• HOME
  • »
  • NEWS
  • »
  • buzz
  • »
  • വരന്‍റെ അമ്മാവന് കറി കിട്ടിയില്ല; വിവാഹ പന്തലില്‍ കൂട്ടത്തല്ല്

വരന്‍റെ അമ്മാവന് കറി കിട്ടിയില്ല; വിവാഹ പന്തലില്‍ കൂട്ടത്തല്ല്

കൂട്ടത്തല്ലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു.

  • Share this:

    കല്യാണ പന്തലിലെ സംഘര്‍ഷങ്ങള്‍ ഒരു പുതുമയുള്ള കാര്യമല്ല. പലപ്പോഴും നിസാരം എന്ന് കേട്ടാല്‍ തോന്നുന്ന കാര്യങ്ങള്‍ കൂട്ടത്തല്ലില്‍ കലാശിച്ച നിരവധി സംഭവങ്ങള്‍ പലയിടത്തായി നടന്നിട്ടുണ്ട്. ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ വിവാഹ വിരുന്നിനിടെ നടന്ന ഒരു കൂട്ടത്തല്ലും അതിന്‍റെ കാരണവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വരന്റെ അമ്മാവന് കഴിക്കാൻ പനീർ കറി കിട്ടിയില്ലെന്ന പരാതിക്ക് പിന്നാലെയാണ് ഇവിടെ സംഘര്‍ഷമുണ്ടായത്.

    കൂട്ടത്തല്ലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു. വിവാഹ സല്‍ക്കാരത്തില്‍‌ പങ്കെടുക്കാനെത്തിയ അതിഥികൾ തമ്മിൽ ഏറ്റുമുട്ടുന്നതും ചിലരെല്ലാം ചേർന്ന് ഇരുകൂട്ടരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.

    വധുവിന്റെ കുടുംബം സംഘടിപ്പിച്ച വിവാഹവിരുന്നിലാണ് കൂട്ടത്തല്ലുണ്ടായത്. വിരുന്നിൽ വരന്റെ അമ്മാവന് പനീർ കറി കിട്ടിയില്ലെന്ന് ആരോപിച്ചുണ്ടായ വാക്കേറ്റം കൂട്ടത്തല്ലിൽ കലാശിക്കുകയായിരുന്നു. ഇഷ്ടപെട്ട പാട്ട് വയ്ക്കാതിരുന്നതിന് ഡിജെയ്ക്കെതിരെയും കയ്യേറ്റശ്രമം ഉണ്ടായതായി ആരോപണമുണ്ട്. വധുവിന്റെയും വരന്റെയും ബന്ധുക്കൾ വടിയും ബെൽറ്റും വരെ ഉപയോഗിച്ച് പരസ്പരം തല്ലുന്നതും വിളമ്പുകാരനെ നിലത്തിട്ടു ചവിട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

    സംഘര്‍ഷത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇരുവിഭാഗങ്ങളും ഒത്തുതീർപ്പിൽ എത്തിയതിനാൽ വിട്ടയയ്ച്ചതായി പൊലീസ് അറിയിച്ചു.

    Published by:Arun krishna
    First published: