ഫുഡ് വ്ലോഗർ ഫിറോസ് ചുട്ടിപ്പാറയ്ക്ക് (Firoz Chuttippara) യൂട്യൂബിൽ വലിയ ആരാധകവൃന്ദമാണുള്ളത്. ഫിറോസിന്റെ വീഡിയോകള്‍ക്ക് വലിയ കാഴ്ചക്കാരെ ലഭിക്കാറുമുണ്ട്. മുൻപ് മയിലിനെ കറിവെക്കാൻ ദുബായിലേക്ക് പോയത് വലിയ വിവാദമായിരുന്നു. മയിലിനെ വാങ്ങിയെങ്കിലും അത് ഷേയ്ഖിന് സമ്മാനിച്ച് കോഴിക്കറി വെച്ചാണ് ഫിറോസ് അന്ന് മടങ്ങിയത്.
ഇപ്പോൾ ഒട്ടകത്തെ നിർത്തിചുടാൻ ഷാർജയ്ക്ക് വിമാനം കയറിയിരിക്കുകയാണ് ഫിറോസ്. യൂട്യൂബ് ചാനലിലാണ് ഇതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത്തവണ ആരാധകരുടെ അഭ്യർത്ഥന മാനിച്ച് സഹായി രതീഷിനെയും ഒപ്പം കൂട്ടുന്നതായും ഫിറോസ് വീഡിയോയിൽ പറയുന്നു. ഒട്ടകത്തെ നിർത്തി ചുടുന്ന വിഡിയോ ഉടൻ പങ്കുവയ്ക്കുമെന്നാണ് പ്രഖ്യാപനം. റീച്ച് കിട്ടാനുള്ള ഫിറോസിന്റെ തന്ത്രങ്ങളെ വാഴ്ത്തുന്നവരെയും വിഡിയോയ്ക്ക് താഴെ കാണാം.
'മയിൽ കറി' എന്ന പേരിൽ രണ്ട് വീഡിയോ പുറത്തിറക്കിയതും പിന്നീട് കോഴിക്കറി വച്ചതുമെല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് ഫിറോസ് ചുട്ടിപ്പാറ വിവാദത്തിന് പിന്നാലെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. രണ്ട് വീഡിയോകളിൽ മയിലിനെ കറിവെക്കുമെന്ന് പറഞ്ഞ്, മൂന്നാമത്തെ വീഡിയോയിൽ അത് ചെയ്യുന്നില്ലെന്ന് പറയുന്നത് ദുബായിലേക്ക് പോകുന്നതിന് മുൻപ് തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായിരുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
"ഇത് ശരിക്കും ഒരു തിരക്കഥയാണ്. സിനിമയ്ക്ക് കഥയെഴുതുന്നത് പോലെ തിരക്കഥയുണ്ടാക്കി ഷൂട്ട് ചെയ്തതാണ്. എങ്കിലല്ലേ ആളുകൾ കാണുകയുള്ളൂ. നമ്മുടെ ലക്ഷ്യം ആളുകളെ കാണിപ്പിക്കുക എന്നതാണ്. ആളുകളെ എങ്ങനെയെങ്കിലും നമ്മളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. പക്ഷേ ഇത്രത്തോളം സ്വീകാര്യത കിട്ടുമെന്ന് കരുതിയില്ല." - ഫിറോസ് ചുട്ടിപ്പാറ പറഞ്ഞു.
തെറി പറഞ്ഞവരെയും ഭീഷണി മുഴക്കിയവരെയും പേടിച്ചല്ല മയിലിനെ കൊല്ലേണ്ടെന്ന് തീരുമാനിച്ചതെന്നും ഫിറോസ് ചുട്ടിപ്പാറ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് ഒരു ഭയത്തിന്‍റെ അല്ല, ഒരു സിനിമ നമ്മൾ എങ്ങനെയാണോ ചിത്രീകരിക്കുന്നത്, അതുപോലെ നമ്മൾ ഉണ്ടാക്കിയതാണ്. അല്ലാതെ ഇതുപോലെ പ്രതിഷേധം വന്നതുകൊണ്ടല്ല. "നമ്മുടെ കഥയിൽ ഉള്ള ഒരു സംഭവത്തെ നമ്മൾ പരിപൂർണ്ണമായി ഷൂട്ട് ചെയ്ത് ആളുകളിലേക്ക് എത്തിച്ചു. നമ്മൾ വിചാരിച്ചതിലും കൂടുതലായി അത് സക്സസ് ആയി." ഫിറോസ് കൂട്ടിച്ചേർത്തു.
Also Read-
Naradan trailer | 'ഇത് അമേരിക്കയോ യൂറോപ്പോ അല്ല, ഭാരതമാണ് ' ; ടെലിവിഷന്‍ അവതാരകനായി ടൊവീനോ : ആഷിക് അബു ചിത്രം 'നാരദന്‍' ട്രെയ്ലര്ദുബായിൽ നിന്ന് മയിൽ കറി എന്ന് പറഞ്ഞ് വിവാദം സൃഷ്ടിച്ച ഫിറോസ് അവസാന നിമിഷം കോഴിക്കറി വച്ച ശേഷമായിരുന്നു മടങ്ങിയത്. "മയിലിനെ ആരെങ്കിലും കറി വെയ്ക്കുമോ? മനുഷ്യന്‍ ആരെങ്കിലും ചെയ്യുമോ? ഇത്ര ഭംഗിയുള്ള ഒരു പക്ഷിയാണിത്. നമ്മള്‍ ഒരിക്കലും ചെയ്യില്ല. ഈ പരിപാടി നമ്മള്‍ ഇവിടെ അവസാനിപ്പിക്കുന്നു. പകരം കോഴിക്കറി വയ്ക്കുന്നു' എന്നായിരുന്നു മൂന്നാമത്തെ വീഡിയോയിൽ ഫിറോസ് പറഞ്ഞത്.
താന്‍ ഒരിക്കലും മയിലിനെ കറി വെയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും താന്‍ പറഞ്ഞതില്‍ ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ക്ഷമിക്കണമെന്നും ഫിറോസ് വീഡിയോയിലൂടെ പറഞ്ഞിരുന്നു. വാങ്ങിയ മയിലിനെ ഒരു പാലസിന് സമ്മാനിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതോടെ വിവാദത്തിന് അവസാനമായി. ഒട്ടകത്തെ നിർത്തി ചുടാനുള്ള പുതിയ നീക്കം എങ്ങനെ കലാശിക്കുമെന്ന ആകാംക്ഷയിലാണ് ഫിറോസിന്റെ ആരാധകർ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.