കാമുകിയുമായി വഴക്കിട്ട യുവാവ് ആര്‍ട്ട് മ്യൂസിയത്തിലെ (art museum) 40 കോടി രൂപ വിലമതിക്കുന്ന വസ്തുക്കള്‍ നശിപ്പിച്ചു. യുഎസിലെ ഡല്ലാസിലാണ് (dallas) സംഭവം. 5 മില്യണ്‍ ഡോളറിലധികം ( ഏകദേശം 38.85 കോടി രൂപയുടെ) നാശനഷ്ടമാണ് ബ്രെയിന്‍ ഹെര്‍ണാണ്ടസ് എന്ന യുവാവ് വരുത്തി വച്ചത്. മ്യൂസിയത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇയാള്‍ വിലപിടിപ്പുള്ള ശില്പ്പങ്ങള് നശിപ്പിക്കുന്നത് കണ്ടെത്തിയത്. മ്യൂസിയത്തിന് പുറത്ത് ഇയാള്‍ ഒരു ലോഹക്കസേര പിടിച്ചു നില്‍ക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യം കാണുന്നത്. വൈകാതെ, ഇയാള്‍ മ്യൂസിയത്തിനകത്തേക്ക് കയറി ഓരോ ശില്‍പ്പങ്ങളും നശിപ്പിക്കുകയായിരുന്നുവെന്ന് എന്‍ബിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇയാള്‍ ഓരോ മുറിയിലും കയറിയിറങ്ങി ഡിസ്പ്ലേ കേസുകളും (display case) അതിനുള്ളിലെ സാധനങ്ങളും തല്ലിത്തകര്‍ത്തുവെന്ന് പോലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കി. ലോഹക്കസേര കൊണ്ടാണ് അയാള്‍ ഓരോന്നും തല്ലിത്തകര്‍ക്കുന്നത്. ആറാം നൂറ്റാണ്ടിലെ ഒരു ഗ്രീക്ക് ആംഫോറയും ബിസി 450-ലെ ഒരു പാത്രവും അയാള്‍ തല്ലിത്തകര്‍ത്തു. ഇവയ്ക്ക് രണ്ടിനും ഏകദേശം 5 മില്യണ്‍ ഡോളര്‍ മൂല്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Also Read-
അത്യപൂർവ പവിഴ നെക്ലേസ്; ലേലത്തിൽ പോയത് 6.24 കോടി രൂപയ്ക്ക്
100,000 ഡോളര്‍ വിലമതിക്കുന്ന 'കൈലിക്സ് ഹെരാക്ള്സ് ആന്‍ഡ് നെമിയോണ്‍ ലയണ്‍' പ്രതിമയും ബ്രയാന്‍ നശിപ്പിച്ചിട്ടുണ്ട്. മ്യൂസിയത്തില്‍ സ്ഥാപിച്ചിരിക്കുന്ന സാനിറ്റൈസര്‍ സ്റ്റാന്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ 'ബട്ടാ കുഹു അലിഗേറ്റര്‍ ഗാര് ഫിഷ്' പ്രതിമ തകര്‍ത്തത്. ഈ പ്രതിമ 10,000 ഡോളര്‍ വിലമതിക്കുന്നതാണ്. ഡിസ്പ്ലേ കേസ് തകര്‍ന്നപ്പോള്‍ ബ്രയാന്‍ പ്രതിമ തറയിലേക്കെറിഞ്ഞ് കഷണങ്ങളാക്കുകയായിരുന്നു.
നശിപ്പിച്ച ഡിസ്പ്ലേ കെയ്സിനുള്ളിലെ വസ്തുക്കള്‍ വളരെ വിലയേറിയതും അപൂര്‍വ പുരാതന ശില്പ്പങ്ങളാണെന്നും പോലീസ് പറഞ്ഞു. ശില്പ്പങ്ങള് കൂടാതെ, ലാപ്ടോപ്പ്, മോണിറ്റര്‍, ഫോണ്‍, നാല് പ്ലെക്സിഗ്ലാസ് ഡിസ്പ്ലേ കേസുകള്‍, രണ്ട് വുഡന്‍ ഡിസ്പ്ലേകള്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് വസ്തുക്കളും ബ്രയാന്‍ നശിപ്പിച്ചിട്ടുണ്ട്.
പിന്നീട് മ്യൂസിയത്തിലെ, സെക്യൂരിറ്റികള്‍ വന്നതോടെ ഇയാള്‍ ശാന്തനായി. കാമുകിയോടുള്ള ദേഷ്യത്തിന്റെ പുറത്താണ് ഇങ്ങനെ ചെയ്തതെന്ന് അയാള്‍ സെക്യൂരിറ്റിമാരില്‍ ഒരാളോട് പറയുകയും ചെയ്തു. ബ്രയാനെ ഉടന്‍ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ പൊലീസിനോട് കുറ്റസമ്മതവും നടത്തി.
ഏകദേശം 5.2 മില്യണ്‍ ഡോളറോളം തുകയുടെ നാശനഷ്ടങ്ങള്‍ ബ്രയാന്‍ വരുത്തിയിട്ടുണ്ടെന്ന് മ്യൂസിയത്തിന്റെ സെക്യൂരിറ്റി ആന്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ കെന്നത്ത് ബെന്നറ്റ് പറയുന്നു. മ്യൂസിയത്തിന്റെ ക്യൂറേറ്ററുടെയും ഇന്‍ഷുറന്‍സ് കമ്പനിയുടെയും അന്തിമ വിലയിരുത്തലിന് ശേഷം ഈ തുകയില്‍ മാറ്റം വരാമെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ ലിയനാര്‍ഡോ ഡാവിഞ്ചിയുടെ പ്രശസ്ത ചിത്രമായ മോണാലിസക്കു നേരെ സ്ത്രീവേഷം ധരിച്ചെത്തിയ ആള് കേക്കെറിഞ്ഞതും വലിയ വാര്‍ത്തയായിരുന്നു. പ്രായമായ സ്ത്രീയുടെ വേഷം ധരിച്ച ഇയാള്‍ വീല്‍ചെയറില്‍ ആണ് എത്തിയത്. ചിത്രത്തിന് മറ്റു കേടുപാടുകളൊന്നും സംഭവിച്ചില്ലെങ്കിലും പുറത്തെ ഗ്ലാസിലാകെ കേക്കിന്റെ വെള്ള ക്രീം പതിഞ്ഞിരുന്നു. 1950 കളില്‍ മൊണാലിസ പെയിന്റിങ്ങിനു നേരെ ആസിഡ് ആക്രമണം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് പെയിന്റിങ്ങിനു മുകളില്‍ ഗ്ലാസ് കവചം നിര്‍മിച്ചത്. പെയിന്റിംഗ് മോഷ്ടിക്കാനും നശിപ്പിക്കാനും മുന്‍പും നിരവധി ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.