• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

5 മണിക്ക് എഴുന്നേറ്റു പശുവിനെ കറക്കും; പാലും കൊടുത്ത് പുല്ലും പറിച്ചിട്ടാണ് വരുന്നത്: വിദ്യാര്‍ഥിയെ കുറിച്ച് അധ്യാപകന്റെ പോസ്റ്റ്


Updated: July 27, 2018, 11:20 PM IST
5 മണിക്ക് എഴുന്നേറ്റു പശുവിനെ കറക്കും; പാലും കൊടുത്ത് പുല്ലും പറിച്ചിട്ടാണ് വരുന്നത്: വിദ്യാര്‍ഥിയെ കുറിച്ച് അധ്യാപകന്റെ പോസ്റ്റ്

Updated: July 27, 2018, 11:20 PM IST
കോട്ടയം: പഠനത്തിനൊപ്പം ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ മീന്‍ കച്ചവടം നടത്തുന്ന ഹനാന്‍ എന്ന മിടുക്കിയുടെ വാര്‍ത്ത പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ സാന്തോം കോളജ് പ്രിന്‍സിപ്പലിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു.
സ്ഥിരമായി ക്ലാസില്‍ താമസിച്ചെത്തുന്ന കുട്ടിയുടെ കഥയാണ് ഈ അധ്യാപകന്‍ പങ്കുവച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

സ്ഥിരമായി താമസിച്ചു വരുന്ന ബിരുദ വിദ്യാര്‍ത്ഥിയോട്, നാളെമുതല്‍ നേരത്തെ വരാമെങ്കില്‍ ഇങ്ങോട്ട് വന്നാല്‍ മതി ക്ലാസ്സില്‍ എല്ലാവരുടെയും മുന്‍പില്‍ വച്ച് എഴുന്നേല്‍പ്പിച്ച് നിര്‍ത്തി പറഞ്ഞപ്പോള്‍ ശരി സര്‍ എന്ന് കുനിഞ്ഞ ശിരസ്സോടെ അവന്‍ പറഞ്ഞത് ഞാനോര്‍ക്കുന്നു. പിന്നീട് ഒഴിവു സമയത്ത് അവനെന്നെ തേടി വന്നു.

'സാറെ ഒരുകാര്യം പറയാന്‍ ഉണ്ട്'

'എന്തുവാടാ'

ആരോടും പറയരുതെന്ന ഉറപ്പില്‍ അവന്‍ പറഞ്ഞു.
സാറെ ഞങ്ങള്‍ പശുവിനെ വളര്‍ത്തിയാണ് ജീവിക്കുന്നത്. പാല്‍ എല്ലാ വീട്ടിലും കൊടുത്തിട്ട് വരുമ്പോള്‍ താമസിക്കും.

നീയൊരു കാര്യം ചെയ്യ്. നാളെമുതല്‍ കുറച്ച് നേരത്തെ പശുവിനെ കറക്കാന്‍ പറ. എന്നിട്ട് സമയത്ത് ക്ലാസ്സില്‍ വാ. ഞാന്‍ പോംവഴി പറഞ്ഞുകൊടുത്തു.

'ആരോട് പറയാനാ സാറെ അമ്മയ്ക്ക് തീരെ വയ്യ. ഞാന്‍ 5 മണിക്ക് എഴുന്നേറ്റു പശുവിനെ കറക്കും, വീട്ടിലെ പണി ചെയ്യും പിന്നെ പാലും കൊടുത്ത് പുല്ലും പറിച്ചിട്ടാണ് ഇവിടെ വരുന്നത്. വൈകിട്ട് ഒരു പണിയും നടക്കത്തില്ല സാറെ. എന്നാ മഴയാ'

അവന്‍ പറയുന്നത് ശരിയാണെന്ന് അധ്വാനത്തിന്റെ അടയാളങ്ങള്‍ പേറുന്ന അവന്റെ ശരീരം സാക്ഷ്യപ്പെടുത്തുന്നുണ്ട്. കണ്‍തടങ്ങളില്‍ ഇരുണ്ടു കിടക്കുന്ന സങ്കടം. അപ്പന്‍ എന്തെടുക്കുവാ എന്ന എന്റെ ചോദ്യത്തെ പിന്നോട്ട് വലിച്ചു. വൈകുന്നേരം ക്ലാസ്സ് വിട്ടപ്പോള്‍ എല്ലാവര്‍ക്കും മുന്‍പേ അവന്‍ ഓടിപ്പോകുന്നത് കണ്ടു. സുഖമില്ലാതിരിക്കുന്ന അമ്മയുടെ അടുത്തേക്ക് കരുതലോടെ ഓടി ചെല്ലുകയാണവന്‍.

വൈകിയെത്തുമ്പോള്‍ നഷ്ടമാകുന്ന ക്ലാസ്സ്മുറി പാഠങ്ങളെക്കാള്‍ എത്രയോ വലുതാണീ കുഞ്ഞ് പഠിക്കുന്ന ജീവിത പാഠങ്ങള്‍ എന്ന് ഞാനോര്‍ത്തു.
(ഇങ്ങനെയൊരു കുറിപ്പെഴുതുവാന്‍ കാരണം യൂണിഫോം ഇട്ട മീന്‍കാരി കുട്ടിയുടെ കഥ വായിച്ചതും ഈ കാര്യം സംഭവിച്ചതും ഒരേ ദിവസം ആയതിനാലാണ്)

സ്‌നേഹപൂര്‍വ്വം
ആന്റണി മാര്‍ട്ടിന്‍
സാന്തോം കോളേജ് പ്രിന്‍സിപ്പല്‍

First published: July 27, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍