ജീവിക്കാനായി പൊരുതുന്ന ഒരു മുൻ ഇന്ത്യൻ വനിതാ ഫുട്ബോൾ താരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലെ ചർച്ചാ വിഷയം.ഭക്ഷണ വിതരണക്കാരിയായി മാറിയ ഈ മുൻ ഇന്ത്യൻ ഫുട്ബോൾ കളിക്കാരിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി മാറിയതോടെ നിരവധി ആളുകളാണ് താരത്തെക്കുറിച്ച് അന്വേഷിക്കുകയും അവരുടെ ഫുട്ബോൾ കരിയർ തുടരാൻ സഹായ വാഗ്ദാനവുമായി രംഗത്തെത്തുകയും ചെയ്തത്.
കായികരംഗത്ത് കരിയർ തുടരുക എന്നത് ഇന്ത്യയിൽ ഇപ്പോഴും ഒരു വെല്ലുവിളിയാണ്. നിലവാരമുള്ള പരിശീലനം ലഭിക്കാനും ആ മേഖലയിൽ തുടരാനും പലർക്കും കഴിയുന്നില്ല. ചില സമയങ്ങളിൽ മറ്റ് ചില വ്യക്തിപരമായ കാരണങ്ങളാൽ അവർക്ക് സ്പോർട്സ് വിട്ട് പോകേണ്ടി വന്നേക്കാം. എന്നാൽ പിന്നീടവർ എന്താണ് ചെയ്യുന്നത് എന്നതിന്റെ ഒരുത്തരമാണ് ഇപ്പോൾ വൈറലായ ഈ വീഡിയോ. ഉപജീവനത്തിനായി ഫുഡ് ഡെലിവറി ഏജന്റായാണ് ഈ വനിതാ താരം ജോലി ചെയ്യുന്നത്.
സൻജുക്ത ചൗദ് എന്ന ട്വിറ്റർ ഉപയോക്താവ് പങ്കിട്ട ഒരു വീഡിയോ ആണ് പൊലാമി അധികാരി എന്ന കായികതാരത്തിന്റെ ഇന്നത്തെ കഥ പറയുന്നത്. പശ്ചിമ ബംഗാളിൽ നിന്നുള്ള പൊലാമി അധികാരി അണ്ടർ 16 ലെവലിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു കളിച്ചിരുന്നു. ഇപ്പോൾ, യുവതി സൊമാറ്റോയുടെ ഫുഡ് ഡെലിവറി ഏജന്റായാണ് ജോലി ചെയ്യുന്നത്. പ്രതിദിനം 300-400 രൂപ വരെയാണ് പൊലാമി സമ്പാദിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് താൻ യുകെ, ജർമ്മനി, ശ്രീലങ്ക എന്നിവിടങ്ങളിൽ കളിച്ചിട്ടുണ്ടെന്ന് വീഡിയോയിൽ പൊലാമി പറയുന്നു. പൊലാമിയുടെ അമ്മ അവൾ ചെറിയ കുട്ടി ആയിരിക്കുമ്പോൾ തന്നെ മരണപെട്ടതാണ്. യുവതി ഒറ്റയ്ക്കാണ് കുടുംബം പുലർത്തുന്നത്. വിവാഹിതയായ ഒരു മൂത്ത സഹോദരിയുണ്ട്. നിലവിൽ ചാരുചന്ദ്ര സർവകലാശാലയിലെ വിദ്യാർത്ഥിനി കൂടിയാണ് പൊലാമി.
Also read–ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീജല ആഡംബര ക്രൂസ്; ഗംഗാ വിലാസിനെക്കുറിച്ചറിയാം
ജനുവരി 10 നാണ് ഈ വീഡിയോ പുറത്ത് വന്നത്. വീഡിയോ ഇതുവരെ 46,000ത്തോളം പേർ കണ്ടു. നിരവധി പേരാണ് വീഡിയോയോട് പ്രതികരിച്ചത്.
ചില പ്രതികരണങ്ങൾ നോക്കാം:
“ഈ വാർത്ത പുറത്ത് കൊണ്ടുവന്നതിന് നന്ദി. ഇത്തരം കായികതാരങ്ങളുടെ ദുരവസ്ഥ ദേശീയ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം” എന്നാണ് ഒരു ട്വിറ്റർ ഉപയോക്താവ് കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്.
“ഇത് വളരെ സങ്കടകരമാണ്! ക്രിക്കറ്റ് അല്ലാത്ത മറ്റ് നിരവധി കായിക ഇനങ്ങളിൽ ഇത് കണ്ടിട്ടുണ്ട്. ബോക്സിംഗിൽ നിന്ന് ഹോക്കിയിലേക്കും ഇപ്പോൾ ഫുട്ബോളിലേക്കും.” എന്നാണ് മറ്റൊരാളുടെ കമന്റ്.
“ഇവരെ മാന്യമായും ബഹുമാനത്തോടെയും പരിഗണിക്കുകയും ജോലി നൽകുകയും വേണം!” മറ്റൊരാൾ പറഞ്ഞു.
ക്രിക്കറ്റ് ഒഴികെയുള്ള കായിക ഇനങ്ങളോടുള്ള സമീപനത്തിൽ സമൂലമായ മാറ്റം ഇനിയും വരേണ്ടതുണ്ട് എന്നാണ് പൊലാമിയെ പോലുള്ളവർ രാജ്യത്തെ ഓർമ്മിപ്പിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.