കാണാതായ വളര്‍ത്താമയെ (pet tortoise) 30 വര്‍ഷത്തിനു ശേഷം കണ്ടുകിട്ടിയത് വാര്‍ത്തയായിരുന്നു. 2013ല്‍ ബ്രസീലിലെ (brazil) റിയോ ഡി ജനീറോയിലാണ് സംഭവം നടന്നത്. മാനുവേല (manuela) എന്നാണ് ആമയുടെ പേര്. 1980-കളുടെ തുടക്കം മുതല്‍ മാനുവേല അല്‍മെയ്ഡ കുടുംബത്തിലെ ഒരു അംഗമാണ്. 30 വർഷങ്ങൾക്കു ശേഷമായിരുന്നു ആമയെ കണ്ടുകിട്ടിയത്.
ലെനിത എന്ന യുവതിയുടെ വളര്ത്താമയായിരുന്നു മാനുവേല. എന്നാല്‍ ലെനിതയുടെ എട്ടാം വയസ്സില്‍ ആമയെ അവര്‍ക്ക് നഷ്ടപ്പെട്ടു. 1982ലായിരുന്നു ആമയെ കാണാതായത്. വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നിട്ടതുകൊണ്ട് മാനുവേല പുറത്തേക്ക് പോയിക്കാണും എന്നാണ് എല്ലാവരും സംശയിച്ചിരുന്നത്. ഒരുപാട് തിരഞ്ഞെങ്കിലും മാനുവേലയെ കണ്ടെത്താനായില്ല.
2013ല്‍ ലെനിതയുടെ പിതാവ് ലിയോണല്‍ മരണപ്പെട്ടു. തുടര്‍ന്ന് ലെനിത തന്റെ കുടുംബത്തോടൊപ്പം പഴയ വീട്ടിലേക്ക് പോയി. അവിടെ വെച്ച് മുറി വൃത്തിയാക്കുന്നതിനിടെയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയ കാഴ്ച കണ്ടത്. മച്ചിനു മുകളിലുള്ള ഒരു പെട്ടിയിലാണ് ആമ ഇരുന്നിരുന്നത്. ഇതുകണ്ട് ലെനിതയ്ക്ക് കരച്ചിലടക്കാനായില്ല. മൂന്ന് പതിറ്റാണ്ടോളം ചിതലുകള്‍ തിന്നായിരിക്കും മാനുവേല അതിജീവിച്ചതെന്നാണ് അവര്‍ വിശ്വസിക്കുന്നത്.
Also Read-
ബോറടിച്ചു; 3.5 കോടി രൂപ ശമ്പളമുള്ള നെറ്റ്ഫ്ലിക്സിലെ ജോലി ഉപേക്ഷിച്ച് യുവാവ്!
മാനുവേല തന്റെ കുടുംബവുമായി ഒന്നിച്ചിട്ട് ഇപ്പോള്‍ പത്ത് വര്‍ഷമായി. മാനുവേലയെ കണ്ടെത്തിയതിനു ശേഷം അവര്‍ ഒരു ചെക്ക് - അപ് നടത്തിയിരുന്നു. അപ്പോഴാണ് മാനുവേല ഒരു ആണ് ആമയാണെന്ന സത്യം അവര്‍ മനസ്സിലാക്കിയത്. അങ്ങനെ അവര്‍ മാനുവേല എന്ന് പേര് മാറ്റി മാനുവല്‍ എന്നാക്കി.
മാനുവല്‍ ഇപ്പോഴും പൂര്‍ണ ആരോഗ്യവാനാണ്. ലെനിതയുടെ മകള്‍ നതാലി പിന്നീട് മാനുവലിനെ തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്നു. മാനുവലിനെക്കുറിച്ചും അവന്റെ അത്ഭുതകരമായ അതിജീവന കഥയെക്കുറിച്ചും ആളുകള്‍ പലപ്പോഴും തന്നോട് ചോദിക്കാറുണ്ടെന്ന് നതാലി പറയുന്നു.
Also Read-
കാളയുടെ മുന്നിൽ വച്ച് ഡാൻസ് റീൽ ചെയ്ത് യുവതി; പിന്നീട് സംഭവിച്ചത്
ആമകള്‍ 255 വര്‍ഷം വരെ ജീവിക്കാറുണ്ട്.. ഭക്ഷണവും വെള്ളവുമില്ലാതെ അവയ്ക്ക് 3 വര്‍ഷം വരെ ജീവിക്കാന്‍ കഴിയും. മാനുവേലയെപ്പോലെ ചുവന്ന പാദങ്ങളുള്ള ആമകള്‍ക്ക് കൂടുതല്‍ നേരം ഭക്ഷണം കഴിക്കാതെ ജീവിക്കാന്‍ കഴിയുമെന്ന് റിയോ ഡി ജനീറോയിലെ വെറ്റിനറി ഡോക്ടര്‍ ജെഫേഴ്സണ്‍ പയേഴ്സ് പറഞ്ഞു. പ്രതിരോധശേഷിയുള്ള അവയ്ക്ക് രണ്ടോ മൂന്നോ വര്‍ഷം ഭക്ഷണമില്ലാതെ ജീവിക്കാന്‍ കഴിയും. പഴങ്ങള്‍, ഇലകള്‍, ചത്ത മൃഗങ്ങള്‍ എന്നിവയാണ് അവയുടെ ഭക്ഷണം. ചില സമയങ്ങളില്‍ മലം പോലും ഇവ ഭക്ഷണമാക്കാറുണ്ട്.
ജൊനാഥന് എന്ന ആമയാണ് ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ആമ. 190 വയസ്സാണ് പ്രായം. ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ആമ എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും അടുത്തിടെ ബ്രിട്ടീഷ് ഓവര്‍സീസ് ടെറിട്ടറിയിലെ സെന്റ് ഹെലീന ഐലന്‍ഡിലെ ജൊനാഥന് ആമ സ്വന്തമാക്കിയിട്ടുണ്ട്. ആമകളും ടെറാപ്പിനുകളും അടങ്ങുന്ന ചെലോണിയന്‍ വിഭാഗത്തിലെ ഏറ്റവും പ്രായം കൂടിയ ജീവിയാണ് ജൊനാഥന്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.