HOME » NEWS » Buzz » FACEBOOK POST OF BAIJU CHANDRAN ABOUT LATE ACTOR DILIP KUMAR

Dilip Kumar| ആ വേഷം ദിലീപ് കുമാർ നിരസിച്ചു; പകരക്കാരനായ ഒമർ ഷെരീഫ് ഹോളിവുഡ് കീഴടക്കിയത് ചരിത്രം

ഒരിക്കൽ ദിലീപ് കുമാറും യാത്രയാകും എന്നറിയാമായിരുന്നെങ്കിലും ഇപ്പോൾ അതൊരു യാഥാർത്ഥ്യമായപ്പോൾ മനസ്സുകൊണ്ട് പൊരുത്തപ്പെടാൻ പ്രയാസപ്പെടുന്ന ഒരു ആരാധകന്റെ കുറിപ്പാണ്, ഇത്.

News18 Malayalam | news18-malayalam
Updated: July 7, 2021, 1:02 PM IST
Dilip Kumar| ആ വേഷം ദിലീപ് കുമാർ നിരസിച്ചു; പകരക്കാരനായ ഒമർ ഷെരീഫ് ഹോളിവുഡ് കീഴടക്കിയത് ചരിത്രം
Dilip Kumar
  • Share this:
അന്തരിച്ച നടൻ ദിലീപ് കുമാറിനെ കുറിച്ച് ദൂരദർശൻ തിരുവനന്തപുരം മുൻ ഡയറക്ടർ ബൈജു ചന്ദ്രൻ എഴുതിയ കുറിപ്പ്. ഒരിക്കൽ ദിലീപ് കുമാറും യാത്രയാകും എന്നറിയാമായിരുന്നെങ്കിലും ഇപ്പോൾ അതൊരു യാഥാർത്ഥ്യമായപ്പോൾ മനസ്സുകൊണ്ട് പൊരുത്തപ്പെടാൻ പ്രയാസപ്പെടുന്ന ഒരു ആരാധകന്റെ കുറിപ്പാണിതെന്ന് ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ ബൈജു ചന്ദ്രൻ പറയുന്നു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു ദിലീപ് കുമാറിന്റെ അന്ത്യം അന്ത്യം. ജൂൺ 30നാണ് ദിലീപ് കുമാറിനെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഗുൽസാർ സംവിധാനം ചെയ്ത കോശിഷ് എന്ന ചിത്രത്തിൽ ഒരു രംഗമുണ്ട്. സഞ്ജീവ് കുമാറും ജയാ ഭാധുരിയും അഭിനയിക്കുന്ന ബധിരരും മൂകരുമായ ദമ്പതികൾ ഒരു പബ്ലിക് ബൂത്തിൽ കയറി ഫോൺ വിളിച്ചു രസിക്കുന്നു. അവർ ഡയൽ ചെയ്യുന്ന ഒരു നമ്പർ സിനിമാതാരം ദിലീപ് കുമാറിന്റേതാണ്. ഫോൺ അറ്റൻഡ് ചെയ്യുന്ന താരനായകൻ, അപ്പുറത്ത് നിന്ന് ആരുടെയും ശബ്ദം കേൾക്കാത്തതുകൊണ്ട്, പിറുപിറുക്കുന്നതുപോലെ സ്വയം പറയുന്നു.

"ആരാണ് എന്നെക്കാളും ചെറിയ ഒച്ചയിൽ സംസാരിക്കുന്നത്?"

ദിലീപ് കുമാറിന് അഭിനയിക്കാൻ ഒരിക്കലും അലർച്ചയുടെയും ആക്രോശങ്ങളുടെയും ആവശ്യമുണ്ടായിരുന്നില്ലല്ലോ. മൗനത്തിന്റെ അർത്ഥവത്തായ ഇടവേളകളിലൂടെ, വികാരങ്ങൾ മാറി മാറി പ്രതിഫലിക്കുന്ന കണ്ണുകളിലൂടെ, ഇച്ഛാനുസരണം ചലിക്കുന്ന മുഖത്തെ മാംസപേശികളിലൂടെ അതിസൂക്ഷ്മമായ ശരീര ഭാഷയിലൂടെ, അഭിനയത്തിന്റെ അസാധാരണ മുഹൂർത്തങ്ങളാണ് ആ മഹാനടൻ കാഴ്ച്ച വെച്ചത്. അതുകണ്ടിട്ടാണ് ഡേവിഡ് ലീൻ, ലോറൻസ് ഓഫ് അറേബ്യ എന്ന ഇതിഹാസച്ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തെ വിളിച്ചത്. ദിലീപ് അത് നിരസിച്ചതും പകരം ആ വേഷമേറ്റെടുത്ത ഈജിപ്ഷ്യൻ താരം ഓമർ ഷെരീഫ്, ഹോളിവുഡ് കീഴടക്കിയതും ചരിത്രം.

You may also like:'തല്ലുകൊള്ളും എന്ന പേടി': യൂസുഫ് ഖാൻ എന്ന പേരുപേക്ഷിച്ചതിന് ദിലീപ് കുമാർ പറഞ്ഞ കാരണം

അഭിനയം പഠിപ്പിക്കുന്ന കളരികളിൽ, പണ്ഡിതന്മാർ ആവർത്തിച്ചുരുവിടുന്ന subtle acting ഉം സ്റ്റാൻസ്ലോവ്സ്കിയുമൊന്നും മനഃപാഠമാക്കിയിട്ട് സിനിമയിലെത്തിയ നടനല്ല ദിലീപ് കുമാർ. എന്നാൽ സൂക്ഷ്മാഭിനയത്തിൽ അദ്ദേഹത്തെ മറികടക്കുന്ന ഒരു നടൻ ഇനി ഇന്ത്യയിൽ പിറക്കാനിരിക്കുന്നതേയുള്ളൂ എന്നു ഞാൻ വിശ്വസിക്കുന്നു. തൊട്ടു മുൻപേ നടന്ന അശോക് കുമാർ, തോളുരുമ്മി ഒപ്പത്തിനൊപ്പം മുന്നോട്ടു പോയ രാജ് കപൂർ, ദേവാനന്ദ്, ഗുരുദത്ത് എന്നിവരെ മാത്രമല്ല സഞ്ജീവ് കുമാറും അമിതാബ് ബച്ചനും ഓം പുരിയും നസിറുദ്ദീൻ ഷായുമുൾപ്പെടെ പിറകെ വന്ന മികച്ച അഭിനേതാക്കളെയൊക്കെ അനായാസം പിറകിലാക്കിയ അഭിനയസിദ്ധിയായിരുന്നു ആ മഹാപ്രതിഭയുടേത്. 'തങ്കപ്പതക്ക'ത്തിൽ ശിവാജി ഗണേശനും 'മലൈക്കള്ളനി'ലും 'എങ്ക വീട്ടുപിളൈള'യിലും എം ജി ആറും തകർത്തഭിനയിച്ച വേഷങ്ങൾ 'ശക്തി'യിലും 'ആസാദി'ലും 'രാം ഔർ ശ്യാമി'ലും ദിലീപ് കുമാർ ആവർത്തിച്ചപ്പോൾ, അത് ഒരു താരതമ്യവുമില്ലാത്ത മിതാഭിനയത്തിന്റെ മികച്ച ഉദാഹരണങ്ങളായി ചരിത്രത്തിലിടം നേടി. എന്നിട്ടും ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം, ഒരിക്കലും ദിലീപ് കുമാറിനെ തേടിയെത്തിയില്ല എന്നത് ചരിത്രത്തിന്റെ ക്രൂരമായ തമാശ!

ഒരിക്കൽ ദിലീപ് കുമാറും യാത്രയാകും എന്നറിയാമായിരുന്നെങ്കിലും ഇപ്പോൾ അതൊരു യാഥാർത്ഥ്യമായപ്പോൾ മനസ്സുകൊണ്ട് പൊരുത്തപ്പെടാൻ പ്രയാസപ്പെടുന്ന ഒരു ആരാധകന്റെ കുറിപ്പാണ്, ഇത്.

ഇന്ത്യൻ സിനിമയിലെ ദുരന്ത നായകൻ, മുഹമ്മദ് റാഫിയുടെ ശബ്ദത്തിൽ വിരഹ ഗാനം പാടുകയാണ്.

"ടൂട്ടെ ഹുവെ ക്വആബോംനെ,
ഹംകോ യെ സിഖായാ ഹേ,
ദിൽ നേ....ദിൽ നേ ജിസേ പായാ ഥാ
ആം ഖോമ് നേ ഗവായാ ഹേ..."

അഭിനയത്തിന്റെ ഇതിഹാസനായകന് വിട.....
Published by: Naseeba TC
First published: July 7, 2021, 1:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories