ഇന്ത്യയിൽ നിർമ്മിക്കുന്ന ചില സൗന്ദര്യ വര്‍ദ്ധക ഉല്‍പ്പന്നങ്ങളില്‍ (indian cosmetic products) ദോഷകരമായ മൈക്രോ പ്ലാസ്റ്റിക്കുകളും (micro plastics) മൈക്രോ ബീഡുകളും (micro beads) അടങ്ങിയിട്ടുണ്ടെന്നും ഇത് പരിസ്ഥിതിക്ക് ഗുരുതരമായ ഭീഷണിയാണെന്നും ഏറ്റവും പുതിയ ഒരു പഠന (study) റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രത്യേകിച്ച് സമുദ്ര ആവാസവ്യവസ്ഥയ്ക്കാണ് (marine ecosystem) ഇത്തരം വസ്തുക്കൾഭീഷണിയാകുന്നത്. 5 മില്ലീമീറ്ററില്‍ താഴെ വ്യാസമുള്ള സോളിഡ് പ്രൈമറി മൈക്രോ പ്ലാസ്റ്റിക്കുകളാണ് മൈക്രോ ബീഡുകള്‍. ചര്‍മ്മത്തിലെ ഡെഡ് സെൽസിനെ നീക്കം ചെയ്യുക, സൗന്ദര്യസംരക്ഷണം, ചർമ്മം വൃത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾക്കാണ് ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത്.
35 പി.സി.സി.പികളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍, ഡല്‍ഹി ആസ്ഥാനമായുള്ള എന്‍.ജി.ഒ ടോക്സിക്സ് ലിങ്ക് നടത്തിയ 'ഡേര്‍ട്ടി ക്ലെന്‍സര്‍: അസെസ്മെന്റ് ഓഫ് മൈക്രോപ്ലാസ്റ്റിക്സ് ഇന്‍ കോസ്മെറ്റിക്സ്' എന്ന തലക്കെട്ടിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പഠനത്തില്‍ മൊത്തം 19 ഫെയ്സ് വാഷുകളും ഏഴ് ഫേഷ്യല്‍ സ്ക്രബുകളും ഒമ്പത് ബോഡി വാഷുകളും പരീക്ഷിച്ചു. ഈ പഠനത്തിനായി ഉപയോഗിച്ച 35 സാമ്പിളുകളില്‍ 20 എണ്ണത്തിലും പോളിമറുകളുടെ സാന്നിധ്യം കണ്ടെത്തി.
പോളിമെറുകളുള്ള 20 സാമ്പിളുകളില്‍ 14 എണ്ണത്തില്‍ മൈക്രോ-പ്ലാസ്റ്റിക് ബീഡുകളാണുള്ളത്. പരീക്ഷിച്ച എല്ലാത്തരം PCCPകളിലും, 20 ഗ്രാമിൽ 17,250 മൈക്രോ ബീഡുകള്‍ ഉള്ള ന്യൂട്രോജെന ഡീപ് ക്ലീന്‍ സ്ക്രബിലാണ് ഏറ്റവും കൂടുതല്‍ മൈക്രോ-പ്ലാസ്റ്റിക് ബീഡുകള്‍ കണ്ടെത്തിയത്. 20 ഗ്രാമിൽ 5,510 ബീഡുകളുള്ള വിഎല്‍സിസി നാച്ചുറല്‍ സയന്‍സസ് റോസ് ഫേസ് സ്ക്രബും 20 ഗ്രാമിൽ 4,727 മൈക്രോ ബീഡുകളുള്ള ഫിയാമ ഷവര്‍ ജെല്ലിലും മൈക്രോ പ്ലാസ്റ്റിക് ബീഡുകള്‍ കണ്ടെത്തിയെന്നും ടോക്സിക്സ് ലിങ്ക് നടത്തിയ പഠനത്തില്‍ പറയുന്നു.
മൊത്തം 70 ശതമാനം സ്ക്രബുകളിലും 55 ശതമാനം ബോഡി വാഷുകളിലും 21 ശതമാനം ഫേസ് വാഷുകളിലും മൈക്രോ ബീഡുകളുണ്ടെന്ന് കണ്ടെത്തി. പഠനത്തിനായി, 35 സാമ്പിളുകളില്‍ നിന്നും 20 ഗ്രാം വീതം വിശകലനത്തിനായി എടുത്തു. പിസിസിപികളിലെ പ്ലാസ്റ്റിക് കണങ്ങളെ തിരിച്ചറിയാന്‍ FTIR ആണ് ഉപയോഗിച്ചത്. ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയിലായിരുന്നു പരിശോധന നടന്നത്.
സമീപകാലത്തെ ഏറ്റവും നിര്‍ണായകമായ പാരിസ്ഥിതിക പ്രശ്നങ്ങളിലൊന്നാണ് മൈക്രോ പ്ലാസ്റ്റിക് മൂലമുള്ള മലിനീകരണം. ഈ പഠനത്തില്‍ പരീക്ഷിച്ച ഉല്‍പ്പന്നങ്ങളില്‍ കണ്ടെത്തിയ മൈക്രോ ബീഡുകളുടെ വലുപ്പം 32.55 മുതൽ 130.92 മൈക്രോണ്‍ പരിധിയിലായിരുന്നു. ഉപയോഗത്തിന് ശേഷം അവ അഴുക്കുചാലിലേക്ക് ഒഴുകുകയും മാലിന്യ സംസ്കരണ പ്ലാന്റുകളില്‍ (WWTP) എത്തിച്ചേരുകയും ചെയ്യുന്നു.
'ഒരിക്കല്‍ ഇത് ഭൂമിയിലെത്തിയാൽ ജൈവനാശം സംഭവിക്കാത്തതിനാല്‍ അത് പരിസ്ഥിതിയില്‍ തന്നെ നിലനില്ക്കുന്നു. സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഉപയോഗിക്കുന്ന മൈക്രോ ബീഡുകള്‍ സമുദ്രജീവിതത്തെ വരെ ബാധിക്കുന്നു,'' ടോക്സിക്സ് ലിങ്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അമിത് പറഞ്ഞു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.