ഓട്ടിസം (Autism) എന്ന രോഗാവസ്ഥ ബാധിച്ച നിരവധി കുട്ടികളുണ്ടാകും നമുക്കു ചുറ്റും. പല രംഗങ്ങളിലും അതിശയകരമാം വിധം മികവ് പ്രകടിപ്പിക്കുന്നവരായാരിക്കും അവർ. സംഗീതമടക്കമുള്ള പല മേഖലകളിലും അവർ ശോഭിക്കാറുണ്ട്. ഓട്ടിസം ബാധിതനായ ഒരു കുട്ടിയുടെ വിഡിയോ കാഴ്ചക്കാരുടെ മനം നിറക്കുകയാണ് ഇപ്പോൾ. സെബാസ്റ്റ്യൻ എന്ന കുട്ടിയെ ആണ് വിഡിയോയിൽ കാണുന്നത്. വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
പല തരം ഫോണ്ടുകളിൽ (Font) സെബാസ്റ്റ്യൻ പല വാക്കുകളും എഴുതുന്നത് വിഡിയോയിൽ കാണാം. ഹൈപ്പർലെക്സിയ (അക്ഷരങ്ങളിലും വാക്കുകളിലും ഉള്ള പ്രാവീണ്യം) എന്ന അവസ്ഥയുള്ള സെബാസ്റ്റ്യൻ അനായാസമായാണ് ഇത് കൈകാര്യം ചെയ്യുന്നത്. ഓരോ ഫോണ്ടുകളും ഏതൊക്കെയാണെന്ന് കൃത്യമായി പറഞ്ഞുകൊണ്ടാണ് എഴുത്ത്. 'goodnewsdog' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. വിഡിയോക്കു താഴെ സെബാസ്റ്റ്യനെ അഭിനന്ദിച്ചുകൊണ്ടുള്ള അഭിപ്രായങ്ങൾ കമന്റുകളായി നിറയുകയാണ്. ''ഈ കയ്യക്ഷരം എനിക്കു കിട്ടിയിരുന്നെങ്കിൽ'' എന്നാണ് ഒരാളുടെ കമന്റ്.
ചെറുപ്രായത്തിൽ തന്നെ എഴുത്തിലും വായനയിലും മികവ് പ്രകടിപ്പിച്ചരുന്നു സെബാസ്റ്റ്യൻ. 'ലിറ്റിൽ ഐൻസ്റ്റീൻ' എന്ന പേരിൽ ഒരു ഇൻസ്റ്റഗ്രാം പേജ് തന്നെ സെബാസ്റ്റ്യന്റെ പേരിലുണ്ട്. ഈ കൊച്ചുമിടുക്കന്റെ ടിക് ടോക്ക് വിഡിയോകളും നിരവധി ആളുകളെ ആകർഷിച്ചിരുന്നു.
View this post on Instagram
എന്താണ് ഓട്ടിസം?
ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD) എന്ന പേരിൽ കൂടി അറിയപ്പെടുന്ന ഈ രോഗം ഒരു വ്യക്തിയുടെ ദൈനംദിന പ്രവർത്തനങ്ങളെയും സാമൂഹ്യജീവിതത്തെയുമൊക്കെ ബാധിക്കും. നേരത്തേ തന്നെ തിരിച്ചറിഞ്ഞ് ശരിയായ ചികിൽസ ലഭിച്ചാൽ രോഗിയിൽ കുറേയൊക്കെ മാറ്റങ്ങളുണ്ടാകും. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് 160 ൽ ഒരു കുട്ടി എന്ന നിരക്കിൽ ഓട്ടിസം ബാധിതരുണ്ട്.
ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ ഓരോ കുട്ടിയിലും വ്യത്യസ്തമായിരിക്കും. മൂന്ന് വയസാകുന്നതിനു മുൻപേ രോഗബാധിതരായ കുട്ടികളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങാം. ചിലരിൽ ഈ ലക്ഷണങ്ങൾ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കും.
ഓട്ടിസം ബാധിച്ച കുട്ടികളുടെ പ്രധാന ലക്ഷണങ്ങളിലൊന്ന് തനിച്ചിരിക്കാനുള്ള ആഗ്രഹമാണ്. ഇത് കുട്ടികളുടെ ആശയവിനിമയ ശേഷിയെയും സമൂഹവുമായി ഇടപെടാനുള്ള കഴിവിനെയും കാര്യമായി ബാധിക്കുന്നു. രോഗം ബാധിച്ച ചില കുട്ടികളിൽ പഠനവൈകല്യം ഉള്ളതായി കാണപ്പെടാറുണ്ട്. ചിലരിൽ സംസാരശേഷി തീരെ കുറഞ്ഞ അവസ്ഥയും ഉണ്ടാകും. മറ്റു ചിലർ ഇതിൽ നിന്നെല്ലാം വ്യത്യസ്തരായി ഉയർന്ന തലത്തിൽ ചിന്തിക്കുവാനും, സ്വന്തമായി കുടുംബം പുലർത്താനും, വരുമാനം ആർജിക്കാനും സാധിക്കുന്ന തരത്തിൽ ബുദ്ധിമാനം (IQ) ഉള്ളവരായിരിക്കും. ചിലർ അക്ഷരങ്ങളിലും വാക്കുകളിലും അസാമാന്യമാം വിധം കഴിവും ഓർമശക്തിയും പ്രകടിപ്പിക്കാറുണ്ട്. 'ഹൈപ്പർലെക്സിയ' (Hyperlexia) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.
ജനിതക കാരണങ്ങൾക്കൊപ്പം ഒരു കുട്ടിയുടെ വളർച്ചയെ ബാധിക്കുന്ന ബാഹ്യകാരണങ്ങളും ഓട്ടിസത്തിന് കാരണമാകാമെന്ന് പഠനങ്ങൾ പറയുന്നു. കുടുംബത്തിൽ മറ്റാർക്കെങ്കിലും ഈ രോഗം ഉള്ളത്, മാതാപിതാക്കളുടെ പ്രായക്കൂടുതൽ, മാസം തികയാതെയുള്ള ജനനം തുടങ്ങിയവയെല്ലാം കുട്ടികളിൽ ഓട്ടിസം ഉണ്ടാകാനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഓട്ടിസത്തിന് കൃത്യമായൊരു ചികിൽസ ഇല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ലക്ഷണങ്ങളെ അടിസ്ഥാനമാക്കിയാരിക്കും ഓരോരരുത്തർക്കും ചികിൽസ തീരുമാനിക്കുക.
2007 മുതൽ ഏപ്രിൽ 2 ലോക ഓട്ടിസം ബോധവത്കരണ ദിനമായി ആചരിക്കാൻ തുടങ്ങിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Autism, Viral video