തിരുത്തിയത് 'അദ്യാപിക'യെ എന്ന് ദീപാ നിശാന്ത്; തിരുത്തേണ്ടിയിരുന്നത് നല്ല മലയാളത്തിലെന്ന് സന്ദീപ് വാര്യർ
തിരുത്തിയത് 'അദ്യാപിക'യെ എന്ന് ദീപാ നിശാന്ത്; തിരുത്തേണ്ടിയിരുന്നത് നല്ല മലയാളത്തിലെന്ന് സന്ദീപ് വാര്യർ
ഇൻകം ടാക്സ് വാരിയർ അടക്കം ഇതേറ്റുപിടിച്ചുപോസ്റ്റിട്ടത് വിഷയ ദാരിദ്ര്യം കൊണ്ടാണെന്ന് ദീപാ നിശാന്ത്; ധനം നൽകി അധ്യാപികയായ മലയാളം പകർത്തിയെഴുത്തുകാരിക്ക് അദ്ധ്യാപനത്തോടും അദ്ധ്യാപകരോടും പുച്ഛം തോന്നുക സ്വാഭാവികം മാത്രമാണെന്നാണ് സന്ദീപ് ജി വാര്യർ
അധ്യാപിക ദീപാ നിശാന്തും ബിജെപി വക്താവ് സന്ദീപ് വാര്യരും വീണ്ടും സോഷ്യൽ മീഡിയയിൽ നേർക്കുനേർ. തന്റെ പോസ്റ്റിന് താഴെ കമന്റിട്ട വിദ്യാധരൻ നായർക്ക് ദീപ നിശാന്ത് മറുപടി നൽകുകയായിരുന്നു. ഇതിന് പിന്നിലെ വസ്തുത മറച്ചുവെച്ച് സ്ക്രീൻ ഷോട്ട് പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് ദീപാ നിശാന്ത് ആരോപിക്കുന്നത്.
ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് 'ഒരു #അദ്യാപികയുടെ നിലവാരം' എന്ന മറുപടിയാണ് വിദ്യാധരൻ നായർ ഇട്ടത്. ഇതിന് 'അ'ധ്യാ'പിക' - ധൂമകേതൂലെ 'ധ' എന്നായിരുന്നു താനിട്ട കമന്റെന്ന് ദീപ നിശാന്ത് പറയുന്നു. ഇതിനുശേഷം കമന്റിട്ടയാള്‍ പലതവണ എഡിറ്റ് ചെയ്യുകയും 'അദ്യാപിക' പിന്നെ 'അദ്ധ്യാപിക' എന്നും 'അധ്യാപിക' എന്നും എഡിറ്റ് ചെയ്തു മാറ്റുകയായിരുന്നു. ഈ എഡിറ്റ് ചെയ്ത കമന്റ് മാത്രം കണ്ടചിലർ തനിക്ക് ഇൻബോക്സിലും പബ്ലിക്കായും ട്യൂഷൻ എടുക്കുന്നുവെന്നും സുകുമാർ അഴീക്കോടിനെയും ശബ്ദതാരാവലിയെയും ഒക്കെ കൂട്ടുപിടിച്ച് വൻ ചർച്ച പലയിടത്തും നടക്കുന്നുവെന്നും ദീപാ നിശാന്ത് പറയുന്നു. എഡിറ്റ് ചെയ്ത കമന്റിന്റെ മൂന്നു ചിത്രങ്ങള്‍ സഹിതമാണ് ദീപാ നിശാന്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
താൻ തിരുത്തിയത് 'അദ്യാപിക'യെ ആണെന്നും 'അദ്ധ്യാപിക'യെയല്ലെന്നും ഇൻകം ടാക്സ് വാരിയർ അടക്കം ഇതേറ്റുപിടിച്ചുപോസ്റ്റിട്ടത് വിഷയ ദാരിദ്ര്യം കൊണ്ടാണെന്നും ടീച്ചർ ആരോപിക്കുന്നു.
ധനം നൽകി അധ്യാപികയായ മലയാളം പകർത്തിയെഴുത്തുകാരിക്ക് അദ്ധ്യാപനത്തോടും അദ്ധ്യാപകരോടും പുച്ഛം തോന്നുക സ്വാഭാവികം മാത്രമാണെന്നാണ് സന്ദീപ് ജി വാര്യർ പോസ്റ്റിട്ടത്. അച്ചടി സൗകര്യത്തിന് വേണ്ടിയാണ് 'ദ' ഒഴിവാക്കപ്പെട്ടതെന്നും എന്നാൽ നല്ല മലയാളം അദ്ധ്യാപകൻ എന്നതു തന്നെയാണെന്നും സന്ദീപ് വാര്യർ കുറിക്കുന്നു. മലയാളം അധ്യാപിക തിരുത്തേണ്ടിയിരുന്നത് നല്ല മലയാളത്തിൽ തന്നെയായിരുന്നുവെന്നും അല്ലാതെ ധൂമകേതുവിലെ 'ധ' ഉപയോഗിച്ചായിരുന്നില്ലെന്നുമാണ് അദ്ദേഹം കുറിക്കുന്നത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.