• HOME
 • »
 • NEWS
 • »
 • buzz
 • »
 • മുൻ ദേശീയ ബോക്സിങ് താരം ഉപജീവനത്തിനായി ഓട്ടോ ഓടിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു

മുൻ ദേശീയ ബോക്സിങ് താരം ഉപജീവനത്തിനായി ഓട്ടോ ഓടിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു

ജീവിതത്തിലെ സാഹചര്യങ്ങളും സാമ്പത്തികമായ  ബുദ്ധിമുട്ടുകളും കാരണം അദ്ദേഹത്തിന് കായിക മേഖലയിൽ തുടരാൻ കഴിഞ്ഞില്ല

ആബിദ് ഖാൻ

ആബിദ് ഖാൻ

 • Share this:
  ദേശീയതലത്തിൽ ബോക്സറും പരിശീലകനുമായിരുന്ന വ്യക്തി ഇപ്പോൾ ഉപജീവനത്തിനായി ഓട്ടോ ഓടിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. ഇന്ത്യയിൽ കായികതാരങ്ങൾക്ക് നേരിടേണ്ടി വരുന്ന ദുരവസ്ഥയുടെ ഉദാഹരണമാണ് ആബിദ് ഖാൻ എന്ന ഈ ബോക്സറുടെ ജീവിതം. യൂട്യൂബ് ചാനലായ സ്പോർട്സ് ഗാവോൺ ആണ് ആബിദ് ഖാന്റെ ജീവിതം ചിത്രീകരിച്ചുകൊണ്ടുള്ള 17 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പങ്കുവെച്ചത്.

  ഉത്തരേന്ത്യയിലെ ബോക്സിങ് ചാമ്പ്യനായിരുന്ന ആബിദ് ഖാൻ പ്രൊഫഷണൽ പരിശീലനം ലഭിച്ച കളിക്കാരനായിരുന്നു. ഒപ്പം ആർമിയുടെ ബോക്സിങ് ടീമുകളിൽ അഞ്ച് വർഷക്കാലം പരിശീലകനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1988-89 കാലഘട്ടത്തിൽ പട്യാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിലെ വിദ്യാർത്ഥിയായിരുന്ന ആബിദ് ഖാൻ പഞ്ചാബ് സർവ്വകലാശാലയെ പ്രതിനിധീകരിച്ച് മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

  ജീവിതത്തിലെ സാഹചര്യങ്ങളും സാമ്പത്തികമായ  ബുദ്ധിമുട്ടുകളും കാരണം അദ്ദേഹത്തിന് കായിക മേഖലയിൽ തന്റെ ഔദ്യോഗിക ജീവിതം തുടരാൻ കഴിഞ്ഞില്ല. ഉപജീവനത്തിനായി ഓട്ടോ ഓടിക്കാനും മാർക്കറ്റിൽ ധാന്യ ചാക്കുകൾ ചുമക്കാനും തുടങ്ങിയ ആബിദ് ഖാൻ കായികരംഗത്തെ അനുഭവപരിചയം ഉണ്ടായിട്ടും മാന്യമായ ഒരു ജോലി കണ്ടെത്താനായി അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് വീഡിയോയിൽ തുറന്ന് സംസാരിക്കുന്നു.

  ഒരു ദേശീയ ബോക്‌സർ ആയിരുന്നെങ്കിലും തന്റെ പരിതസ്ഥിതി ഒരു പാഠമായി ഉൾക്കൊണ്ട് രണ്ട് മക്കളെയും കായികരംഗത്ത് പ്രവർത്തിക്കുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുകയാണ് അദ്ദേഹം. വളരെ സാധാരണമായ കുടുംബ പശ്ചാത്തലത്തിൽ നിന്ന് വരുന്ന ആബിദ് ഖാൻ ബോക്സിങ് പരിശീലകസ്ഥാനത്തേക്ക് മടങ്ങി വരണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും സാമ്പത്തികമായ പരാധീനതകൾ അതിന് പ്രതിബന്ധമായി നിൽക്കുന്നു.

  വീഡിയോ ഓൺലൈനിൽ വന്നതിനുശേഷം നിരവധി ആളുകളാണ് പ്രതികരണവുമായി എത്തുന്നത്. ചിലർ ഒരു ദേശീയ ബോക്സറെ ഈ സാഹചര്യത്തിൽ കാണേണ്ടി വരുന്നതിലെ നിരാശ പങ്കുവച്ചപ്പോൾ മറ്റു ചിലർ ആബിദ് ഖാന് സഹായ വാഗ്ദാനങ്ങളുമായി എത്തുന്നു. ബോളിവുഡ് താരം ഫർഹാൻ അക്തറും ഈ വീഡിയോ കണ്ട് പ്രതികരണവുമായി എത്തിയിരുന്നു.  "ഹൃദയഭേദകമായ കാഴ്ചയാണ് ഇത്. എങ്കിലും പൂർത്തീകരിക്കപ്പെടാത്ത തന്റെ സ്വപ്നങ്ങളെ ഈ കായികതാരം നേരിട്ട രീതി തീർച്ചയായും നമ്മളെ പ്രചോദിപ്പിക്കുന്ന ഒന്നാണ്," ഫർഹാൻ ട്വിറ്ററിൽ കുറിച്ചു. ആബിദ് ഖാനെ ബന്ധപ്പെടാനായി കോൺടാക്ട് സംബന്ധിച്ച വിവരങ്ങൾ നൽകാമോ എന്നും താരം ചോദിക്കുന്നു.

  ട്വിറ്ററിൽ ആദ്യം ഈ വീഡിയോ പങ്കുവെച്ച സ്പോർട്സ് ജേർണലിസ്റ്റായ സൗരഭ് ദുഗ്ഗൺ, ആബിദ് ഖാൻ സാമ്പത്തികമായ സഹായം സ്വീകരിക്കാൻ തയ്യാറല്ലെന്ന് മറ്റൊരു ട്വീറ്റിലൂടെ അറിയിച്ചു. എങ്ങനെയെങ്കിലും കോച്ചിങ്ങിലേക്ക് മടങ്ങിപ്പോകാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും സൗരഭ് കൂട്ടിച്ചേർത്തു.

  രാജ്യത്തിന് അഭിമാനമായി കഴിയേണ്ട കായികതാരങ്ങൾക്ക് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്താൻ ഗവണ്മെന്റും ബന്ധപ്പെട്ട അധികാരികളും ശ്രദ്ധിക്കണമെന്ന വികാരമാണ് പൊതുവെ ആളുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്. അതിനായി നിയമ പരിഷ്കരണങ്ങളും നയങ്ങളും ഉണ്ടാകണമെന്നും അവർ ആവശ്യപ്പെടുന്നു.

  Keywords: Boxer, Boxing Coach, Abid Khan, Boxing Champion, Sports, Viral Videoബോക്‌സർ, ബോക്സിങ് പരിശീലകൻ, ആബിദ് ഖാൻ, ബോക്സിങ് ചാമ്പ്യൻ, കായികം, വൈറൽ വീഡിയോ 
  Published by:user_57
  First published: