• HOME
 • »
 • NEWS
 • »
 • buzz
 • »
 • FACEBOOK POST IN THE MEMORY OF NELLIYODE VASUDEVAN NAMBOOTHIRI

എന്റെ ആദ്യ നായകന് അന്ത്യാഞ്ജലി, നെല്ലിയോട് വാസുദേവൻ നമ്പൂതിരിയുടെ ഓർമ്മയിൽ സംവിധായകൻ

നെല്ലിയോട് വാസുദേവൻ നമ്പൂതിരിയുടെ ഓർമ്മയിൽ അദ്ദേഹത്തെ നായകനാക്കി 'അംഗുലീചാലിതം' എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്ത പ്രശാന്ത് വിജയ്‌യുടെ കുറിപ്പ്

ലൊക്കേഷനിലെ ചിത്രം

ലൊക്കേഷനിലെ ചിത്രം

 • Share this:
  കഥകളി ലോകത്തെ കുലപതി നെല്ലിയോട് വാസുദേവൻ നമ്പൂതിരിയുടെ ഓർമ്മയിൽ അദ്ദേഹത്തെ നായകനാക്കി 'അംഗുലീചാലിതം' എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്ത പ്രശാന്ത് വിജയ്‌യുടെ കുറിപ്പ്. 81 കാരനായ വാസുദേവൻ നമ്പൂതിരി കാൻസർ ബാധിതനായിരുന്നു. കഥകളിയിൽ 'ചുവന്ന താടി' വേഷങ്ങളിൽ അഗ്രഗണ്യനായിരുന്നു അദ്ദേഹം. അദ്ദേഹത്തെ തന്റെ ചിത്രത്തിലെ പ്രധാന കഥാപാത്രമായി സുഹൃത്ത് നിർദ്ദേശിക്കുന്നതും, ആദ്യ കണ്ടുമുട്ടലിലെ അത്ഭുതവും നിറയുന്ന പോസ്റ്റാണ് ഇത്. പോസ്റ്റിലെ വാക്കുകൾ ചുവടെ വായിക്കാം:

  കുട്ടിക്കാലം മുതലുള്ള സിനിമാസ്വപ്നങ്ങളൊഴിച്ച്, യാതൊരു മുൻപരിചയവുമില്ലാതെയാണ് 2012-ൽ 'അംഗുലീചാലിത'മെന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്യാനിറങ്ങുന്നത്. തിരക്കഥയെഴുതുന്ന കാലത്ത് ബാംഗ്ലൂരിലെ രാജാ മാർക്കറ്റിലെ ഇടുങ്ങിയ തെരുവുകളൊക്കെയായിരുന്നു മനസ്സിൽ. തുടർന്നുള്ള ചർച്ചകളിൽ അത് തിരുവനന്തപുരത്തെ ചാലക്കമ്പോളമായി മാറുകയായിരുന്നു. തിരുവനന്തപുരം നഗരം പശ്ചാത്തലമാക്കി കൂടുതൽ സിനിമകൾ വേണമെന്ന ഞങ്ങൾ കുറച്ചുപേരുടെ അത്ര രഹസ്യമല്ലാത്ത അജണ്ടയുടെ ആദ്യ ഉൽപ്പന്നമായി അങ്ങനെ അത് മാറി.

  എഴുത്തുകാലം മുതലേ ആലോചനകളിൽ സജീവപങ്കാളിയായിരുന്ന സന്ദീപാണ് കുടുംബസുഹൃത്ത് നെല്ലിയോട് വാസുദേവൻ നമ്പൂതിരിയെ ചിത്രത്തിലെ പ്രധാനകഥാപാത്രത്തിന് നിർദ്ദേശിക്കുന്നത്. കഥകളിയിൽ സാമാന്യം അജ്ഞനായ എനിക്ക് ആശാന്റെ സ്റ്റാർഡത്തെപ്പറ്റിയൊന്നും അന്നൊരു പിടിയുമില്ലായിരുന്നു. സന്ദീപിന്റെ അച്ഛൻ വിളിച്ച് ഏർപ്പാടാക്കിക്കഴിഞ്ഞിട്ടാണ് ആശാനെക്കാണാൻ ഞങ്ങൾ വീട്ടിൽ ചെല്ലുന്നത്.

  ചിത്രത്തിന്റെ സഹനിർമ്മാതാവും അഭിനേത‍ാവുമായ അരുൺ ചേട്ടനോടൊപ്പം പോയി കഥ പറയുമ്പോഴാണ് ആശാന്റെ ശരിക്കുള്ള രൂപവും പ്രകൃതവും തന്നെ കഥാപാത്രത്തിന് കൊടുക്കാമെന്ന തീരുമാനമുണ്ടാവുന്നത്. അതുവരെ മനസ്സിലുണ്ടായിരുന്നത് കുറച്ചുകൂടി sophisticated ആയൊരു ഷെഫായിരുന്നു. അലക്കിത്തേച്ച ജുബ്ബയും നെറ്റിയിൽ കുറിയുമൊക്കെയായി പതിയെ സംസാരിക്കുന്ന ഈ പാവം അപ്പൂപ്പനാണല്ലോ ആ കൊടുംക്രൂരതയൊക്കെ ചെയ്യുന്നത് എന്ന തിരിച്ചറിവ് പ്രേക്ഷകരിൽ സിനിമയുണ്ടാക്കിയ ആഘാതം കൂട്ടിയിട്ടുണ്ടെന്ന് തോന്നുന്നു.

  അന്നത്തെ ആ തീരുമാനം ശരിയായിരുന്നോ എന്നൊരു ശങ്ക എനിക്കുണ്ടായത് വർഷങ്ങൾക്കുശേഷം ആശാൻ അഭിനയിച്ച ‘ഡോൺ കിഹോത്തേ' കഥകളിയുടെ കുറച്ചു ഭാഗങ്ങൾ കണ്ടപ്പോഴാണ്. ഷർട്ടിടാത്ത ഒരു നാടൻ ഹോട്ടലുകാരനായിരുന്നെങ്കിൽ ആശാന് ശരീരം കൊണ്ടുകൂടി അഭിനയിക്കാനൊരു അവസരമുണ്ടായേനെയെന്ന് തോന്നി.
  അന്ന് ഞങ്ങൾക്ക് താങ്ങാൻ പറ്റുന്ന (വളരെ തുച്ഛമായ) ഒരു തുക ആശാന് ദക്ഷിണ കൊടുത്തുകൊണ്ടായിരുന്നു അംഗുലീചാലിതത്തിന്റെ തുടക്കം.

  ചലച്ചിത്രനിർമ്മാണത്തിന്റെ പ്രായോഗികവിഷമതകളിൽ നട്ടം തിരിയുന്ന എനിക്ക് അങ്ങേയറ്റം സഹകരണമുള്ള അഭിനേതാവായും, നടനത്തിന്റെ ഇൻസ്റ്റന്റ് ക്ലാസ്സുകൾ കൊടുത്ത് അരുൺ ചേട്ടനും നിഖിലിനും ഗുരുവായുമൊക്കെ അടുത്ത രണ്ടു ദിവസം ആശാൻ ഞങ്ങളോടൊപ്പമായിരുന്നു. സംവിധാനത്തിന്റെ അങ്കലാപ്പിലായിരുന്ന ആ ദിവസങ്ങളൊക്കെക്കഴിഞ്ഞ് പിന്നീട് ആലോചിച്ചപ്പോഴാണ് ആ മനുഷ്യന്റെ വലിപ്പം ശരിക്കും മനസ്സിലായത്.  അറപ്പോ വെറുപ്പോ തോന്നാവുന്ന ഒരു വേഷം ഏറ്റെടുക്കാൻ തയ്യാറായത് നടന്റെ പ്രൊഫഷണലിസവും സന്ദീപിന്റെ കുടുംബത്തോടുള്ള ബന്ധവുമൊക്കെക്കൊണ്ടായിരിക്കാം. പക്ഷേ മാംസാഹാരം തയ്യാറാക്കി വിളമ്പിക്കൊണ്ടിരിക്കുന്ന ഒരു ഹോട്ടലിൽ അങ്ങേയറ്റം ചിട്ടകളൊടെ ശുദ്ധിയിലും വൃത്തിയിലും ജീവിക്കുന്ന ഒരാൾ രണ്ടുദിവസം യാതൊരു അസ്വസ്ഥതയും പ്രകടിപ്പിക്കാതെ ചിലവഴിച്ചതും, ഞങ്ങളുടെ നെട്ടോട്ടത്തിനിടയിൽ തെറ്റിയ ആഹാരത്തിന്റെയും പ്രാർത്ഥനയുടെയുമൊക്കെ സമയക്രമങ്ങളെപ്പറ്റി പരാതികളൊന്നും പറയാതെയിരുന്നതുമൊക്കെയാണ് പിന്നീട് അത്ഭുതമായി തോന്നിയത്.

  കുറേനാൾ കഴിഞ്ഞ് യാദൃച്ഛികമായി ഒരു ട്രെയിൻ യാത്രയിൽ, കൊല്ലത്ത് ഒരു കളികഴിഞ്ഞു വരുന്ന ആശാനെ കണ്ടു. മൂന്നര വർഷം മുൻപ് ഷൂട്ടിങ്ങിനുണ്ടായിരുന്ന ഓരോരുത്തരുടെയും വിശേഷങ്ങൾ വാൽസല്യത്തോടെ തിരക്കി അദ്ദേഹമെന്നെ വീണ്ടും ഞെട്ടിച്ചു.

  അക്കാലത്ത് "അതിശയങ്ങളുടെ വേനലി"ന്റെ എഴുത്ത് നടക്കുകയായിരുന്നു. ചിത്രം കണ്ടിട്ടുള്ളവർക്കറിയാം, അതിലെ ഒരു പ്രധാനമായൊരു കാര്യമാണ് ആനന്ദിന്റെ വാച്ച്. ആ വാച്ച് ശരിയാക്കാൻ ആനന്ദ് ഇടയ്ക്കിടെ പോവുന്ന ഒരു വാച്ച് റിപ്പയററുടെ കഥാപാത്രമായി ആശാനെ വിളിക്കാൻ ഞങ്ങൾ മനസ്സിൽ വിചാരിച്ചിരുന്നു. ആനന്ദിൽ വരുന്ന മാറ്റങ്ങൾ ചിത്രത്തിലെ മൂന്നു സന്ദർഭങ്ങളിൽ വരുന്ന ആ മൂന്നു സീനുകളിലൂടെ കാണിക്കുകയെന്നതായിരുന്നു ആശയം. പിന്നീട് സിനിമയുടെ നീളം കുറയ്ക്കാനുള്ള യത്നത്തിൽ ഷൂട്ടിംഗിനു മുൻപേ ആ സീനുകൾ കളയേണ്ടിവന്നു.

  ഇപ്പോൾ ആലോചിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിലും, രണ്ടു സീനുകൾ മാത്രമേ ഉള്ളെങ്കിലും ഡയലോഗുകളില്ലാതെ ഒരു ഇഫക്റ്റ് ഉണ്ടാക്കേണ്ടുന്ന ഒരു വൃദ്ധകഥാപാത്രം ആശാനെ ഏൽപ്പിക്കുന്നതിനെപ്പറ്റി ഒരാഴ്ച മുൻപ് ഞങ്ങൾ ചർച്ച ചെയ്തിരുന്നു. ആശാന്റെ പ്രായവും ആരോഗ്യസ്ഥിതിയുമൊക്കെ എങ്ങനെയാവുമെന്നും അന്ന് ഉത്കണ്ഠപ്പെട്ടു. പിന്നെ ഇന്നലെ ഈ വാർത്തയാണ് കേൾക്കുന്നത്.

  imdbയിൽ നെല്ലിയോട് വാസുദേവൻ നമ്പൂതിരിയെന്ന പേരിൽ ഏഴുതിച്ചേർക്കപ്പെട്ടിട്ടുള്ള രണ്ടു ചിത്രങ്ങളിൽ ഒന്നിനു കാരണമാവാൻ പറ്റിയതിലുള്ള ചാരിതാർത്ഥ്യവും, പിന്നൊന്നും ആ പട്ടികയിൽ ചേർക്കാനാവാത്തതിന്റെ നിരാശയും മാറ്റിനിർത്തി ആ വലിയ മനുഷ്യനെ കുറച്ചു നേരമെങ്കിലും അനുയാത്ര ചെയ്യാനായതിൽ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. എന്റെ ആദ്യ നായകന് അന്ത്യാഞ്ജലി...
  Published by:user_57
  First published:
  )}