ചെന്നൈ: സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത എസ് എസ് ഐ ഉൾപ്പടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. തമിഴ്‌നാട് നാഗപട്ടണം എസ് പിയാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഉത്തരവിട്ടത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മത്സരം നടന്നത്. മയിലാടുതുറൈ ജില്ലയിലെ സെമ്പനാർകോവിലിൽ ഒരു സ്വകാര്യ സ്ഥാപനമാണ് സൗന്ദര്യ മത്സരം നടത്തിയത്. നടി യാശിക ആനന്ദായിരുന്നു മത്സരത്തിന്റെ ഉദ്ഘാടക.
പല പ്രായത്തിലുള്ളവർ മത്സരത്തിൽ പങ്കെടുത്തിരുന്നു. ഇതിനിടെ പരിപാടിയുടെ സംഘാടകർ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് മത്സരത്തിൽ പങ്കെടുക്കാൻ അഭ്യർത്ഥിക്കുകയായിരുന്നു. പിന്നാലെ എസ് എസ് ഐ സുബ്രഹ്മണ്യൻ, വനിതാ പൊലീസുകാരായ രേണുക, അശ്വിനി, നിത്യശീല, കോൺസ്റ്റബിൾ ശിവനേശൻ എന്നിവർ മത്സരത്തിൽ റാംപ് വാക് ചെയ്യുകയായിരുന്നു. ഇത് സംബന്ധിച്ച് അടുത്ത ദിവസം മാധ്യമങ്ങളിൽ വാർത്തകൾ വന്നതോടെയാണ് പൊലീസുകാർക്കെതിരെ നടപടിയുണ്ടായത്. ഇന്നലെയാണ് എസ് പി ജി ജവഹർ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെയും വെവ്വേറെ സ്റ്റേഷനിലേക്ക് മാറ്റിയത്.
സുരക്ഷാ ഡ്യൂട്ടിയിലായിരുന്ന പൊലീസുകാർ സംഘാടകരുടെ അഭ്യർത്ഥന സ്വീകരിച്ചതാണെങ്കിലും അത് ഡ്യൂട്ടി ലംഘനമായതിനാലാണ് സ്ഥലം മാറ്റേണ്ടി വന്നതെന്ന് എസ് പി ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. അഞ്ച് പൊലീസുകാരോടും ഉടൻ ഡ്യൂട്ടിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ‘തെരി’ സിനിമയിലെ പൊലീസ് ഗാനത്തിന്റെ പശ്ചാത്തലത്തിൽ റാംപ് വാക്കിന് ഇറങ്ങിയ പൊലീസുകാർക്കെതിരെ എടുത്ത നടപടിയെ അപലപിച്ച് നിരവധി പേർ രംഗത്തെത്തി.
Also Read- 'പാതിരാത്രിയിൽ ഷാരൂഖ് ഖാന്റെ ഫോൺ കോൾ; 'ഹലോ' പോലും പറയാൻ നിൽക്കാതെ അദ്ദേഹം തുടങ്ങി'
English Summary: All the five cops from Mayiladuthurai, Tamil Nadu who walked the ramp at a fashion show recently organised by a modelling company, were transferred to various police stations on Thursday. On Sunday, a private modelling firm organised a beauty contest at Mayiladuthurai at Sembanarkoil, where contestants from various age groups participated and also walked the ramp.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fashion show, Tamil nadu, Tamil nadu police