• HOME
 • »
 • NEWS
 • »
 • buzz
 • »
 • അഞ്ചുവർഷമായ സിനിമാ തിരക്കഥ പുതിയ ട്രെന്റിന് അനുസരിച്ച് മാറ്റിയെഴുതുന്നു; പ്രേക്ഷകരുടെ മാറ്റങ്ങളെ കുറിച്ച് ഒരു കുറിപ്പ്

അഞ്ചുവർഷമായ സിനിമാ തിരക്കഥ പുതിയ ട്രെന്റിന് അനുസരിച്ച് മാറ്റിയെഴുതുന്നു; പ്രേക്ഷകരുടെ മാറ്റങ്ങളെ കുറിച്ച് ഒരു കുറിപ്പ്

അങ്ങനെ ഒരു സിനിമ ഇപ്പോൾ വന്നാൽ അത് സോഷ്യൽ മീഡിയയിൽ കീറിമുറിക്കപ്പെട്ട് ബോക്സ് ഓഫീസിൽ വലിയ ചലനം ഉണ്ടാക്കാതെ പോകും എന്ന് ഞാൻ ഭയപ്പെടുന്നു.....ആയതിനാൽ ഞാൻ ഈ വർഷം റിലീസ് ചെയ്യാൻ പാകത്തിൽ സിനിമയെ മുഴുവനായി മാറ്റിയെഴുതി ടെക്നിക്കൽ സൈഡിലും മാർക്കറ്റിങ് രീതിയിലും വലിയ മാറ്റങ്ങൾ വരുത്തി.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  രോഹിത് കെ പി

  പ്രിയപ്പെട്ടവരേ,...

  ഞാൻ ഒരു സിനിമ സംവിധാനം ചെയ്യാൻ വേണ്ടി ഒരു തിരക്കഥ തയ്യാറാക്കി വെച്ചിട്ട് സുമാർ ഒരു 5 വർഷം ആകുന്നു. ആക്ഷനും ഫാമിലി ഡ്രാമയും കോമഡിയും കളർഫുൾ പാട്ടുകളും നൃത്ത രംഗങ്ങളും അടങ്ങിയ ഒരു എന്റർടൈനർ ആയിരിക്കണം എന്റെ സിനിമ കാര്യത്തിൽ എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. ഒരു സാധാരണക്കാരന് ജോലിയൊക്കെ കഴിഞ്ഞ് വന്ന് റിലാക്സ് ആയി കണ്ടിരിക്കാൻ പറ്റിയ ഒരു സിനിമ. എന്നാൽ അങ്ങനെ ഒരു സിനിമ ഇപ്പോൾ വന്നാൽ അത് സോഷ്യൽ മീഡിയയിൽ കീറിമുറിക്കപ്പെട്ട് ബോക്സ് ഓഫീസിൽ വലിയ ചലനം ഉണ്ടാക്കാതെ പോകും എന്ന് ഞാൻ ഭയപ്പെടുന്നു. കാരണം റിയലിസ്റ്റിക്ക്, ത്രില്ലർ ജോണറിലുള്ള സിനിമകൾക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കയ്യടി കിട്ടുന്നത് എന്ന് ഞാൻ മനസ്സിലാക്കി. ഈ ഒരു തരംഗത്തെ അതിജീവിച്ചത് ലൂസിഫർ, ആട് 2 , 2 കൺട്രിസ് എന്നിങ്ങനെയുള്ള ചുരുക്കം ചില സിനിമകൾ മാത്രമാണ്. ആയതിനാൽ ഞാൻ ഈ വർഷം റിലീസ് ചെയ്യാൻ പാകത്തിൽ സിനിമയെ മുഴുവനായി മാറ്റിയെഴുതി ടെക്നിക്കൽ സൈഡിലും മാർക്കറ്റിങ് രീതിയിലും വലിയ മാറ്റങ്ങൾ വരുത്തി. ദിലീപിനെ വെച്ച് ചെയ്യാൻ ഇരുന്ന എന്റെ സിനിമയിൽ ഞാൻ ആദ്യമായി നായകനെ മാറ്റി. ഫഹദ് ഫാസിൽ, ഷെയ്ൻ നിഗം, ജോജു ജോർജ്ജ് എന്നിവരാണ് ഇപ്പോൾ എന്റെ മനസ്സിൽ ഉള്ളത്. ഞാൻ എന്റെ കഥയിലും സിനിമയുടെ അനുബന്ധ മേഖലകളിലും വരുത്തിയ മറ്റ് മാറ്റങ്ങളെക്കുറിച്ച് നിങ്ങളോട് സംവദിക്കാൻ ആഗ്രഹിക്കുന്നു. ആദ്യമായി കഥയിൽ വരുത്തിയ മാറ്റങ്ങൾ സംസാരിക്കാം ....

  1 )കഥയിലെ നായകൻറെ പേരാണ് ആദ്യം മാറ്റിയത്. അനിരുദ്ധ് കുമാർ തോട്ടത്തിൽ എന്ന പേര് ഞാൻ സിംപിളും റിയാലിസ്റ്റിക്കുമായ ജിബുമോൻ പി പി എന്നാക്കി.

  2) സ്പീഡിൽ ജീപ്പ് ഓടിച്ചു വരുന്ന നായകന്റെ ഇൻട്രോ തിരുത്തി കവലയിൽ ബീഡിയും വലിച്ചു സംസാരിച്ചിരുന്ന സിംപിൾ ഇൻട്രോ ആക്കി.

  3) നായകന്റെ ഇൻട്രോ കഴിഞ്ഞാൽ ഒരു ഫൈറ്റ് സീൻ ആയിരുന്നു പ്ലാൻ ചെയ്തിരുന്നത്. ഇൻട്രോ ഫൈറ്റ് ഞാൻ പുതിയ രീതിക്കനുസരിച്ചാണ് ഇപ്പോൾ പ്ലാൻ ചെയ്തിരിക്കുന്നത്. കവലയിൽ വെളുത്ത് തുടുത്ത ഒരാൾ പൊളിറ്റിക്കൽ കറക്റ്റനസ്സ് ഇല്ലാത്ത തമാശ പറയുന്നു. ഇത് കേട്ട നായകൻ അയാളുടെ മുഖത്ത് തുപ്പിയ ശേഷം ഓടുന്നു. റിയാലിസ്റ്റിക്ക് ആക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. തമാശ പറഞ്ഞവനും ക്യാമറാമാനും പിന്നാലെ ഓടുന്നു. പിന്നെ ഉള്ളത് മാരക റിയലിസ്റ്റിക്ക് ഫൈറ്റ് ആണ്. കടിക്കുക മാന്തുക മണ്ണിൽ കിടന്ന് ഉരുളുക എന്നീ സംഭവങ്ങൾക്ക് ശേഷം വായനശാലയിൽ പുസ്തകം വായിച്ചുകൊണ്ടിരുന്ന ഒരു ബുദ്ധിജീവി വന്ന് രണ്ടു പേരെയും പിടിച്ചു മാറ്റുന്നു. എന്നിട്ട് തല്ലും പിടിയിൽ ആത്യന്തികമായി ജയ പരാജയങ്ങൾ ഇല്ലെന്ന കാര്യം രണ്ടുപേരെയും ഓർമ്മിപ്പിക്കുന്ന സമയം അത് അവസാനിക്കുന്നു.

  Also Read- 35കാരൻ 17കാരനായ ഫ്രെഡി ആയത് എങ്ങനെ? മാലിക് അനുഭവം നടൻ സനൽ അമൻ പറയുന്നു

  4) നായകന്റെ ഇൻട്രോ കഴിഞ്ഞാൽ 'ആളാരെ ഗോവിന്ദ' മോഡൽ ഒരു കളർഫുൾ സോങ് ആയിരുന്നു ഞാൻ പ്ലാൻ ചെയ്തിരുന്നത്. അത് മാറ്റി തെരുവിൽ രണ്ട് പേർ ഒരു ബംഗാളി നാടോടി ഗാനം പാടുന്നതും അത് കേട്ട് നായകൻ കട്ടൻ ചായയും കുടിച്ച് വിദൂരതയിലേക്ക് നോക്കി നിൽക്കുന്നതുമാണ് കാണിക്കാൻ പോകുന്നത്.

  5) നാട്ടിലെ ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള പ്രശ്നം നായകൻ ഇടപെട്ട് പരിഹരിക്കുന്ന ഒരു സീൻ ഉണ്ട് സിനിമയിൽ. അത് സവർണ്ണ ബ്രാഹ്മണിക്കൽ ഹെജിമണിയുടെ ഭാഗമായി വിലയിരുത്തപ്പെടും എന്നുള്ളതിനാൽ ഞാൻ ആ സീൻ മാറ്റി പകരം സാത്താൻ ആരാധകരായ ഇല്ലുമിനാറ്റികൾക്കിടയിലുള്ള ബുദ്ധിപരമായ ചില തർക്കങ്ങൾ നായകൻ ശരിപ്പെടുത്തി കൊടുക്കുന്നത് ആക്കി മാറ്റി. സിനിമയിൽ ഇല്ലുമിനാട്ടി റഫറൻസ് ഉള്ളത് തുടർ ചർച്ചകൾക്ക് ഉപകാരപ്പെടും എന്നെനിക്കറിയാം ...

  6) ഇന്റർവെൽ സീനിൽ രഞ്ജിപ്പണിക്കർ മോഡൽ പഞ്ച് പറയുന്നത് ഒഴിവാക്കി നായകൻ എന്തോ പിറുപിറുക്കുന്നതാക്കി.

  7). കോമഡി ഡയലോഗുകൾ എല്ലാം കട്ട് ചെയ്തു. സിറ്റുവേഷണൽ കോമഡി ലൊക്കേഷനിൽ ചെന്ന് കഥാപാത്രത്തിന്റെ അതെ സിറ്റുവേഷനിൽ ആലോചിക്കാം എന്ന് കരുതി മാറ്റിവെച്ചു.

  Also Read- എമ്പുരാൻ 50 കോടിക്ക് തീരുമോ? ആന്‍റണി പെരുമ്പാവൂരിന്‍റെ സംശയത്തിന് പൃഥ്വിരാജിന്‍റെ മറുപടി വൈറൽ

  8) ക്ലൈമാക്സിന് മുൻപുള്ള ബാർ ഡാൻസ് സീനിൽ അടിവസ്ത്രം മാത്രം ധരിച്ച പുരുഷന്മാർ വന്ന് നൃത്തം ചെയ്യും. റിയാലിറ്റി പോകാതിരിക്കാൻ ആരും കൂടെ ഒരേ താളത്തിൽ നൃത്തം ചെയ്യുന്നുമില്ല.

  9) ഗോ ഡൗണിൽ വെച്ച് പ്ലാൻ ചെയ്ത ക്ലൈമാക്സ് ഫൈറ്റ് പാടത്ത് വെച്ചാക്കി മാറ്റി. നായികയെ സ്വന്തമാക്കാൻ വേണ്ടിയുള്ള ഫൈറ്റ് സീൻ ഞാൻ തൽക്കാലം അടിച്ചമർത്തപ്പെട്ടവന് വേണ്ടിയുള്ള പോരാട്ടം ആക്കി മാറ്റാൻ കുറച്ച് ഡയലോഗുകൾ ആഡ് ചെയ്തിട്ടുണ്ട്.

  10) അന്ന് എഴുതിയ തിരക്കഥയിലും നായികാ പ്രാധാന്യം ഉണ്ട്. അതുകൊണ്ട് നായികയുടെ ഭാഗങ്ങളിൽ വലുതായി മാറ്റങ്ങൾ ഒന്നും വരുത്തിയില്ല. ഇപ്പോൾ നായികയെ കുറച്ചുകൂടി ബോൾഡ് ആയി അവതരിപ്പിക്കാൻ സാധിക്കുന്നു എന്നുള്ളത് ഒരു നല്ല കാര്യമായി തോന്നി ..

  കഥയിൽ മാത്രമല്ല ടെക്നിക്കൽ സൈഡിലും ഞാൻ കുറച്ച് മാറ്റം വരുത്തിയിട്ടുണ്ട് എന്ന് ഞാൻ സൂചിപ്പിച്ചിരുന്നല്ലോ. സിങ്ക് സൗണ്ടിൽ ആണ് സിനിമ ചിത്രീകരിക്കുന്നത്. പല സംഭാഷണങ്ങളും അറ്റ്മോസ് ഉള്ളവനോ നല്ല ക്വളിറ്റി ഹെഡ്ഫോൺ ഉള്ളവനോ കേട്ടാൽ മതി. ക്യാമറമേനോട് ഒരിക്കലും സാറ്റുറേഷൻ കൂട്ടരുത് എന്ന് നിർദ്ദേശം കൊടുക്കും. ഡാർക്ക് മോഡ് ആണ് ഇപ്പോഴത്തെ ട്രെൻഡ്.

  മാർക്കറ്റിങ്ങിന് വേണ്ടി ഒരു ഓൾ പാർട്ടി മീറ്റിങ് സംഘടിപ്പിച്ച് ഈ സിനിമ കാണിച്ച് എന്റെ സിനിമ ഒരു അജണ്ടയുടെയും ഭാഗമല്ല എന്ന് ഉറപ്പിക്കും. ഫേസ്ബുക്കിൽ നന്നായി എഴുതുന്നവരുടെ ക്ലിയറൻസ് വാങ്ങിക്കും. അവരുടെ നിർദ്ദേശപ്രകാരം രംഗങ്ങൾ കട്ട് ചെയ്യും.

  പിന്നെ ഒരു കലക്കൻ സ്ട്രാറ്റജി ഉണ്ട്. രാജ്യം ഇന്ന് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ഡയലോഗ് എഴുതി ചേർത്ത് അത് ട്രെയിലറിൽ ആഡ് ചെയ്യും. അപ്പോൾ ഇത് ചില സ്വയം പ്രഖ്യാപിത രാജ്യസ്നേഹികൾ ബഹിഷ്ക്കരിക്കും. അവർ ബഹിഷ്ക്കരിച്ചാൽ കേരളത്തിൽ സിനിമയ്ക്ക് ഇരട്ടി കളക്ഷൻ കിട്ടും ...

  ഇനി പറയൂ കൂട്ടുകാരെ , എന്റെ സിനിമ ഹിറ്റ് ആകില്ലേ ഇനി വേറെ എന്തൊക്കെ മാറ്റങ്ങൾ ഞാൻ വരുത്തണം ??  (ഈ ലേഖനത്തിൽ പ്രകടിപ്പിച്ചത് രചയിതാവിന്റെ വ്യക്തിപരമായ കാഴ്ചപ്പാടാണ്, അവ ന്യൂസ് 18നെ പ്രതിനിധീകരിക്കുന്നില്ല)
  Published by:Rajesh V
  First published: