നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Fish Rain | ഉത്തർപ്രദേശിൽ മത്സ്യ മഴ; വീണ് കിട്ടിയത് 50 കിലോയോളം മീൻ, പരിഭ്രാന്തരായി നാട്ടുകാർ

  Fish Rain | ഉത്തർപ്രദേശിൽ മത്സ്യ മഴ; വീണ് കിട്ടിയത് 50 കിലോയോളം മീൻ, പരിഭ്രാന്തരായി നാട്ടുകാർ

  മുമ്പ് ചില പ്രദേശങ്ങളില്‍ മഞ്ഞമഴയും ചുവന്ന മഴയും പോലുള്ള പ്രതിഭാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുപോലെ മറ്റു ചില രാജ്യങ്ങളില്‍ പ്രാണി മഴ പെയ്തതായും ചില വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു

  • Share this:
   ആകാശത്ത് നിന്ന് പുഷ്പങ്ങളും ഫലങ്ങളും നാണയങ്ങളും സ്വര്‍ണ്ണവും മറ്റും വര്‍ഷിക്കുന്നത് നാം സിനിമകളിലെങ്കിലും കണ്ടിട്ടുണ്ടാവും. അത്യാഡംബര ആഘോഷങ്ങളുടെ ഭാഗമായി അതിസമ്പന്നര്‍ക്കിടയില്‍ ഇത്തരം പരിപാടികള്‍ നടക്കാറുണ്ട്. എന്നാല്‍ ഇവ ആകാശത്ത് നിന്ന് മഴപോലെ വര്‍ഷിക്കുന്നത് കണ്ടിട്ടുണ്ടോ? മഴയ്‌ക്കൊപ്പം ആലിപ്പഴങ്ങള്‍ വീഴുന്നതുപോലെ ആകാശത്ത് നിന്ന് മീനുകള്‍ വീണാല്ലോ? അതേ നിങ്ങള്‍ വായിച്ചത് ശരി തന്നെയാണ്. സംശയിക്കേണ്ട. മീന്‍ മഴ തന്നെ ഇന്ത്യയില്‍ തന്നെയാണ് ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്.

   ഉത്തര്‍പ്രദേശിലെ ഭദോഹി ജില്ലയില്‍ തിങ്കളാഴ്ച കനത്ത മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടിരുന്നു. ഇതിനൊപ്പം മറ്റൊരത്ഭുതം കൂടി പ്രദേശവാസികള്‍ കണ്ടു. ആകാശത്ത് നിന്ന് മഴപ്പോലെ മീനുകള്‍ വീഴുന്നത് കണ്ടപ്പോള്‍ ആളുകള്‍ അത്ഭുതപ്പെട്ടുപ്പോയി. ഭദോഹി ജില്ലയിലെ ചൗരി മേഖലയിലായിരുന്നു മഴയോടൊപ്പം ചെറിയ മീനുകള്‍ വീഴാന്‍ തുടങ്ങിയത്. മഴയ്‌ക്കൊപ്പം ആലിപ്പഴങ്ങള്‍ വീഴുന്നത് കാണുന്നത് സാധാരണമാണ്. പക്ഷേ മത്സ്യ മഴ ഉണ്ടാകുന്നത് അപൂര്‍വമാണ്. മീന്‍ മഴ കണ്ട് ചില പ്രദേശവാസികള്‍ അമ്പരന്നപ്പോള്‍ മറ്റുചിലര്‍ അത്യധികം പരിഭ്രാന്തരാവുകയും ഭയപ്പെടുകയും ചെയ്തു.

   തിങ്കളാഴ്ച, ചൗരിയിലെ കന്ധിയ ഗേറ്റ് പ്രദേശത്ത് മഴയോടൊപ്പം ചെറിയ മത്സ്യങ്ങളും ആകാശത്ത് നിന്ന് വീഴാന്‍ തുടങ്ങിയെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കനത്ത മഴയോടൊപ്പം ശക്തമായ കാറ്റും ഉണ്ടായിരുന്നു. വാര്‍ത്ത പരന്നതോടെ പ്രദേശവാസികള്‍ മീന്‍ ശേഖരിക്കാന്‍ തുടങ്ങി. ആവേശഭരിതരായ ഗ്രാമവാസികള്‍ മേല്‍ക്കൂരകളില്‍ നിന്നും വയലുകളില്‍ നിന്നും തോട്ടങ്ങളില്‍ നിന്നും മറ്റ് പ്രദേശങ്ങളില്‍ നിന്നും കുട്ട കണക്കിന് മീനുകള്‍ ശേഖരിച്ചു. മീന്‍ മഴയെ തുടര്‍ന്ന് പ്രദേശവാസികള്‍ ഏകദേശം 50 കിലോഗ്രാം മത്സ്യം ശേഖരിച്ചു.

   ആകാശത്ത് നിന്ന് വീണ ഈ മത്സ്യങ്ങളെ ഭയന്ന് പ്രദേശവാസികള്‍ ശേഖരിച്ച മീനുകളെ കുളങ്ങളിലും കുഴികളിലും എറിഞ്ഞുകളഞ്ഞു. കന്ധിയ ഗേറ്റിലുണ്ടായ ഈ മഴയില്‍ ആകാശത്ത് നിന്ന് നൂറുകണക്കിന് ചെറുമീനുകള്‍ വീണതായാണ് റിപ്പോര്‍ട്ടുകള്‍. ഗ്രാമവാസികള്‍ ആവേശത്തോടെ മീനുകള്‍ ശേഖരിച്ചതെങ്കിലും ചില മത്സ്യങ്ങള്‍ നിറത്തിലും വലുപ്പത്തിലും വ്യത്യസ്തമായി കാണപ്പെട്ടതിനാല്‍ ഗ്രാമവാസികള്‍ ആ മത്സ്യങ്ങളെ ഉപേക്ഷിച്ചു. ഈ മത്സ്യങ്ങളില്‍ വിഷമയമുണ്ടാകുമെന്ന് ഭയന്നായിരുന്നു ഗ്രാമവാസികളുടെ നടപടി.

   പ്രദേശവാസിയും സംഭവത്തിന് സാക്ഷിയുമായ സുഖ്ലാല്‍ എന്ന വ്യക്തി പറയുന്നത് ഇത്തരം സംഭവങ്ങള്‍ തങ്ങളുടെ ചിന്തകളില്‍ പോലും ഉണ്ടായിട്ടില്ലെന്നാണ്. ''മഴക്കാലത്ത് ആലിപ്പഴങ്ങള്‍ വീഴുന്നത് സാധാരണമാണ്. പക്ഷേ ആകാശത്ത് നിന്ന് മത്സ്യങ്ങള്‍ വീഴാന്‍ തുടങ്ങിയപ്പോള്‍ എല്ലാവരും അത്ഭുതപ്പെട്ടു. ഇത്തരത്തിലുള്ള ഒരു സംഭവം ആരും ഒരിക്കലും സങ്കല്‍പ്പിക്കുക കൂടി ചെയ്തിട്ടില്ല'' അദ്ദേഹം പറഞ്ഞു.

   ചിലപ്പോള്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതുമൂലം സംഭവിക്കുന്നതാകാമെന്നാണ് ഈ പ്രതിഭാസത്തെക്കുറിച്ച് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടത്. നദി, കുളം, മറ്റ് ജലാശയങ്ങള്‍ എന്നിവയ്ക്ക് സമീപം രൂപംകൊള്ളുന്ന ചുഴലിക്കാറ്റ് മത്സ്യങ്ങളെയും മറ്റും ഉയര്‍ത്തിക്കൊണ്ടുപ്പോയി മഴപ്പോലെ പെയ്യിപ്പിക്കുന്നു. മഴക്കാലത്ത് ഇത്തരം പ്രദേശങ്ങളില്‍ ഇതുപോലെയുള്ള അത്ഭുതകരമായ സംഭവങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.

   മുമ്പ് ചില പ്രദേശങ്ങളില്‍ മഞ്ഞമഴയും ചുവന്ന മഴയും പോലുള്ള പ്രതിഭാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുപോലെ മറ്റു ചില രാജ്യങ്ങളില്‍ പ്രാണി മഴ പെയ്തതായും ചില വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
   Published by:Jayashankar AV
   First published:
   )}