നിങ്ങൾ ഒരേ സിനിമ എത്ര തവണ തിയേറ്ററിൽ പോയി കാണാറുണ്ട്? അമേരിക്കയിലെ ഫ്ലോറിഡ സ്വദേശിയായ റാമിറോ അലെനിസിൻെറ സിനിമാഭ്രമം ആരെയും ഞെട്ടിക്കുന്നതാണ്. 'സ്പൈഡർമാൻ നോ വേ ഹോം' (Spiderman: No Way Home) എന്ന സിനിമ 292 തവണയാണ് റാമിറോ തിയേറ്ററിൽ പോയി കണ്ടത്. ഒരേ സിനിമ ഏറ്റവും കൂടുതൽ തവണ തിയേറ്ററിൽ പോയി കണ്ടതിൻെറ ഗിന്നസ് ലോകറെക്കോർഡും (Guinness World Record) അദ്ദേഹം സ്വന്തം പേരിലാക്കി.
കഴിഞ്ഞ വർഷം ഡിസംബർ 16നാണ് ഈ സിനിമ തിയേറ്ററിൽ റിലീസ് ആയത്. അന്ന് മുതൽ റാമിറോ സിനിമ കാണാൻ തുടങ്ങിയിരുന്നു. ഈ വർഷം മാർച്ച് 15ഓടെയാണ് 292 തവണ സിനിമ കണ്ട് ലോകറെക്കോർഡ് തകർത്തത്. ഏകദേശം 720 മണിക്കൂറുകളാണ് അദ്ദേഹം തിയേറ്ററിൽ ചെലവഴിച്ചത്. അതായത് 30 ദിവസം പൂർണമായും സിനിമ കാണാൻ സമയം ചെലവഴിച്ചു. ട്വിറ്ററിൽ റാമിറോ ഈ സന്തോഷവാർത്ത പങ്കുവെച്ചിട്ടുണ്ട്. സിനിമ കണ്ട് തുടങ്ങിയത് മുതലുള്ള യാത്രയുടെ ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. എല്ലാവരോടും നന്ദി പറഞ്ഞ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെയും അണിയറ പ്രവർത്തകരെയുമെല്ലാം ടാഗ് ചെയ്താണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
ഗിന്നസ് ലോകറെക്കോർഡ് വരെ എത്തിയത് റാമിറോയെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷവും ആത്മവിശ്വാസവും പകരുന്ന കാര്യമാണ്. എന്നാൽ ഈ റെക്കോർഡ് നേട്ടത്തിലേക്കുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. കഠിനമായ ചില നിയമങ്ങൾ പാലിച്ച് മാത്രമേ സിനിമ കാണാൻ സാധിക്കുമായിരുന്നുള്ളൂ. മറ്റൊരു കാര്യവും ചെയ്യാതെ നിർത്താതെ സിനിമ കണ്ടാൽ മാത്രമേ റെക്കോർഡ് കമ്മിറ്റി അത് കണക്കിലെടുക്കുകയുള്ളൂ. സിനിമ കാണുന്നതിനിടെ ചെറുതായിപ്പോലും മയങ്ങാനോ മൊബൈൽ ഫോൺ എടുക്കുവാനോ സംസാരിക്കുവാനോ ഒന്നും പാടുള്ളതല്ല. സിനിമക്കിടയിൽ മൂത്രമൊഴിക്കാൻ എണീറ്റാലും കണക്കിൽ പെടില്ല. മൂത്രമൊഴിക്കാൻ എണീറ്റത് കാരണം റാമിറോയുടെപത്ത് ശ്രമങ്ങൾ പാഴായിപ്പോയിട്ടുണ്ട്.
സിനിമക്ക് മുൻപും പിൻപും കാണിക്കുന്ന ക്രെഡിറ്റുകളും പരസ്യങ്ങളും മറ്റ് വീഡിയോകളുമൊക്കെ കണ്ടിരിക്കണം. ഇതെല്ലാം പാലിച്ചാണ് ഈ ഫ്ലോറിഡക്കാരൻ 292 തവണ സിനിമ കണ്ടത്. ഇത്രയും തവണ സിനിമ കാണാൻ ചെലവഴിച്ച പണം എത്രയെന്ന് അറിയാമോ? 3400 ഡോളറാണ് റാമിറോയുടെ പോക്കറ്റിൽ നിന്ന് ചെലവായത്. അതായത് ഗിന്നസ് ലോക റെക്കോർഡ് നേട്ടത്തിലെത്താൻ ഏകദേശം രണ്ടര ലക്ഷം രൂപ ചെലവായിട്ടുണ്ട്.
292 Cinema Productions attended of the same Film - @SpiderManMovie
ഇത് ആദ്യമായല്ല ഇങ്ങനെ റെക്കോർഡ് തകർക്കാനുള്ള ശ്രമം റാമിറോ നടത്തുന്നത്. ഏറ്റവും കൂടുതൽ തവണ സിനിമ കണ്ടതിൻെറ ഗിന്നസ് റെക്കോർഡ് 2019ൽ അദ്ദേഹം സ്വന്തമാക്കിയിരുന്നു. അവഞ്ചേഴ്സ് എൻഡ് ഗെയിം എന്ന സിനിമ 191 തവണ കണ്ടാണ് റെക്കോർഡിട്ടിരുന്നത്. ഇപ്പോൾ ജോവാന്നേ കോണർ എന്ന ഓസ്ട്രേലിയക്കാരൻെറ പേരിലുണ്ടായിരുന്ന റെക്കോർഡാണ് അന്ന് മറികടന്നിരുന്നത്. ബൊഹീമിയൻ റാപ്സഡി എന്ന സിനിമ 108 തവണയാണ് കോണർ കണ്ടിരുന്നത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.