ലോകമെമ്പാടും ആരാധകരുള്ള ഫുട്ബോൾ താരം ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 36 വയസ്സുകാരനായ പോർച്ചുഗൽ സൂപ്പർസ്റ്റാര്‍, ഈ പ്രായത്തിലും തന്റെ ചിട്ടയായ ജീവിതരീതിയും കഠിനാധ്വാനവും കൊണ്ടാണ് മറ്റു ഫുട്ബോൾ കളിക്കാരിൽ നിന്ന് വ്യത്യസ്തനാകുന്നത്. ലക്ഷക്കണക്കിന് ആരാധകരുള്ള അദ്ദേഹത്തിന് കളിക്കളത്തിനകത്തും പുറത്തും വളരെയധികം സ്വാധീനം ചെലുത്താൻ കഴിവുണ്ട്. അതിനാൽ റൊണാൾഡോ ചെയ്യുന്ന ഓരോ പ്രവൃത്തിയും ലോക ശ്രദ്ധ നേടാറുണ്ട്.
കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഒരു പത്രസമ്മേളനത്തിനിടെ തന്‍റെ മുന്നിലിരുന്ന കൊക്കോ കോള കുപ്പികൾ എടുത്തു മാറ്റി പകരം വെള്ളത്തിന്‍റെ ബോട്ടിൽ ഉയർത്തിക്കാട്ടിയ
റൊണാൾഡോയുടെ പ്രവൃത്തി ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഹംഗറിക്കെതിരായ പോർച്ചുഗലിന്റെ യൂറോ 2020 ഓപ്പണറിന് മുന്നോടിയായി ജൂൺ 15ന് നടന്ന പത്രസമ്മേളനത്തിലായിരുന്നു സംഭവം. ടീം ക്യാപ്റ്റൻ കൂടിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഈ നീക്കം വലിയ ചർച്ചകൾക്ക് വഴിവച്ചു. അദ്ദേഹത്തിന്റെ ഈ പ്രവർത്തി മൂലം കൊക്കൊ കോളയ്ക്ക് വിപണിയിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി എന്നാണ് റിപ്പോർട്ടുകൾ.
Also Read-
റൊണാൾഡോ രണ്ട് കുപ്പി എടുത്തു മാറ്റി; കൊക്കോ കോളയ്ക്ക് നഷ്ടം 400 കോടിശീതളപാനിയത്തിനെതിരെ റൊണാള്‍ഡോ സ്വീകരിച്ച നിലപാട് ഏറെ പ്രശംസയും അംഗീകാരം നേടുകയും ചെയ്തു. എന്നാൽ ഇതിനിടെ താരം മുമ്പ് അഭിനയിച്ച കൊക്കോ കോള പരസ്യവും ഇപ്പോൾ വൈറലാവുകയാണ്. വർഷങ്ങൾക്ക് മുമ്പുള്ള പരസ്യം ആരോ കുത്തിപ്പൊക്കി സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഒരു വിഭാഗം റൊണാൾഡോയ്ക്കെതിരെ രംഗത്തെത്തി. 'കപടൻ' എന്ന് വിളിച്ചാണ് പലരുടെയും പരിഹാസം.
ലോകമെമ്പാടുമുള്ള ആരാധകരും ഫിറ്റ്നസ് പ്രേമികളും റൊണാൾഡോയുടെ പ്രവർത്തിയെ അഭിനന്ദിച്ചുവെങ്കിലും എല്ലാവരും അത് അംഗീകരിക്കാൻ തയ്യാറായില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. ചൈനീസിൽ ബ്രാൻഡു ചെയ്‌ത കോക്ക് ക്യാനുകളുമായി പോർച്ചുഗീസ് സൂപ്പർ താരം പോസ് ചെയ്തു നിൽക്കുന്നതും ഐസ് ക്യൂബിനൊപ്പം സോക്കർ കളിക്കുന്നതുമാണ് പരസ്യത്തിൽ കാണിക്കുന്നത്. കൊക്കൊ കോള ലോഗോയുടെയും ലോകകപ്പ് ട്രോഫിയുടെയും ചിത്രത്തോടെയാണ് പരസ്യം അവസാനിക്കുന്നത്.
പരസ്യത്തിന്റെ യഥാർത്ഥ സംപ്രേഷണം തീയതി കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും, പരസ്യത്തിന്റെ പതിപ്പുകൾ യൂട്യൂബിൽ കണ്ടെത്താൻ കഴിയും. ഇതു മാത്രമല്ല,2013 ൽ മിഡിൽ ഈസ്റ്റിൽ കെഎഫ്സിക്ക് വേണ്ടിയുള്ള ഒരു പരസ്യത്തിലും റൊണാൾഡോ അഭിനയിച്ചിട്ടുണ്ട്. ആ പരസ്യം ഇപ്പോഴും കെഎഫ്സി അറേബ്യയുടെ യൂട്യൂബ് ചാനലിൽ ലഭ്യമാണ്.
ശീതളപാനീയങ്ങളോടുള്ള അനിഷ്ടം റൊണാൾഡോ പ്രകടിപ്പിക്കുന്നത് ഇതാദ്യമല്ല. തന്റെ മകൻ സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുമ്പോഴും ചിപ്സ് കഴിക്കുമ്പോഴും താൻ അസ്വസ്ഥനാകുമായിരുന്നു എന്ന് 2020 ലെ അവാർഡ് ദാന ചടങ്ങിനിടെ റൊണാൾഡോ വെളിപ്പെടുത്തുകയുണ്ടായി. “എല്ലാവർക്കും അവരുടെ പാനീയങ്ങൾക്ക തെരഞ്ഞെടുക്കാൻ അവകാശമുണ്ട്” എന്നാണ് ഈ സംഭവത്തെക്കുറിച്ച് കൊക്കൊ കോള കമ്പനി പ്രതികരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.