• HOME
  • »
  • NEWS
  • »
  • buzz
  • »
  • Bear | വീടിനടിയിൽ നിന്നും കൂർക്കം വലി ശബ്ദം; ഒളിച്ചിരുന്നത് അഞ്ച് കരടികൾ; നടുങ്ങി വീട്ടുകാർ

Bear | വീടിനടിയിൽ നിന്നും കൂർക്കം വലി ശബ്ദം; ഒളിച്ചിരുന്നത് അഞ്ച് കരടികൾ; നടുങ്ങി വീട്ടുകാർ

ഒരു അമ്മക്കരടിയും നാല് മക്കളുമാണ് വീടിനടിയിൽ ഉണ്ടായിരുന്നത്.

Bear_Hunt

Bear_Hunt

  • Share this:
കൂർക്കം വലി പോലെ എന്തോ ഒന്ന്. അതായിരുന്നു കാലിഫോർണിയയിലെ (California) ആ കുടുംബം വീടിനടിയിൽ നിന്നും ആദ്യം കേട്ട ശബ്ദം. കഴിഞ്ഞ ശൈത്യകാലത്തുടനീളം അത് തുടർന്നു. വിചിത്ര ശബ്ദം വീട്ടിലാകെ കേൾക്കുന്നതിന്റെ ആശങ്ക കുടുംബാംഗങ്ങൾക്കെല്ലാം ഉണ്ടായിരുന്നു. വീടാകെ പരിശോധിച്ചിട്ടും ശബ്ദത്തിന്റെ ഉറവിടം കണ്ടെത്താനായില്ല. വീട്ടുകാരുടെ തോന്നലാകാം അതെന്ന് അയൽവാസികൾ പോലും പറഞ്ഞു. ഒടുവിൽ, വീണ്ടും വീണ്ടും നടത്തിയ പരിശോധകൾക്കു ശേഷം വീടിന്റെ ബേസ്മെന്റിൽ നിന്നും കണ്ടെത്തിയത് ഒന്നും രണ്ടുമല്ല, അഞ്ച് കരടികളെയാണ് (Bear). ശീതകാലത്ത് സുഖമായി അവിടെ താമസിക്കുകയായിരുന്നു ആ കരടിക്കൂട്ടം.

ഒരു അമ്മക്കരടിയും നാല് മക്കളുമാണ് വീടിനടിയിൽ ഉണ്ടായിരുന്നത്. കരടികളെയും അവയുടെ ആവാസ വ്യവസ്ഥയേയും സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന ബെയർ ലീഗ് (BEAR League) എന്ന സംഘടനയിലെ അംഗങ്ങളെത്തിയാണ് കരടികളെ പുറത്തെത്തിച്ചത്. ആദ്യം അമ്മക്കരടിയെ ആണ് കണ്ടെത്തിയത്. സാവധാനം ഓരോരുത്തരായി പുറത്തു വരികയായിരുന്നു. തങ്ങൾ അവിടെ എത്തി കരടികളോട് പുറത്തേക്ക് വരാൻ പറയുന്നതുവരെ സ്വന്തം വീടിനു താഴെ അഞ്ച് കരടികൾ താമസിമാക്കിയ കാര്യം വീട്ടുകാർ സങ്കൽപിച്ചിട്ടു പോലുമില്ലായിരുന്നുവെന്ന് ബെയർ ലീഗ് അം​ഗങ്ങൾ പറയുന്നു. ശീതകാലത്തുടനീളം വീട്ടുകാർ ചില വിചിത്രമായ മുഴക്കങ്ങളും കൂർക്കംവലി പോലുള്ള ശബ്ദങ്ങളും കേൾക്കുന്നുണ്ടായിരുന്നുവെന്നും നിഗൂഢമായ ആ ശബ്ദങ്ങളെ ക്രമേണ അവഗണിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.

കരടികളെ വേദനിപ്പിക്കാതെയും പരിക്കേൽപ്പിക്കാതെയുമാണ് പുറത്തെടുത്തതെന്നും ബെയർ ലീ​ഗ് വോളണ്ടിയർമാർ പറഞ്ഞു. സുരക്ഷിത സ്ഥാനമല്ലെന്ന് തോന്നിപ്പിച്ച് കരടികളെ ഭയപ്പെടുത്തി ആണ് പുറത്തെത്തിച്ചത്. അമ്മക്കരടിയെ ആണ് ആദ്യം പുറത്തെത്തിച്ചത്. കുട്ടിക്കരടികൾ ഓരോന്നായി സാവധാനം പുറത്തുവന്ന് അമ്മക്കരടിയെ അനു​ഗമിക്കുകയായിരുന്നുവെന്ന് ബെയർ ലീ​ഗ് എക്സിക്യുട്ടീവ് ഡയറക്ടർ ആൻ ബ്രയന്ത് പറഞ്ഞു.

വീടിനടിയിൽ അഞ്ച് കരടികൾ ആഴ്ചകളായി താമസമാക്കിയിട്ടും അതറിയാതെ പോയതിന്റെ അമ്പരപ്പിലാണ് വീട്ടുകാരും അയൽ‌ക്കാരുമെല്ലാം. സമാനമായ സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാനായി വീടിനു താഴെ വൈദ്യുത വേലിയും സ്ഥാപിച്ചു കഴിഞ്ഞു. ഇത്തരം ജീവികൾ വീടിനകത്തേക്ക് എത്താതിരിക്കാൻ ഇതുപോലുള്ള പ്രതിരോധ മാർ​ഗങ്ങൾ സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്നും ബ്രയന്ത് കൂട്ടിച്ചേർത്തു.

ജനവാസമേഖലകളിൽ കരടികൾ എത്തുന്ന സംഭവങ്ങൾ കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വാല്‍പ്പാറ മേഖലയില്‍ കരടികള്‍ തൊഴിലാളികളെ ആക്രമിക്കുന്നതും പതിവായിരുന്നു. കരടിയുടെ ആക്രമണത്തില്‍ തൊഴിലാളികൾ മരിച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തേൻ കുടിക്കാൻ മരത്തിൽ കയറി കുടുങ്ങിയ കരടിയെ വനപാലകർ രക്ഷപെടുത്തിയ വാർത്തയും തൂശൂരിൽ നിന്ന് പുറത്തു വന്നിരുന്നു. മയക്കുവെടി വെച്ച് പിടികൂടിയ കരടിയെ പിന്നീട് കാടമ്പാറക്ക് അടുത്തുള്ള പുനാച്ചി എസ്റ്റേറ്റിൽ തുറന്നു വിട്ടു. മരത്തില്‍ കണ്ട തേനീച്ചക്കൂട്ടില്‍ നിന്ന് തേന്‍ എടുക്കുന്നതിനിടെയാണ് വലത് കാല്‍ മരത്തിനിടയില്‍ കുടുങ്ങിയത്. വിവരം അറിഞ്ഞ് വനപാലകർ സ്ഥലത്ത് എത്തിയെങ്കിലും കരടി തനിയെ പോകും എന്ന് കരുതി തിരിച്ച് പോയി. പിറ്റേ ദിവസം വന്ന് നോക്കിയപ്പോഴും കരടി അവിടെത്തന്നെ ഇരിക്കുകയായിരുന്നു. തുടര്‍ന്ന് തീ പന്തങ്ങള്‍ കത്തിച്ച് കാണിച്ചെങ്കിലും പോയില്ല. ഇതോടെയാണ് കരടി അപകടത്തിൽപ്പെട്ടതാണെന്ന് മനസിലായത്. മരം മുറിച്ചിട്ടിട്ടും പോകാത്തതിനാല്‍ മയക്ക് വെടി വച്ച് കരടിയെ പിടിക്കുകയായിരുന്നു.
Published by:Anuraj GR
First published: