അമേരിക്കയിലെ ഫ്ലോറിഡയിൽ പള്ളിക്ക് സമീപം എത്തിയ ചീങ്കണ്ണിയെ അകത്തേക്ക് ക്ഷണിച്ച് വൈദികൻ. ലെഹി ഏക്കർ പ്രദേശത്തുള്ള വിക്ടർ പള്ളിയിലെ വൈദികനായ ഡാനിയൽ ഗ്രിഗറിയാണ് അപ്രതീക്ഷിത അതിഥിയെ പള്ളിക്കകത്തേക്ക് സ്വാഗതം ചെയ്തത്. ചീങ്കണ്ണിക്ക് ഒരു വിസിറ്റിംഗ് കാർഡ് കൊടുക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നിരവധി ആളുകളാണ് വൈദികന്റെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തിയത്.
ജൂൺ 29നാണ് വിചിത്രമായ സംഭവം നടന്നത്. സമീപത്തുള്ള ഒരു മഴവെള്ള ചാലിൽ നിന്നാണ് കറുത്ത നിറത്തിലുള്ള ചീങ്കണ്ണി ഇഴഞ്ഞു നീങ്ങി പള്ളിയുടെ പരിസരത്ത് എത്തിയത്. പള്ളിയുടെ വാതിലിന് മുന്നിലും ചീങ്കണ്ണി എത്തിയതോടെ കൂടി നിന്ന ആളുകൾക്കും അതിശയമായി. പിന്നാലെയാണ് ചീങ്കണ്ണിയെ പള്ളിക്ക് അകത്തേക്ക് ക്ഷണിച്ച് വൈദികൻ ഡാനിയൽ ഗ്രിഗറി രംഗത്ത് എത്തിയത്. ചീങ്കണ്ണിക്ക് തൊട്ടടുത്ത് നിന്ന് പോലും ഫോട്ടോ എടുത്ത ഇദ്ദേഹം ചീങ്കണ്ണിക്ക് വിസിറ്റിംഗ് കാർഡ് നൽകാനും ശ്രമിക്കുകയുണ്ടായി.
International Kissing Day | ചുംബനം ആരോഗ്യത്തിന് ഉത്തമമാവുന്നത് എന്തുകൊണ്ട്?
ചീങ്കണ്ണിയുടെ അടുത്ത് നിന്നുള്ള ഒരു സെൽഫിയോടൊപ്പമുള്ള പോസ്റ്റ് വൈദികൻ ഫേസ്ബുക്കിൽ പങ്കു വെക്കുകയും ചെയ്തു. 'പള്ളിയിൽ ഒരു ചീങ്കണ്ണി എത്തി, എന്നാൽ കർത്താവിനെ സ്വീകരിക്കാൻ തയ്യാറായില്ല' എന്ന രസകരമായ അടിക്കുറിപ്പോടെയാണ് വൈദികൻ ചിത്രം പങ്കുവെച്ചത്. ഈ പോസ്റ്റ് വലിയ രീതിയിൽ വൈറലാവുകയും ചെയ്തിരുന്നു.
എൻബിസി 2 ടിവിയാണ് വൈദികൻ ചീങ്കണ്ണിയെ അഭിമുഖീകരിക്കുന്ന ദൃശ്യങ്ങൾ യൂട്യൂബിലൂടെ പങ്കുവെച്ചത്. ചീങ്കണ്ണിക്ക് അടുത്ത് വൈദികൻ എത്തുന്നതും ബിസിനസ് കാർഡ് നൽകാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. പള്ളിക്ക് അകത്തേക്ക് വരാൻ താൽപര്യം ഉണ്ടെങ്കിൽ രാവിലെ 9 മുതൽ 11 വരെയാണ് പ്രവർത്തന സമയം എന്നും വൈദികൻ ചീങ്കണ്ണിയോട് പറയുന്നത് വീഡിയോയിൽ ഉണ്ട്.
'ഭർത്താവിന് മുന്നിൽ വച്ചും ബലാത്സംഗം ചെയ്തു'; ചരിത്രവനിത ഭൻവാരി ദേവിയുടെ മകനെതിരെ പരാതിയുമായി യുവതി
അതേസമയം, തമാശയായി എടുത്താണ് ഇങ്ങനെ ചെയ്തത് എന്നും ഇത്തരമൊരു സാഹചര്യത്തിൽ ഒരാൾ ചെയ്യാൻ പാടില്ലാത്ത കാര്യം ആയിരുന്നു അത് എന്നും എൻബിസി ടിവിക്ക് നൽകിയ അഭിമുഖത്തിൽ വൈദികൻ ഡാനിയൽ ഗ്രിഗറി പറയുന്നുണ്ട്. അൽപനേരം മേഖലയിൽ ചുറ്റിത്തിരിഞ്ഞ ശേഷം മഴ വെള്ള ചാലിലേക്ക് തന്നെ ചീങ്കണ്ണി മടങ്ങി പോയി എന്നാണ് റിപ്പോർട്ട്.
അതിനിടെ ഫ്ലോറിഡയിലെ മത്സ്യ - വന്യജീവി സംരക്ഷണ കമ്മീഷനും വൈദികന്റെ അനുയോജ്യമല്ലാത്ത പ്രവൃത്തിയെ വിമർശിച്ച് രംഗത്ത് എത്തി. ഒരു കാരണവശാലും ഇത്തരം രീതിയിൽ വന്യജീവികളെ അഭിമുഖീകരിക്കരുത് എന്നും ജീവന് തന്നെ ഭീഷണിയാണ് ഇത്തരം പെരുമാറ്റം എന്നും കമീഷൻ വക്താവ് പറഞ്ഞു. തെറ്റ് ഏറ്റുപറഞ്ഞ ഡാനിയേൽ ഗ്രിഗറി ഈ രീതി ആരും അനുകരിക്കരുത് എന്നും ആവശ്യപ്പെട്ടു.
അമേരിക്കയിൽ പലയിടങ്ങളിലും മിക്കപ്പോഴും അപ്രതീക്ഷിത അതിഥികളായി ചീങ്കണ്ണികൾ എത്താറുണ്ട്. വളർത്തു നായക്കളെയും മറ്റും ചീങ്കണ്ണി പിടികൂടുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യാറുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.