• HOME
  • »
  • NEWS
  • »
  • buzz
  • »
  • Reunion | കാണാതായ മകൻ ഭിക്ഷക്കാരനായി തെരുവിൽ; വീട്ടുകാരെ കണ്ടെത്താൻ സഹായിച്ചത് ഫേസ്‌ബുക്ക്

Reunion | കാണാതായ മകൻ ഭിക്ഷക്കാരനായി തെരുവിൽ; വീട്ടുകാരെ കണ്ടെത്താൻ സഹായിച്ചത് ഫേസ്‌ബുക്ക്

ഒരു വർഷം മുൻപാണ് പശ്ചിമ ബം​ഗാൾ സ്വ​ദേശിയായ സുഹാസ് എന്ന 17 കാരൻ യാദൃശ്ചികമായി ബാംഗ്ലൂരിലെത്തിയത്

  • Share this:
    ഒരു വർഷം മുൻ‌പ് കാണാതായ മകനെ കണ്ടുകിട്ടിയതിന്റെ സന്തോഷത്തിലാണ് പശ്ചിമ ബം​ഗാളിലെ (West Bengal) ഒരു കുടുംബം. അതിനു സഹായിച്ചതാകട്ടെ ഫേസ്ബുക്കും (Facebook).

    ഒരു വർഷം മുൻപാണ് പശ്ചിമ ബം​ഗാൾ സ്വ​ദേശിയായ സുഹാസ് എന്ന 17 കാരൻ യാദൃശ്ചികമായി ബാം​ഗ്ലൂരിലെത്തിയത്. നിർത്തിയിട്ടിരുന്ന ട്രെയിനിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു അവൻ. ഇതിനിടെ ട്രെയിൻ പുറപ്പെട്ടു. സുഹാസ് ചെന്നിറങ്ങിയത് ബാം​ഗ്ലൂരും. രണ്ടാഴ്ച മുൻപാണ് പ്രദേശത്ത് ബേക്കറി നടത്തുന്ന രാജണ്ണയും നിതിൻ, ശ്രീധർ എന്നീ ആളുകളും അവനെ ശ്രദ്ധിച്ചത്. രണ്ടാഴ്ചയായി സുഹാസ് ഭക്ഷണം കഴിച്ചിട്ടില്ലെന്നും അവർ മനസിലാക്കി. ഹിന്ദിയാണ് സംസാരിച്ചിരുന്നത്. എന്നാൽ സ്വന്തം ​ഗ്രാമത്തിന്റെ പേരോ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങളോ അവന് പറയാൻ സാധിച്ചില്ല. ആകെ പറഞ്ഞത് മൂത്ത സഹോദരന്റെ പേരു മാത്രം.

    രാജണ്ണയും നിതിനും, ശ്രീധറും ചേർന്ന് ഫേസ്‌ബുക്കിൽ സുഹാസിന്റെ സഹോദരനെ തിരഞ്ഞു. ഫോട്ടോ കാണിച്ചപ്പോൾ അത് തന്റെ സഹോദരനാണെന്ന് അവൻ തിരിച്ചറിയുകയും ചെയ്തു. ഉടൻ ഇവർ സഹോദരന് ഫേസ്‌ബുക്കിൽ മെസേജ് അയച്ചു. ഇതിനിടെ സുഹാസിന് ഭക്ഷണവും വെള്ളവുമൊക്കെ നൽകുകയും ചെയ്തു. മാതാപിതാക്കൾ എത്തുന്നതു വരെ ബേക്കറിക്കുള്ളിൽ കിടക്കാനും സ്ഥലം നൽകി.

    ഒരാഴ്ചക്കു ശേഷം സുഹാസിന്റെ മാതാപിതാക്കൾ പശ്ചിമ ബം​ഗാളിൽ നിന്നും ബാ​ഗ്ലൂരിലെത്തി. ഒരു വർഷത്തിനു ശേഷം മകനെ കണ്ടുകിട്ടിയതിന്റെ സന്തോഷവും ഒപ്പം കണ്ണീരും അടക്കാനാകാതെ അവർ കരഞ്ഞു. രാജണ്ണക്കും നിതിനും ശ്രീധറിനും നന്ദി പറഞ്ഞാണ് അവർ സ്വദേശത്തേക്ക് മടങ്ങിയത്.

    പാകിസ്ഥാനിലെ കർതാർപൂരും ഈയടുത്ത് ഒരു അപൂർവ സം​ഗമത്തിന് സാക്ഷ്യം വഹിച്ചിരുന്നു. പഞ്ചാബിലെ പാട്യാല ജില്ലയിലുള്ള ശുത്രന ഗ്രാമത്തിൽ നിന്നുള്ള മൂന്ന് സിഖ് സഹോദരൻമാരാണ് പാക്കിസ്ഥാനിലുള്ള തങ്ങളുടെ അർധസഹോദരിയെ കണ്ടുമുട്ടിയത്. ഏപ്രിൽ 24 നായിരുന്നു ഈ അപൂർവ സം​ഗമം. 75 കാരിയായ മുംതാസിനാണ് ഒട്ടും നിനച്ചിരിക്കാതെ തന്റെ സഹോദരങ്ങളെ കാണാനുള്ള ഭാ​ഗ്യം ലഭിച്ചത്. വിഭജനകാലത്താണ് (Partition) മുംതാസ് പിതാവ് പാല സിങ്ങിൽ (Pala Singh) നിന്നും വേർപെട്ടത്. ഒരു മുസ്ലീം കുടുംബത്തിന്റെ സംരക്ഷണത്തിലാണ് പിന്നീട് വളർന്നത്. വിഭജനകാലത്തുണ്ടായ കലാപത്തിനിടെ പാല സിങ്ങിന്റെ ഭാര്യ കൊല്ലപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹം ശുത്രനയിലേക്ക് താമസം മാറി. ഭാര്യക്കൊപ്പം തന്റെ മകളും കൊല്ലപ്പെട്ടെന്നാണ് അദ്ദേഹം ചിന്തിച്ചിരുന്നത്. ഇതിനിടെ, പാല സിങ്ങ് തന്റെ സഹോദരഭാര്യയെ വിവാഹം കഴിച്ചു. അന്നത്തെ പാരമ്പര്യം അതായിരുന്നു.

    സോഷ്യൽ മീഡിയ വഴിയാണ് പാലയുടെ മൂന്ന് ആൺമക്കളായ ഗുർമുഖ് സിംഗ്, ബൽദേവ് സിംഗ്, രഘ്ബീർ സിംഗ് എന്നിവർ തങ്ങളുടെ അർധസഹോദരിയെക്കുറിച്ച് അറിഞ്ഞത്. തുടർന്ന് മൂവരും കർതാപൂരിലെ ഒരു കടയുടമയുമായി ബന്ധപ്പെട്ടു. കടയുടമ മുംതാസിനെ വിവരം അറിയിച്ചു. ഒടുവിൽ എല്ലാവരും കർതാർപൂരിലെ ഗുരുദ്വാര ദർബാർ സാഹിബിൽ വെച്ച് കണ്ടുമുട്ടുകയായിരുന്നു.
    Published by:Naveen
    First published: