുണനിലവാരമുള്ള മുന്തിയ ബ്രാൻഡ് മദ്യം വാങ്ങുന്നതിന് സബ്സിഡി അനുവദിക്കുകയെന്നതാണ് ഇതിൽ ഏറ്റവും പ്രധാന നിർദേശം. കൂടാതെ ബാറുകൾ അടയ്ക്കുന്ന സമയം രാത്രി 11ൽനിന്ന് പുലർച്ചെ രണ്ടുമണിയായി ദീർഘിപ്പിക്കാനും നീക്കമുണ്ട്. കർണാടക സർക്കാരിലെ എക്സൈസ് വകുപ്പ് മന്ത്രി എച്ച് നാഗേഷാണ് ഇതുസംബന്ധിച്ച നിർദേശങ്ങൾ വ്യക്തമാക്കിയത്. നേരത്തെ കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ പിന്തുണച്ചിരുന്ന സ്വതന്ത്ര എംഎൽഎയായിരുന്ന നാഗേഷ് പിന്നീട് ബിജെപി പക്ഷത്തേക്ക് മാറുകയായിരുന്നു. അദ്ദേഹത്തിന് എക്സൈസ് വകുപ്പ് നൽകിയാണ് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.
'ഗുണനിലവാരമുള്ള മദ്യത്തിന് സബ്സിഡി നടപ്പാക്കുന്നതിനെക്കുറിച്ച് സർക്കാരും എക്സൈസ് വകുപ്പും ഗൌരവമായി ആലോചിക്കുന്നു. ഇത് നടപ്പിലായാൽ പാവപ്പെട്ടവൻ വിലകുറഞ്ഞ മദ്യം കഴിക്കേണ്ട അവസ്ഥ ഇല്ലാതാകും. വില കുറഞ്ഞ മദ്യം കഴിക്കുന്നത് കടുത്ത അനാരോഗ്യത്തിന് ഇടയാക്കും'- നാഗേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു. മെച്ചപ്പെട്ട ആരോഗ്യം ഉറപ്പുവരുത്തുന്നതിനായി നല്ല നിലവാരമുള്ള മദ്യം സബ്‌സിഡി നിരക്കിൽ നൽകാൻ സർക്കാർ ശ്രമിക്കുന്നു. മുന്തിയ ബ്രാൻഡ് മദ്യം കുറഞ്ഞ വിലയ്ക്ക് വിൽക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ ബാറുകളുടെയും റെസ്റ്റോറന്റുകളുടെയും ക്ലോസിങ് സമയം പുലർച്ചെ രണ്ട് മണി വരെ നീട്ടാൻ സർക്കാർ തീരുമാനിച്ചതായും നാഗേഷ് പറഞ്ഞു. നിലവിലുള്ള ക്ലോസിങ് സമയം പ്രവൃത്തി ദിവസങ്ങളിൽ രാത്രി 11ഉം വാരാന്ത്യങ്ങളിൽ പുലർച്ചെ 1ഉം ആണ്. ഇത് മാറ്റുന്നത് സംബന്ധിച്ച് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരുമായും ആഭ്യന്തര വകുപ്പുമായും ചർച്ച നടത്തിയിട്ടുണ്ട്. ക്ലോസിങ് സമയം പുലർച്ചെ രണ്ടുമണിയാക്കാൻ ഈ ചർച്ചയിൽ ധാരണയായി. അർദ്ധരാത്രിയിൽ സുരക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തര വകുപ്പ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പുലർച്ചെ രണ്ട് മണി വരെ ബാറുകളും റെസ്റ്റോറന്റുകളും തുറന്നിരുന്നാൽ സർക്കാരിന് കൂടുതൽ വരുമാനം ലഭിക്കുമെന്ന് വകുപ്പ് വിശ്വസിക്കുന്നു. 2019 ജനുവരി മുതൽ 2020 മാർച്ച് 31 വരെ 20,950 കോടി രൂപ വരുമാനമാണ് മദ്യവിൽപനയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും നാഗേഷ് പറഞ്ഞു.
2019ന് മുമ്പ് എക്സൈസ് വകുപ്പിൽ നിന്നുള്ള വരുമാനം 16,187 രൂപയായിരുന്നു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കർണാടകയിൽ ബാറുകളുടെ പ്രവർത്തനസമയം വാരാന്ത്യങ്ങളിൽ പുലർച്ചെ ഒരു മണി വരെ നീട്ടിയത്. സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് രാത്രികാല ജീവിതത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ആഴ്ചയിലുടനീളം ഇത് നടപ്പാക്കുമെന്നും സിദ്ധരാമയ്യ അന്ന് പ്രഖ്യാപിച്ചിരുന്നു.
ഇതാദ്യമായല്ല നാഗേഷ് വ്യത്യസ്തമായ ആശയങ്ങൾ മുന്നോട്ടുവെക്കുന്നത്. വിചിത്രമായ ഒരു പദ്ധതിക്കായി കഴിഞ്ഞ വർഷം അദ്ദേഹം യെദ്യൂരപ്പയുടെ നേരിട്ടു കണ്ടിരുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നതും അപകടങ്ങളും ഒഴിവാക്കുന്നതിനുമായി വീട്ടിൽ മദ്യം എത്തിച്ചുനൽകുന്ന പദ്ധതിയാണ് അദ്ദേഹം അന്ന് മുന്നോട്ടുവെച്ചത്. 'മദ്യത്തിന് അടിപ്പെട്ട ആളുകൾക്ക് തിരിച്ചറിയൽ കാർഡുകൾ നൽകാനും അവരുടെ വീട്ടുവാതിൽക്കൽ മദ്യം വിതരണം ചെയ്യാനുമുള്ള നിർദ്ദേശമാണ് നാഗേഷ് മുന്നോട്ടുവെച്ചത്. അത് ഇപ്പോഴും പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ നിർദേശത്തോട് മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.