നാല് യാത്രികരുമായി ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ യാത്രാദൗത്യം വെള്ളിയാഴ്ച യാത്ര തുടങ്ങുന്നു. ആക്‌സിയം സ്പേസ് (Axiom Space) എന്ന അമേരിക്കൻ സ്റ്റാർട്ടപ്പ് കമ്പനിയാണ് നാലംഗ സംഘത്തെ ബഹിരാകാശത്തേക്ക് അയക്കുന്നത്. ദൗത്യത്തെ പ്രകീർത്തിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ (NASA). "ലോ എർത്ത് ഓർബിറ്റ്" (Low Earth Orbit) എന്നറിയപ്പെടുന്ന ബഹിരാകാശ മേഖലയെ സ്വകാര്യവൽക്കരിക്കുന്നതിനുള്ള ആദ്യ ചുവടുവെയ്പായാണ് നാസ ഇതിനെ കണക്കാക്കുന്നത്.
അമേരിക്കയിലുള്ള ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് സ്‌പേസ് എക്‌സ് (SpaceX) റോക്കറ്റിൽ രാവിലെ 11:17 നാണ് ടേക്ക് ഓഫ് നടക്കുക. മുൻ നാസ ബഹിരാകാശ സഞ്ചാരി മൈക്കൽ ലോപ്പസ് അലെഗ്രിയയായിരിക്കും ആക്‌സിയം -1 (Axiom -1) ദൗത്യത്തിന്റെ കമാൻഡർ. ഇരട്ട പൗരത്വമുള്ളയാളാണ് അലെഗ്രി. സ്പെയിനിൻെറയും അമേരിക്കയുടെയും പൗരത്വമാണ് അദ്ദേഹത്തിനുള്ളത്.
യാത്രക്കായി കമ്പനി നിശ്ചയിച്ചിരിക്കുന്ന പണം നൽകിക്കൊണ്ട് മറ്റ് മൂന്ന് പേരും അലെഗ്രിയെ അനുഗമിക്കും. അമേരിക്കൻ റിയൽ എസ്റ്റേറ്റ് നിക്ഷേപകൻ ലാറി കോണർ, കനേഡിയൻ വ്യവസായി മാർക്ക് പാത്തി, ഇസ്രായേൽ മുൻ യുദ്ധവിമാന പൈലറ്റും സംരംഭകനുമായ എയ്റ്റൻ സ്റ്റിബ്ബെ എന്നിവരാണ് സംഘത്തിലുള്ള മറ്റ് മൂന്ന് പേർ. 55 മില്യൺ ഡോളറാണ് ടിക്കറ്റിൻെറ വിലയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബ്ലൂ ഒറിജിൻ, വിർജിൻ ഗാലക്‌റ്റിക്‌സ് എന്നിവരും ഈയടുത്ത് ബഹിരാകാശ ദൗത്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇവരിൽ നിന്ന് വ്യത്യസ്തമാണ് തങ്ങളുടെ യാത്രയെന്ന് ആക്‌സിയം സ്പേസ് വ്യക്തമാക്കിയിട്ടുണ്ട്. ടൂറിസത്തിനെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയുള്ളതല്ല ഈ ദൗത്യമെന്ന് കമ്പനി അറിയിച്ചു. ബഹിരാകാശവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ ശാസ്തീയമായ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കുമാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നത്.
"അവിടെ പോയി എട്ട് ദിവസം ചുറ്റിനടന്ന് ചിത്രങ്ങളെടുക്കാനും ആസ്വദിക്കാനും വേണ്ടിയല്ല ഈ സംഘം പോവുന്നത്," ആക്‌സിയം സ്‌പേസിന്റെ ഓപ്പറേഷൻ ഡയറക്ടർ ഡെറക് ഹാസ്മാൻ യാത്രക്ക് മുമ്പായി നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. "ഞങ്ങൾക്ക് വളരെ കൃത്യമായ ഗവേഷണ പദ്ധതികളുണ്ട്. അതിന് ഗുണകരമാവുന്ന കണ്ടെത്തലുകളിലായിരിക്കും യാത്രികരുടെ ശ്രദ്ധ," അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേലിന്റെ ആദ്യ ബഹിരാകാശയാത്രികനായ ഇലൻ റാമോണിന് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ടാണ് സംഘത്തിലുള്ള എയ്റ്റൻ സ്റ്റിബ്ബെ യാത്ര തുടങ്ങുന്നത്. കൊളംബിയ ബഹിരാകാശ ദുരന്തത്തിലാണ് ഇലൻ റാമോൺ അന്തരിക്കുന്നത്. ഇതേ ദുരന്തത്തിൽ തന്നെയാണ് ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരി കൽപനാ ചൗളയും അന്തരിച്ചത്.
സ്‌പേസ് എക്‌സുമായി സഹകരിച്ച് ഇതിനോടകം നാല് ബഹിരാകാശ ദൗത്യങ്ങൾക്ക് ആക്‌സിയം അനുമതിക്കായി ശ്രമിക്കുന്നുണ്ട്. ഇതിൽ ആക്സ് 2 എന്ന രണ്ടാമത്തെ പദ്ധതിത്ത് നാസ അനുമതി നൽകിയിട്ടുണ്ട്. സ്വന്തമായി സ്വകാര്യ ബഹിരാകാശ നിലയം നിർമ്മിക്കുകയെന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുവെയ്പായാണ് ആക്‌സിയം ഈ യാത്രകളെ കാണുന്നത്. 2024ഓടെ ഈ ലക്ഷ്യത്തിലേക്ക് മുന്നേറാനാവുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനിയുടെ പ്രസിഡന്റും സിഇഒയുമായ മൈക്കൽ സഫ്രെഡിനി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: International space station, Nasa