'കല്യാണിയുടെയും ദാക്ഷായണിയുടെയും കത'; ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ഒരു നോവൽ !

2019 മെയ് 14ന് ഫേസ് ബുക്കിൽ എഴുതിത്തുടങ്ങി ജൂലായ് 27 ന് അവസാനിച്ച പേരില്ലാ നോവൽ ആണ് പുസ്തകമായത്

News18 Malayalam | news18-malayalam
Updated: October 13, 2019, 6:24 PM IST
'കല്യാണിയുടെയും ദാക്ഷായണിയുടെയും കത'; ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ഒരു നോവൽ !
RAJASREE_FB NOVEL
  • Share this:
കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത- ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ആർ രാജശ്രീ എഴുതിയ നോവൽ പുസ്തകമാകമായി. ഒരുപക്ഷേ മലയാളത്തിൽ ആദ്യമായിട്ടായിരിക്കും ഇത്. 2019 മെയ് 14ന് ഫേസ് ബുക്കിൽ എഴുതിത്തുടങ്ങി ജൂലായ് 27 ന് അവസാനിച്ച പേരില്ലാ നോവൽ ആണ് പുസ്തകമായത്.

'ഓരോ ദിവസവും എഫ് ബി യിൽ ഇടേണ്ട ഭാഗം തലേന്നു രാത്രിയോ അന്നത്തെ ദിവസം പുലർച്ചെയോ ആണ് എഴുതിയിരുന്നത്. ഒരു ഖണ്ഡംപോലും നേരത്തെ എഴുതി വയ്ക്കാൻ സാധിച്ചിരുന്നില്ല. എഴുതിയാലും പോസ്റ്റ് ചെയ്യുന്നതിനു മുമ്പ് അത് മറ്റൊന്നായി മാറിയിരുന്നു എന്നാണനുഭവം. അതു കൊണ്ട് അതിനു മെനക്കെട്ടില്ല. കഥകൾ വന്നു കുമിഞ്ഞു കൊണ്ടിരുന്നു. കഥാപാത്രങ്ങൾ മാറി മാറി വന്നു. ആരെയും കൊണ്ടുവരേണ്ടി വന്നില്ല. അവർ സ്വയമേവ വന്നു, അവരവർക്കുള്ള രംഗങ്ങളിൽ കൃത്യമായി പാകമായി, അവരുടെ ഭാഗം കഴിഞ്ഞ് അരങ്ങൊഴിഞ്ഞു'- രാജശ്രീ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

'കല്യാണിയും ദാക്ഷായണിയും വിട്ടു പോയതിനു ശേഷം പാമ്പോടു വേറായ തോൽ പോലെയായി ഞാൻ. അവർ ഇടത്തും വലത്തും മുന്നിലും പിന്നിലുമായി കൃത്യം എഴുപത്തഞ്ചു ദിനം ഒപ്പം നടന്നു. ദാക്ഷായണി മുനിഞ്ഞു കത്തുമ്പോൾ കല്യാണി വിളക്കുമായി മുന്നിൽ നടന്നു. കല്യാണി മങ്ങുമ്പോൾ ദാക്ഷായണി ആളിക്കത്തി വെളിച്ചം തന്നു. ആ രണ്ടു പെണ്ണുങ്ങൾ തുഴഞ്ഞ തോണിയിലാണ് ജീവിതത്തിലെ ഏറ്റവും ചുഴികളുള്ള ഒരു ഭാഗം ഞാൻ അനായാസം കടന്നത്. രണ്ടര മാസം കൂടെ നടന്നതിനു ശേഷം അവർ പെട്ടെന്ന് അകന്നുപോയപ്പോൾ ഗാഢസൗഹൃദങ്ങൾ ഇഴ പൊട്ടിയാലെന്ന പോലെ മനസ്സ് ദുർബലവും അധീരവുമായിപ്പോയിരുന്നു. സ്വന്തം കഥയിൽ നിന്നും കഥാപാത്രങ്ങളിൽ നിന്നും വിടുതിയില്ലാത്തത്
എന്തു വിചിത്രമായ അനുഭവമാണ്'- രാജശ്രീ പറയുന്നു.

'കല്യാണിയും ദാക്ഷായണിയും പുസ്തകത്തിൽ വരുമ്പോൾ അവരെന്നിൽ നിന്ന് ഒത്തിരി ദൂരെയാണെന്നു തോന്നുന്നുണ്ട്. ആ ആനകൾ എന്റേതു മാത്രമല്ലാതാവുകയാണെന്നറിയുന്നുണ്ട്. അതിന്റെയൊരു വിങ്ങലുണ്ട്. എന്നാലും എന്റെ കല്യാണിക്കും ദാക്ഷായണിക്കും വിജയാശംസകൾ'- രാജശ്രീ പറയുന്നു. മാതൃഭൂമി ബുക്ക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
First published: October 13, 2019, 6:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading