കൃഷിയിൽ നിന്ന് പ്രതീക്ഷിച്ച ലാഭമുണ്ടാക്കാൻ കഴിയാത്തതിനാൽ കര്‍ഷകന്‍ (Farmer) വാഴത്തോട്ടത്തിന് (Banana Plantation) തീയിട്ടു. ധോന്‍ മണ്ഡലിലെ ധര്‍മവാരം ഗ്രാമത്തിലെ മല്ലികാര്‍ജുന എന്ന കർഷകൻ തന്റെ 3 ഏക്കര്‍ കൃഷിഭൂമിയില്‍ വാഴ കൃഷി ചെയ്യാന്‍ 5 ലക്ഷം രൂപ ചെലവഴിച്ചിരുന്നു. എന്നാല്‍, മൂന്നു തവണ വാഴക്കുല വിറ്റിട്ടും ലഭിച്ചത് വെറും 1,50,000 രൂപ മാത്രം. നിരാശനായ മല്ലികാര്‍ജുന മറ്റൊരു വിള കൃഷി ചെയ്യുന്നതിനായി വാഴത്തോട്ടം പൂര്‍ണ്ണമായും തീയിട്ടു നശിപ്പിക്കുകയായിരുന്നു.
മൊത്ത വിപണിയില്‍ ടണ്ണിന് 2000 രൂപ മുതല്‍ 5000 രൂപ വരെ വിലയിടിഞ്ഞതോടെ ജില്ലയിലെ മിക്കവാറും എല്ലാ വാഴ കര്‍ഷകരുടെയും സ്ഥിതി സമാനമാണ്. മഴയെ തുടര്‍ന്നും വാഴക്കൃഷിയ്ക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം കൂടുതൽ സ്ഥലത്ത് വാഴക്കൃഷി നടത്തിയിരുന്നു. ജില്ലയില്‍ മുന്‍ വര്‍ഷം 5,500 ഏക്കറില്‍ വാഴ കൃഷി ചെയ്തിരുന്ന സ്ഥാനത്ത് ഇത്തവണ 7,000 ഏക്കര്‍ സ്ഥലത്താണ് കൃഷി ചെയ്തതെന്ന് ഹോര്‍ട്ടികള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ബി രഘുനാഥ് റെഡ്ഡി പറഞ്ഞു. സാധാരണയായി മൂന്നോ നാലോ തവണയാണ് വിളവെടുപ്പ് നടക്കാറുള്ളത്.
ഒന്നാമത്തെയും രണ്ടാമത്തെയും വിളവെടുപ്പില്‍ കര്‍ഷകര്‍ക്ക് പരമാവധി വില ലഭിച്ചിരുന്നു. എന്നാൽ ഇപ്പോള്‍ മൊത്തവിപണിയില്‍ ഏത്തക്കായയുടെ വില കിലോയ്ക്ക് 2 മുതല്‍ 5 രൂപ വരെയായി കുറഞ്ഞു. തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് ഗുണനിലവാരമനുസരിച്ച് ടണ്ണിന് 6,000 മുതല്‍ 8,000 രൂപ വരെ കുറഞ്ഞ താങ്ങുവില നല്‍കി സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സർക്കാർ രക്ഷിക്കണമെന്ന് മറ്റൊരു കര്‍ഷകനായ തമ്മാടപ്പള്ളി സ്വദേശി മുരളീകൃഷ്ണ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒക്ടോബറില്‍ കാസര്‍ഗോട്ടെ മടിക്കൈയിലും വാഴകൃഷി വ്യാപകമായി നശിച്ചിരുന്നു. തുടര്‍ച്ചയായ മഴ കാരണമാണ് ലക്ഷത്തിലേറെ വാഴത്തൈകള്‍ നശിച്ചത്. കഴിഞ്ഞ മാസത്തെ വെള്ളപ്പൊക്കത്തില്‍ എണ്‍പതിനായിരത്തോളം കന്ന് നശിച്ചിരുന്നു. തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്തില്‍ നിന്നും 15 മുതല്‍ 20 രൂപ വരെ നല്‍കി എത്തിച്ച വാഴക്കന്നെല്ലാം ചീഞ്ഞു പോയി.
മഴയില്‍ വയലില്‍ വെള്ളം കെട്ടി നില്‍ക്കുന്നതാണ് പ്രശ്നം. മടിക്കൈ പഞ്ചായത്തിലെ ഭൂരിഭാഗം കര്‍ഷകരും നേന്ത്രവാഴ കൃഷി നടത്തുന്നവരാണ്. ഓരോ സീസണിലും ബാങ്ക് വായ്പയെടുത്തും സ്വര്‍ണം പണയം വെച്ചുമാണ് കൃഷി നടത്തുന്നത്. കാലവര്‍ഷമെത്തിയാല്‍ പകുതിയും കാറ്റും മഴയും കൊണ്ടു പോകും. കാട്ടുപന്നി കൂട്ടങ്ങള്‍ കൂട്ടത്തോടെയെത്തി കൃഷി നശിപ്പിക്കുന്നതും പതിവാണ്.
കോവിഡ് പ്രതിസന്ധിയില്‍ പ്രതീക്ഷയോടെയാണ് കര്‍ഷകര്‍ കന്നുകള്‍ നട്ടത്. ആലയി, നുഞ്ഞി, കീക്കാംകോട്ട്, കണിച്ചിറ, ചാളക്കടവ്, മണക്കടവ്, കാലിച്ചാംപൊതി, പോത്തംകൈ, അരയി പ്രദേശങ്ങളിലാണ് കൂടുതല്‍ വാഴ നശിച്ചത്. ഈ മേഖലയില്‍ 500 മുതല്‍ 2000 വരെ വാഴകൃഷി നടത്തുന്നവരാണ് കൂടുതലും. 180 ഓളം തൈകള്‍ ആദ്യം വന്ന വെള്ളപ്പൊക്കത്തില്‍ നശിച്ചു. രണ്ടാമതും നശിച്ചതോടെ കൃഷി തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.