ആഘോഷങ്ങൾ പലർക്കും മനസ്സിൽ ആഗ്രഹിച്ചത് ചെയ്യാനുള്ള സന്ദർഭം കൂടിയാണ്. ധാരാളം പണം ചെലവാക്കി ആഘോഷിക്കുന്നവരുണ്ട്. ലളിതമായ ചടങ്ങുകൾ നടത്തുന്നവരുണ്ട്. വളരെ വ്യത്യസ്തമായ രീതിയിൽ ആരും ചെയ്യാത്ത കാര്യങ്ങൾ ചെയ്തും നല്ല നിമിഷങ്ങളെ മനോഹരമാക്കുന്നവരുണ്ട്. ജീവിതത്തിൽ അപൂർവമായി ലഭിക്കുന്ന നിമിഷങ്ങൾ എക്കാലത്തും ഓർമ്മയിൽ സൂക്ഷിക്കുന്ന തരത്തിലാക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി വേറിട്ട വഴി സ്വീകരിക്കുന്നവരുണ്ട്. അത്തരത്തിലൊരു സന്തോഷ പ്രകടനത്തിൻെറ ഭാഗമായി പേരിക്കുട്ടിയെ വീട്ടിലേക്ക് സ്വാഗതം ചെയ്യാൻ ഹെലികോപ്ടർ വാടകക്കെടുത്ത കർഷകനാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. മഹാരാഷ്ട്രയിലെ പൂനെയിലാണ് വ്യത്യസ്തമായ ആഘോഷം നടന്നത്.
പൂനെയ്ക്ക് സമീപമുള്ള ബാലേവാഡി ഗ്രാമത്തിലെ കർഷകനായ അജിത്ത് പാണ്ഡുരംഗ് ബൽവാദ്കറാണ് നവജാത ശിശുവായ കൊച്ചുമകളെ സ്വാഗതം ചെയ്യാനായി ചൊവ്വാഴ്ച ഹെലികോപ്ടർ തന്നെ ബുക്ക് ചെയ്തത്. വീട്ടിലെ പുതിയ അംഗമായ കൃഷികയുടെ വരവ് ഒരിക്കലും മറക്കാനാവാത്ത മനോഹര മുഹൂർത്തമാക്കി മാറ്റുകയെന്നതായിരുന്നു കുടുംബത്തിൻെറ ലക്ഷ്യം. പ്രസവം കഴിഞ്ഞ് സ്വന്തം വീട്ടിൽ കഴിഞ്ഞതിന് ശേഷം അമ്മയും കുഞ്ഞും ഭർത്താവിൻെറ വീട്ടിലേക്ക് തിരിച്ചെത്തുന്ന സമയത്താണ് ഹെലികോപ്ടർ വാടകയ്ക്കെടുത്തത്. ഷെവാൽവാടിയിൽ നിന്ന് ബാലേവാഡിയിലേക്കാണ് ഇതിൽ യാത്ര ചെയ്തത്.
സമാനമായ മറ്റൊരു സംഭവവും പൂനെയിൽ നിന്ന് ഈയടുത്ത് റിപ്പോർട്ട് ചെയ്തിരുന്നു. പൂനെയിലെ ഷെൽഗാവിലുള്ള ഒരു കുടുംബമാണ് വീട്ടിലേക്ക് ഒരു പുതിയ അതിഥി വരുന്നത് സ്വാഗതം ചെയ്യാൻ ഹെലികോപ്ടർ വാടകക്കെടുത്തത്. വീട്ടിലെ പുതിയ അംഗമായ പെൺകുഞ്ഞിനെ ഹെലികോപ്ടറിലാണ് കൊണ്ടുവന്നത്. തങ്ങളുടെ വീട്ടിൽ ആദ്യമായി ഒരു പെൺകുഞ്ഞ് പിറന്നതിൻെറ സന്തോഷത്തിലാണ് ഹെലികോപ്ടർ ബുക്ക് ചെയ്യാൻ തീരുമാനിച്ചതെന്ന് കുട്ടിയുടെ പിതാവ് ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. കുട്ടിയുടെയും അമ്മയുടെയും വീട്ടിലേക്കുളള വരവ് വലിയ ആഘോഷമാക്കണമെന്ന് ആഗ്രഹിച്ച കുടുംബം ഒരു ലക്ഷം രൂപയ്ക്കാണ് ഹെലികോപ്ടർ വാടകക്കെടുത്തത്.
ഇതിൻെറ വീഡിയോയും എഎൻഐ പങ്കുവെച്ചിരുന്നു. “ആഘോഷമായി വീട്ടിലേക്കുള്ള വരവ്” എന്നതായിരുന്നു വീഡിയോയുടെ ക്യാപ്ഷൻ.
#WATCH Shelgaon, Pune | Grand Homecoming ! A family brought their newborn girlchild in a chopper
We didn't have a girlchild in our entire family. So, to make our daughter's homecoming special, we arranged a chopper ride worth Rs 1 lakh:Vishal Zarekar,father
ആഘോഷത്തിനിടയിൽ ഇത്തരത്തിൽ രസകരമായ സംഭവങ്ങൾ പലതും ഉണ്ടാവാറുണ്ട്. വിവാഹ ആഘോഷത്തിനെത്തിയ അതിഥികൾ തമിഴ്നാട്ടിലെ യുവദമ്പതികൾക്ക് ഓരോ ലിറ്റർ പെട്രോളും ഡീസലും നൽകിയത് രസകരമായിട്ടായിരുന്നു. തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടിലെ ചെയ്യൂരിലാണ് വ്യത്യസ്തമായ സമ്മാനം ദമ്പതികള്‍ക്ക് ലഭിച്ചത്. പ്രതിദിനം ഇന്ധന വില വര്‍ധിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് വിവാഹ ചടങ്ങിനെത്തിയവര്‍ നവദമ്പതികള്‍ക്ക് പെട്രോളും ഡീസലും നൽകി വ്യത്യസ്തമായി ആഘോഷിച്ചത്.
ഗിരീഷ് കുമാര്‍-കീര്‍ത്തന എന്നിവരുടെ വിവാഹത്തിന് എത്തിയ സുഹൃത്തുക്കളും ബന്ധുക്കളും കൂടിയാണ് ഈ വ്യത്യസ്ത സമ്മാനം നല്‍കിയത്. ഒരോ ലിറ്റര്‍ പെട്രോളും ഡീസലുമാണ് ഇവര്‍ക്ക് നല്‍കിയത്. എന്തായാലും സമ്മാനം സന്തോഷത്തോടെയാണ് നവദമ്പതികള്‍ സ്വീകരിച്ചത്. തമിഴ്നാട്ടില്‍ ഇത്തരത്തില്‍ സമ്മാനം ലഭിക്കുന്നത് ഇത് ആദ്യമായിട്ടല്ല. നവദമ്പതികള്‍ക്ക് ഗ്യാസ് സിലിണ്ടര്‍, ഒരു ക്യാന്‍ പെട്രോള്‍, ഉള്ളി കൊണ്ടുള്ള മാല എന്നിവയെല്ലാതന്നെ മുന്‍പ് സമ്മാനമായി ലഭിച്ച വാർത്തകൾ പുറത്ത് വന്നിട്ടുണ്ട്.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.