• HOME
 • »
 • NEWS
 • »
 • buzz
 • »
 • Fact Check | ബഹിരാകാശത്ത് നിന്ന് പകർത്തിയ ഇന്ത്യയിലെ ദീപാവലി ആഘോഷത്തിന്റെ ചിത്രം നാസയുടേതോ?

Fact Check | ബഹിരാകാശത്ത് നിന്ന് പകർത്തിയ ഇന്ത്യയിലെ ദീപാവലി ആഘോഷത്തിന്റെ ചിത്രം നാസയുടേതോ?

ദീപാവലി ദിനത്തില്‍ ബഹിരാകാശത്ത് നിന്നുള്ള ഇന്ത്യയുടെ ചിത്രം എങ്ങനെയായിരിക്കുമെന്ന് നാസയുടെ പേരില്‍ എത്തിയ ഫോട്ടോ പലതവണ നാസ തന്നെ നിഷേധിച്ചിട്ടുണ്ട്.

 • Share this:
  സമൂഹ മാധ്യമങ്ങളുടെ പ്രചാരം വര്‍ധിച്ചതോടെ ലോകത്തിലെ എല്ലാ പ്രദേശങ്ങളിലും വിശേഷ ദിവസങ്ങളോട് അനുബന്ധിച്ചോ, ഏതെങ്കിലും വിഷയങ്ങളോടനുബന്ധിച്ചോ വ്യാജ വാര്‍ത്തകളും (Fake News) വ്യാജ ചിത്രങ്ങളും (Fake Photos) മറ്റും പ്രചരിക്കുന്നത് പതിവാണ്. എന്നാൽ ഇത്തരം വ്യാജ വാര്‍ത്തകളും ചിത്രങ്ങളും യഥാര്‍ത്ഥത്തിലുള്ളതാണെന്ന് കരുതി പലരും തങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒക്കെ ഇവ പങ്കുവയ്ക്കാറുമുണ്ട്. ഇത്തരം വ്യാജവാര്‍ത്തകളും മറ്റും ഇന്ന് സമൂഹ മാധ്യമങ്ങൾ നേരിടുന്ന വലിയൊരു തലവേദന തന്നെയാണ്. അതുകൊണ്ട് ഒക്കെ തന്നെയാണ് ഗൂഗിള്‍ ഉള്‍പ്പെടയുള്ള ടെക്ക് ഭീമന്മാര്‍ 'ഫാക്ട് ചെക്കിംഗ്' സംവിധാനങ്ങള്‍ കൂടുതല്‍ വികസിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ ദീപാവലി ദിനത്തിലും പതിവ് 'ആചാരം' പോലെ നാസയുടെ (NASA) ചിത്രവും സമൂഹ മാധ്യമങ്ങളിൽ എത്തിയിരുന്നു.

  ദീപാവലി (Diwali) ദിനത്തില്‍ ബഹിരാകാശത്ത് നിന്നുള്ള ഇന്ത്യയുടെ ചിത്രം എങ്ങനെയായിരിക്കുമെന്ന് നാസയുടെ പേരില്‍ എത്തിയ ഫോട്ടോ പലതവണ നാസ തന്നെ നിഷേധിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി പലരും അത് വ്യാജമാണെന്ന് തെളിവ് സഹിതം കാണിച്ചുകൊടുത്തിട്ടും ഇപ്പോഴും ആ ചിത്രം പ്രചരിക്കുന്നുണ്ട് എന്നതാണ് വാസ്തവം. നാസ പറയുന്നതനുസരിച്ച്, ഈ ഫോട്ടോ യഥാര്‍ത്ഥത്തില്‍ യുഎസ് ഡിഫന്‍സ് മെറ്റീരിയോളജിക്കല്‍ സാറ്റലൈറ്റ് പ്രോഗ്രാമിന്റെ (ഡിഎംഎസ്പി) ഉപഗ്രഹങ്ങളില്‍ നിന്നുള്ളതാണെന്നാണ്. സിറ്റി ലൈറ്റുകളുടെ സഹായത്തോടെ കാലക്രമേണയുണ്ടായ ജനസംഖ്യാ വളര്‍ച്ചയാണ് ഈ ചിത്രത്തില്‍ കാണിക്കുന്നത്. വെളുത്ത പ്രദേശങ്ങളില്‍ 1992 ന് മുമ്പ് ദൃശ്യമായ നഗര വിളക്കുകളും നീല, പച്ച, ചുവപ്പ് എന്നിവ യഥാക്രമം 1992, 1998, 2003 എന്നീ വർഷങ്ങളിൽ പ്രത്യക്ഷപ്പെട്ടവയും കാണിക്കുന്നു.

  വേര്‍തിരിച്ചുകാണാവുന്ന നിറങ്ങളുടെ ഈ ക്രമീകരണം, 2003-ല്‍ എന്‍ഒഎഎ (NOAA) ശാസ്ത്രജ്ഞനായ ക്രിസ് എല്‍വിഡ്ജ് ആണ് സൃഷ്ടിച്ചത്. ദീപാവലി വിളക്കുകള്‍ യഥാര്‍ത്ഥത്തില്‍ ബഹിരാകാശത്ത് നിന്ന് ഫോട്ടോ എടുക്കാന്‍ കഴിയാത്തത്ര ചെറുതാണ്. നാസയുടെ പേരില്‍ എത്തിയ ചിത്രങ്ങളുടെ വസ്തുതകള്‍ നാസ തന്നെ വീണ്ടും വെളിപ്പെടുത്തിയിരുന്നു. വ്യാജ വൈറല്‍ ഇമേജിനെ നിഷേധിച്ച് നാസ അവരുടെ വെബ്സൈറ്റില്‍ ഇങ്ങനെ എഴുതി, ''വാസ്തവത്തില്‍, ദീപാവലി സമയത്ത് സൃഷ്ടിക്കുന്ന ഏതെങ്കിലും അധിക പ്രകാശം വളരെ സൂക്ഷ്മമാണ്, അത് ബഹിരാകാശത്ത് നിന്ന് നിരീക്ഷിക്കാൻ സാധിക്കില്ല.'' എന്നാണ്.

  കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നാസയുടെ പേരില്‍ പ്രചരിക്കുന്ന, ഇന്റര്‍നെറ്റ് ലോകത്തിലെ 'പ്രിയപ്പെട്ട' വ്യാജ ദീപാവലി ഫോട്ടോ ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങളിൽ ഇത്തവണയും വൈറലായി. മറ്റ് വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇത്തവണ ആളുകള്‍ വ്യാജ ചിത്രത്തിനെ അവഗണിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നുവെങ്കിലും ചിലര്‍ക്കെല്ലാം അബദ്ധം പറ്റി. ഇത്തവണ ആളുകള്‍ തമാശ കലര്‍ത്തിയായിരുന്നു ഈ ചിത്രം കൂടുതലും പ്രചരിപ്പിച്ചത്.

  തങ്ങളുടെ കെട്ടിട സമുച്ചയങ്ങളിലെ ദീപാവലി വിളക്കുകളും, റോഡിലെ ചെളിവെള്ളം നിറഞ്ഞ സവിശേഷമായ ആകൃതിയിലുള്ള കുഴികളെയും, മധുരപലഹാരങ്ങളും ഒക്കെ ട്വീറ്റ് ചെയ്ത് പലരും തമാശയായി കുറിച്ചത് നാസ പുറത്തുവിട്ട ചിത്രമാണെന്നാണ്. ഈ വ്യാജ ഫോട്ടോ ഇപ്പോള്‍ മീമുകള്‍ക്ക് വിഷയമായി തീർന്നിരിക്കുകയാണ്. ''നാസയുടെ ഏറ്റവും വലിയ വാര്‍ഷിക ഉത്തരവാദിത്തം ദീപാവലി രാത്രിയിലെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഈ വൈറല്‍ 'സാറ്റലൈറ്റ് ചിത്രം' നിഷേധിക്കുക എന്നതാണ്,'' എന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് എഴുതി.


  സെലിബ്രിറ്റികളടക്കം നിരവധി പേർ വ്യാജ ഫോട്ടോ പ്രചരണത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ അറിയാതെ ഉള്‍പ്പെട്ടിട്ടുണ്ട്. അവരുടെ ആ പഴയ ട്വീറ്റുകള്‍ വീണ്ടും റീസര്‍ക്കുലേറ്റ് ചെയ്യപ്പെടുന്നതും ഇപ്പോള്‍ ഒരു ട്രെന്‍ഡാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് 2015ല്‍ വ്യാജ ചിത്രം ട്വീറ്റ് ചെയ്തിരുന്നു. ബോളിവുഡ് സിനിമ സംവിധായകന്‍ മാധുര്‍ ഭണ്ഡാര്‍ക്കറും ചിത്രം ട്വീറ്റ് ചെയ്തിരുന്നു.
  Published by:Naveen
  First published: