പ്രായം കുറയ്ക്കാൻ മകൻ്റെ രക്തം സ്വന്തം ശരീരത്തിൽ കുത്തിവച്ച് പിതാവ്. അമേരിക്കയിലെ ഡാല്ലസിൽ നിന്നുള്ള ടെക് കമ്പനിയുടമയായ നാൽപ്പത്തിയഞ്ചുകാരൻ ബ്രയാൻ ജോൺസണാണ് പതിനേഴുകാരനായ മകൻ്റെ രക്തം സ്വന്തം ശരീരത്തിൽ കുത്തിവച്ചത്. ഡാല്ലസിലെ ഒരു ക്ലിനിക്കിൽ വച്ച് മാസങ്ങളോളമായി മകൻ്റെ ശരീരത്തിൽ നിന്നെടുക്കുന്ന രക്തം തൻ്റെ ശരീരത്തിൽ അല്പാല്പമായി കുത്തിവയ്ക്കുകയാണ് ബ്രയാൻ. യുവാക്കളുടെ രക്തം സ്വീകരിക്കുന്നതു വഴി പ്രായം ചെന്നവർക്ക് ചുറുചുറുക്കും മെച്ചപ്പെട്ട ചിന്താശേഷിയും കൈവരിക്കാം എന്നാണ് ബ്രയാൻ്റെ വാദം. വിവിധ മാർഗങ്ങളിലൂടെ മനുഷ്യരുടെ യൗവനവും ആരോഗ്യവും നിലനിർത്താനുള്ള വഴികൾ തേടിക്കൊണ്ടിരിക്കുകയാണ് ബ്രയാൻ.
മകനായ താൽമേജിൻ്റെ ശരീരത്തിൽ നിന്നും എടുക്കുന്ന രക്തം ബ്രയാൻ സ്വീകരിക്കുന്നതിനൊപ്പം, ബ്രയാൻ്റെ രക്തം എഴുപതുകാരനായ പിതാവ് റിച്ചാർഡും സ്വീകരിക്കുന്നുണ്ട്. ശരീരത്തിൽ നിന്നും എടുക്കുന്ന രക്തം പല ഘടകങ്ങളായി വേർതിരിച്ചതിനു ശേഷം, അതിൽ നിന്നും പ്ലാസ്മ മാത്രമാണ് സ്വീകരിക്കേണ്ടയാൾക്ക് കുത്തിവയ്ക്കുന്നത്. ഒരു ലിറ്ററോളം രക്തമാണ് ഇങ്ങനെ കൈമാറ്റം ചെയ്യുന്നത്. യൗവനം നിലനിർത്താനായി യുവാക്കളുടെ രക്തം സ്വന്തം ശരീരത്തിൽ കുത്തിവയ്ക്കുന്നതിനെക്കുറിച്ചുള്ള പഠനങ്ങളും പരീക്ഷണങ്ങളും ഏറെക്കാലമായി നടക്കുന്നുണ്ടെങ്കിലും, ഇതുവരെ ശാസ്ത്രീയമായ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല.
പ്ലാസ്മ കൈമാറ്റത്തെക്കുറിച്ച് എലികളിൽ നടത്തിയ ചില പരീക്ഷണങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രായം ചെന്ന എലികളും പ്രായം കുറഞ്ഞ എലികളും തമ്മിൽ രക്തം പങ്കുവച്ചതിനെത്തുടർന്ന് പ്രായം ചെന്ന എലികളിൽ കൂടുതൽ മെച്ചപ്പെട്ട ചിന്താശേഷിയും അസ്ഥിഘടനയും ശരീരപോഷണവും ഉണ്ടായതായാണ് കണ്ടെത്തൽ. എന്നാൽ, മനുഷ്യരിൽ ഇത്തരം പഠനങ്ങൾ അധികം നടന്നിട്ടില്ല. അതുകൊണ്ടുതന്നെ, മനുഷ്യരെ ചികിത്സിക്കാൻ ഈ തത്വം ഉപയോഗപ്പെടുത്താനാകില്ലെന്നാണ് ഒരു വിഭാഗം ഗവേഷകരുടെ അഭിപ്രായം.
മകൻ്റെ രക്തം കുത്തിവയ്ക്കാൻ ആരംഭിക്കുന്നതിനു മാസങ്ങൾക്കു മുൻപു തന്നെ, മറ്റൊരു യുവാവിൻ്റെ രക്തം ബ്രയാൻ ഇതേ ക്ലിനിക്കിൽ നിന്നും തുടർച്ചയായി സ്വീകരിച്ചിരുന്നു. അജ്ഞാതനായ രക്തദാതാവിൻ്റെ പ്രായം, ശരീരഭാരം, ആരോഗ്യകരമായ ജീവിതരീതി, അസുഖങ്ങൾ എന്നിവയെല്ലാം പരിഗണിച്ചുകൊണ്ടായിരുന്നു ബ്രയാൻ്റെ നീക്കം. യൗവനം നിലനിർത്താനായി മറ്റു പല മാർഗങ്ങളും ബ്രയാൻ പരീക്ഷിക്കുന്നുണ്ട്. അതിനായി ലക്ഷക്കണക്കിന് ഡോളറുകളാണ് പ്രതിവർഷം ചെലവിടുന്നതെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ഭക്ഷണം, ഉറക്കം, വ്യായാമം എന്നിവ പ്രത്യേക രീതിയിൽ സമന്വയിപ്പിച്ചെടുത്തുകൊണ്ടുള്ള ഒരു രീതിയാണ് ബ്രയാൻ വിഭാവനം ചെയ്യുന്നത്. മെഡിക്കൽ പരിശോധനകളും ചികിത്സകളും ഇതിനൊപ്പം ഉൾപ്പെടും. പ്രായമാകുന്നതിൻ്റെ വേഗത കുറയ്ക്കാനോ, കഴിയുമെങ്കിൽ കൂടുതൽ ചെറുപ്പമായിത്തീരാനോ സഹായിക്കുന്ന ഈ പദ്ധതിയെ ബ്രയാൻ പ്രോജക്ട് ബ്ലൂപ്രിൻ്റ് എന്നാണ് വിളിക്കുന്നത്. ഒരു സംഘം ഡോക്ടർമാരും സഹായത്തിനുണ്ട്. തൻ്റെ രീതികളും ഫലങ്ങളുമെല്ലാം മറ്റുള്ളവർക്കുകൂടി ഉപയോഗപ്പെടാനായി ബ്രയാൻ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്.
ടെക്‌നോളജി രംഗത്ത് അറിയപ്പെടുന്ന പേരാണ് ബ്രയാൻ ജോൺസൻ്റേത്. ബെയിൻട്രീ എന്ന ഡിജിറ്റൽ പേയ്‌മെൻ്റ്സ് കമ്പനിയുടെ മുൻ തലവനാണ് ബ്രയാൻ. വെൻമോ എന്ന പേയ്‌മെൻ്റ് ആപ്പ് നേരത്തേ ബ്രെയിൻട്രീയുടെ ഉടമസ്ഥതയിലായിരുന്നു. വെൻമോയുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്തതോടെ ബ്രയാൻ കോടീശ്വരനായി മാറിയിരുന്നു. തുടർന്ന്, കെർണൽ എന്ന പേരിൽ ഒരു ബ്രെയിൻ-മെഷീൻ ഇൻ്റർഫേസ് കമ്പനിയും ബ്രയാൻ ആരംഭിച്ചു. പ്രോജക്ട് ബ്ലൂപ്രിൻ്റാണ് ബ്രയാൻ്റെ ഏറ്റവും പുതിയ സംരംഭം.
Also read- പുള്ളിപ്പുലി കടിച്ചെടുത്ത മക്കളെ രക്ഷിക്കാൻ വെറും കൈയ്യോടെ അച്ഛന്റെ പോരാട്ടം
സാമ്പ്രദായിക ചികിത്സാരീതികളിൽ പല കാരണങ്ങൾക്കായി പ്ലാസ്മ കൈമാറ്റം ഉപയോഗപ്പെടുത്താറുണ്ട്. കരൾ സംബന്ധമായ രോഗങ്ങൾ, രക്തത്തിലെ പ്രശ്‌നങ്ങൾ എന്നിവ അവയിൽ ചിലതാണ്. കോവിഡ് മഹാമാരിക്കാലത്തും പ്ലാസ്മ കൈമാറ്റത്തെക്കുറിച്ച് ധാരാളം വാർത്തകൾ വന്നിരുന്നു. എങ്കിലും, പ്ലാസ്മ കൈമാറ്റം ചെയ്യുന്ന രീതിയ്‌ക്കെതിരായി 2021ൽ ലോകാരോഗ്യസംഘടന നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.
മറ്റൊരാളിൽ നിന്നും എടുക്കുന്ന പ്ലാസ്മ ആരോഗ്യവാനായ ഒരു വ്യക്തിയിൽ കുത്തിവയ്ക്കുന്നതിൽ ഗുണപരമായി എന്തെങ്കിലും ഉള്ളതായി കരുതുന്നില്ലെന്നാണ് ലോസ് ആഞ്ചലസിലെ നാഷണൽ മെഡിക്കൽ സെന്ററിൽ ബയോ കെമിസ്റ്റായ ചാൾസ് ബ്രെണ്ണറിൻ്റെ വാദം. തെളിവില്ലാത്ത ഇത്തരം ചികിത്സാരീതികൾ അപകടകരമാണെന്ന് അദ്ദേഹം പറയുന്നു. അതേസമയം, പാർക്കിൻസൺസ് രോഗവും അൽസ്‌ഹൈമേഴ്‌സ് രോഗവും പോലുള്ള അവസ്ഥകൾ ഇല്ലാതെയാക്കാൻ ഈ ചികിത്സയ്ക്ക് കഴിയുമെന്ന് ആവർത്തിക്കുകയാണ് ബ്രയാൻ ജോൺസൻ്റെ മെഡിക്കൽ സംഘം.
മറ്റൊരാളുടെ രക്തം ഏറെക്കാലം സ്വന്തം ശരീരത്തിൽ കുത്തിവച്ചുകൊണ്ടുള്ള ചികിത്സാരീതികളെക്കുറിച്ചുള്ള തർക്കങ്ങൾ കാലങ്ങളായി നിലനിൽക്കുന്നുണ്ട്. ഈ ചികിത്സ സ്വീകരിക്കുന്നവരിൽ ഏറിയപങ്കും ഇതേക്കുറിച്ച് വെളിപ്പെടുത്താറില്ല. സാമ്പത്തികമായ മെച്ചപ്പെട്ട അവസ്ഥയിലുള്ള പ്രായം ചെന്ന വ്യക്തികൾ, ദരിദ്രരായ യുവാക്കളിൽ നിന്നും പണം നൽകി രക്തം സ്വീകരിക്കുന്നതാണ് പൊതുവായുള്ള രീതി. ശരാശരി നൂറു ഡോളറാണ് ഒരു ദാതാവിന് ലഭിക്കുക.
Also read- നാലുനാൾ നീണ്ട പരിശ്രമങ്ങൾ ഫലം കണ്ടു; പുള്ളിപ്പുലിക്കുഞ്ഞ് അമ്മയ്ക്കരികിലേയ്ക്ക്
റിസർജൻസ് വെൽനെസ്സ് എന്ന ക്ലിനിക്കിലാണ് ബ്രയാന്റെ രക്ത കൈമാറ്റം നടക്കുന്നത്. മെഡിക്കൽ സ്പാ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ക്ലിനിക്കിൻ്റെ അധികൃതരും ബ്ലൂപ്രിൻ്റ് സംഘത്തിലെ അംഗങ്ങളുമെല്ലാം ബ്രയാൻ്റെ പരീക്ഷണങ്ങളിൽ പൂർണമായി വിശ്വസിക്കുന്നവരാണ്. ബ്രയാൻ്റെ പിതാവ് റിച്ചാർഡിനു മാത്രം ഇതേക്കുറിച്ച് ചില ആശങ്കകളുണ്ട്. താൻ അത്ര യാഥാസ്ഥിതിക ചിന്താഗതിയുള്ളയാളല്ലെങ്കിലും, ചികിത്സയ്ക്കിടെ തൻ്റെ ഞരമ്പുകൾക്ക് എന്തെങ്കിലും സംഭവിച്ചേക്കുമെന്ന ഭയം റിച്ചാർഡ് പങ്കുവയ്ക്കുന്നു.
രണ്ടു വർഷം മുൻപാണ് തൻ്റെ ആരോഗ്യത്തിൽ വലിയ ഇടിവ് കണ്ടുതുടങ്ങിയതെന്ന് റിച്ചാർഡ് പറയുന്നു. ശരീരഭാരം വർദ്ധിക്കാൻ തുടങ്ങി, കട്ടിലിൽ നിന്നും താഴെയിറങ്ങാൻ പോലും കഴിയാതെയായി. മറവി ബാധിച്ചു. ആറു മാസങ്ങൾക്കു മുൻപ് ബ്ലൂപ്രിൻ്റ് പ്രോജക്ടിൽ ഭാഗമായതു മുതൽ തൻ്റെ ആരോഗ്യം മെച്ചപ്പെട്ടതായി റിച്ചാർഡ് തറപ്പിച്ചു പറയുന്നുണ്ട്. കൃത്യമായ വ്യായാമം, പച്ചക്കറികൾ ഉൾപ്പെടുന്ന ഭക്ഷണം എന്നിവയിലൂടെ തനിക്ക് പുതുജീവിതം ലഭിച്ചുവെന്നാണ് റിച്ചാർഡിന്റെ പക്ഷം.
ബ്രയാൻ, റിച്ചാർഡ്, ബ്ലൂപ്രിൻ്റ് സംഘം എന്നിവരെല്ലാം പ്ലാസ്മ കൈമാറ്റത്തെ തീവ്രമായി അനുകൂലിക്കുമ്പോഴും, ഈ ചികിത്സാരീതിയ്ക്ക് ഗുണഫലങ്ങളുണ്ടോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. ഈ ചികിത്സ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ, അവർ അല്പദൂരം നടക്കാനോ മലകയറാനോ ശ്രമിക്കുന്നത് അതിനേക്കാൾ മെച്ചപ്പെട്ട ഫലം നൽകുമെന്നാണ് ബയോകെമിസ്റ്റായ ബ്രെണ്ണറുടെ പക്ഷം. ‘ഉത്കണ്ഠയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നേരിടുന്നവരാണ് ഇത്തരത്തിൽ ക്ലിനിക്കുകളിൽ ചെന്ന് യൗവനം നിലനിർത്താനുള്ള ചികിത്സകൾ തേടുന്നത്. മരണത്തെക്കുറിച്ചോർത്തുള്ള ഉത്കണ്ഠയായിരിക്കാമത്.’
പ്രൊജക്ട് ബ്ലൂപ്രിൻ്റിനെക്കുറിച്ച് തുറന്നു പറഞ്ഞതു മുതൽ വലിയ തോതിലുള്ള വിമർശനങ്ങളാണ് ബ്രയാൻ നേരിട്ടുകൊണ്ടിരിക്കുന്നത്. മൂന്നു തലമുറകൾ തമ്മിലുള്ള പ്ലാസ്മ കൈമാറ്റം പോലൊരു വിപ്ലവകരമായ കാര്യത്തിന് മുതിരുകയും, അത് നേരിട്ടു കണ്ട് സാക്ഷ്യം വഹിക്കാൻ ഒരു മാധ്യമപ്രവർത്തകനെ ക്ഷണിക്കുകയും ചെയ്യുന്നതിലൂടെ, ജനങ്ങളുടെ മനസ്സ് പുതിയ ആശയങ്ങളെ സ്വീകരിക്കാൻ പാകത്തിൽ പരിവർത്തനപ്പെടുത്തുക എന്നതാണ് താൻ ഉദ്ദേശിക്കുന്നതെന്നും ബ്രയാൻ പറയുന്നുണ്ട്. ശരീരത്തിൻ്റെ സാധ്യതകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കാനും കൂടെയാണ് തൻ്റെ ശ്രമമെന്നാണ് ബ്രയാൻ്റെ വാദം. ഡാറ്റയാണ് ഏറ്റവും പ്രധാനമെന്നും, വരുന്ന മാസങ്ങളിൽ അത് പുറത്തുവിടുന്നതോടെ തൻ്റെ ശ്രമങ്ങളെ ലോകം അംഗീകരിക്കുമെന്നും ബ്രയാൻ കൂട്ടിച്ചേർക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Blood, Father, Plasma therapy, Son